ന്യൂഡൽഹി: കേന്ദ്രമന്ത്രി അരുൺ ജെയ്‌റ്റ്‌ലിയോട് ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കേജ്‌രിവാൾ മാപ്പു പറഞ്ഞു. തനിക്കെതിരെ ജെയ്‌റ്റ്‌ലി ഫയൽ ചെയ്ത മാനനഷ്ടക്കേസിലാണ് മാപ്പ് പറഞ്ഞത്. കേജ്‌രിവാളിനെ കൂടാതെ ആം ആദ്മി പാർട്ടി നേതാക്കളായ സഞ്ജയ് സിങ്, രാഘവ് ഛദ്ദ, അഷുതോഷ് എന്നിവരും സംയുക്ത പ്രസ്താവനയിലൂടെ ജെയ്‌റ്റ്‌ലിയോട് മാപ്പു ചോദിച്ചു. എഎപി നേതാക്കളുടെ മാപ്പ് സ്വീകരിച്ച ജെയ്‌റ്റ്‌ലി കേസ് പിൻവലിക്കാനും തീരുമാനിച്ചു.

ക്രിമിനൽ അഭിഭാഷകൻ റാം ജഠ്മലാനിയുടെ പേരിലും കേജ്‌രിവാൾ മാപ്പു പറഞ്ഞു. കേസിൽ കേജ്‌രിവാളിനുവേണ്ടി കോടതിയിൽ ഹാജരായത് ജഠ്മലാനിയാണ്. വാദത്തിനിടെ കോടതിമുറിയിൽ ജഠ്മലാനിയുടെ പരാമർശങ്ങൾ ഏറെ വിവാദമായിരുന്നു.

ഡൽഹി ക്രിക്കറ്റ് അസോസിയേഷനുമായി ബന്ധപ്പെട്ടാണ് കേജ്‌രിവാൾ കേന്ദ്രമന്ത്രി ജെയ്റ്റ്‌ലിക്കെതിരെ ആരോപണം ഉന്നയിച്ചത്. ജെയ്‌റ്റ്‌ലി ഡൽഹി ക്രിക്കറ്റ് അസോസിയേഷന്‍ ചെയര്‍മാന്‍ ആയിരുന്ന സമയത്ത് അഴിമതി നടന്നുവെന്നായിരുന്നു കേജ്‌രിവാളിന്റെയും എഎപി നേതാക്കളുടെയും ആരോപണം. ഇതിനെതിരെയാണ് കേജ്‌രിവാൾ അടക്കമുളള എഎപി നേതാക്കൾക്കെതിരെ അരുണ്‍ ജെയ്റ്റ്‌ലി മാനനഷ്ട കേസ് നൽകിയത്. പത്ത് കോടി രൂപയാണ് മാനനഷ്ടമായി ജെയ്റ്റ്‌ലി ആവശ്യപ്പെട്ടത്.

നേരത്തെ ബിജെപി നേതാവും കേന്ദ്രമന്ത്രിയുമായ നിതിൻ ഗഡ്കരി, കോൺഗ്രസ് നേതാവ് കപിൽ സിബൽ, മകൻ അമിത് സിബൽ, പഞ്ചാബിലെ മുൻമന്ത്രിയും അകാലിദൾ നേതാവുമായ ബിക്രം സിങ് മജീതിയ എന്നിവരോടും കേജ്‌രിവാൾ മാപ്പു പറഞ്ഞിരുന്നു. ഇവർക്കുമേൽ അടിസ്ഥാനരഹിതമായ ആരോപണങ്ങൾ ഉന്നയിച്ചതിന്റെ പേരിലാണ് കേജ്‌രിവാൾ മാപ്പു പറഞ്ഞത്. മുപ്പതിലേറെ മാനനഷ്ടക്കേസുകളാണു കേജ്‍രിവാളിനും ആംആദ്മി നേതാക്കൾക്കുമെതിരെ നിലനിൽക്കുന്നത്.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ