ന്യൂഡൽഹി: ലഫ്.ഗവർണർ അനിൽ ബൈജലിന്റെ ഓഫിസിലെ കാത്തിരിപ്പുമുറിയിൽ കേജ്‍രിവാളും സഹമന്ത്രിമാരും നടത്തുന്ന സമരം തുടരുന്നു. ഈ ചെറിയ മുറിയിലിരുന്നാണ് മുഖ്യമന്ത്രിയും മറ്റു മന്ത്രിമാരും സർക്കാർ ഫയലുകൾ നോക്കുന്നത്. മുറിയിലെ സോഫയിലും കസേരയിലും കിടന്നാണ് മന്ത്രിമാരുടെ ഉറക്കം.

ഏതാനും ചിലർക്ക് മാത്രമാണ് കേജ്‌രിവാളിനെയും മറ്റു മന്ത്രിമാരെയും കാണാൻ അനുവാദമുളളത്. സ്റ്റാഫുകളുടെ ചെറിയൊരു സംഘം ഗവർണറുടെ ഓഫിസായ രാജ് നിവാസിനു മുന്നിലുണ്ട്. ഇവർ മെസേജുകൾ വഴിയാണ് ആശയവിനിമയം നടത്തുന്നത്. ഭക്ഷണം, ടൂബ്രഷ്, ഉറങ്ങാനുളള മാട്രസ് അടക്കമുളള കാര്യങ്ങൾ സന്ദേശത്തിലൂടെയാണ് മന്ത്രിമാർ ഇവരെ അറിയിക്കുന്നത്.

ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കേജ്‌രിവാൾ, ഉപമുഖ്യമന്ത്രി മനീഷ് സിസോദിയ, മന്ത്രിമാരായ സത്യേന്ദർ ജെയിൻ, ഗോപാൽ റായ് എന്നിവരുൾപ്പെട്ട സംഘമാണു രാജ് നിവാസിൽ ധർണ നടത്തുന്നത്. നാലു മാസമായി സിവിൽ സർവീസ് ഉദ്യോഗസ്ഥർ തുടരുന്ന നിസ്സഹകരണ സമരം അവസാനിപ്പിക്കാൻ നടപടിയെടുക്കുക, സമരം നടത്തുന്ന ഉദ്യോഗസ്ഥർക്കെതിരെ നടപടി സ്വീകരിക്കുക, വീട്ടുപടിക്കൽ റേഷൻ എത്തിക്കാനുള്ള പദ്ധതിക്ക് അനുമതി നൽകുക എന്നീ ആവശ്യങ്ങളാണ് കേജ്‍രിവാളും സംഘവും ഉന്നയിച്ചത്. എന്നാൽ ആവശ്യങ്ങൾ അംഗീകരിക്കാൻ ഗവർണർ തയ്യാറായില്ല. തുടർന്നാണ് സംഘം ലഫ്. ഗവർണറുടെ ഓഫിസായ രാജ് നിവാസിൽ തിങ്കളാഴ്‌ച വൈകിട്ട് ആറുമണിയോടെ ധർണ ആരംഭിച്ചത്.

സമരം തുടരുമ്പോഴും ഗവർണർ ഇതുവരെ കേജ്‌രിവാളിനെയും സംഘത്തെയും കാണാൻ തയ്യാറായിട്ടില്ല. അതിനിടെ, കേജ്‌രിവാൾ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് കത്തയച്ചു. ഐഎഎസ് ഓഫിസർമാരുടെ സമരത്തിൽ ഇടപെടണമെന്ന് പലതവണ ആവശ്യപ്പെട്ടിട്ടും ഗവർണർ തയ്യാറായില്ലെന്ന് കേജ്‌രിവാൾ കത്തിൽ കുറ്റപ്പെടുത്തി. ഓഫിസർമാരുടെ സമരം കാരണം വികസന പദ്ധതികൾ തടസ്സപ്പെട്ടിരിക്കുകയാണ്. പ്രധാനമന്ത്രിക്കും ഗവർണർക്കും മാത്രമേ ഉദ്യോഗസ്ഥരുടെ സമരം അവസാനിപ്പിക്കാൻ കഴിയൂ. എത്രയും പെട്ടെന്ന് പ്രശ്‌ന പരിഹാരത്തിന് മുൻകൈ എടുക്കണമെന്നും കേജ്‌രിവാൾ കത്തിൽ എഴുതിയിട്ടുണ്ട്.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ