ന്യൂഡല്‍ഹി: കറന്‍സി നോട്ടുകളില്‍ ഹിന്ദു ദൈവങ്ങളായ ലക്ഷ്മിയുടേയും ഗണപതിയുടേയും ചിത്രങ്ങള്‍ ചേര്‍ക്കണമെന്ന ആവശ്യവുമായി ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കേജ്രിവാള്‍. മഹാത്മഗാന്ധിയുടെ ഒപ്പം ദൈവങ്ങളുടെ ചിത്രം ചേര്‍ത്താല്‍ ഐശ്വര്യം വരുമെന്നാണ് കേജ്രിവാളിന്റെ വാദം.
കറന്‍സി നോട്ടുകള്‍ മാറ്റണമെന്നല്ല താന്‍ പറയുന്നതെന്നും, പുതിയ നോട്ടുകളില്‍ ലക്ഷ്മിയുടേയും ഗണപതിയുടേയും ചിത്രങ്ങള്‍ ചേര്‍ക്കണമെന്നാണ് അഭ്യര്‍ത്ഥിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
മുസ്ലിങ്ങള്‍ കൂടുതലുള്ള രാജ്യമാണ് ഇന്തോനേഷ്യ. രണ്ട്, മൂന്ന് ശതമാനം മാത്രമാണ് ഹിന്ദുക്കളുള്ളത്. അവരുടെ കറന്‍സിയില്‍ ഗണപതിയുടെ ചിത്രമുണ്ട്. അവര്‍ക്ക് ചെയ്യാമെങ്കില്‍ എന്തുകൊണ്ട് നമുക്കും ചെയ്തുകൂട, ഡല്‍ഹി മുഖ്യമന്ത്രി ചോദിച്ചു.
ഇത് സംബന്ധിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് കത്തയക്കുമെന്നും അദ്ദേഹം പറഞ്ഞു.
“പരിശ്രമങ്ങള്‍ നടത്തിയിട്ടും, ദേവന്മാരും ദേവന്മാരും നമ്മെ അനുഗ്രഹിക്കുന്നില്ലെങ്കിൽ ചിലപ്പോൾ നമ്മുടെ പരിശ്രമം വിജയിക്കില്ല. നമ്മുടെ കറൻസിയിൽ ഗണപതിയുടെയും ലക്ഷ്മി ദേവിയുടെയും ചിത്രങ്ങൾ വേണമെന്ന് ഞാൻ പ്രധാനമന്ത്രിയോട് അഭ്യർത്ഥിക്കുന്നു,” കേജ്രിവാളിനെ ഉദ്ധരിച്ചുകൊണ്ട് പിടിഐ റിപ്പോര്‍ട്ട് ചെയ്തു.