ന്യൂഡൽഹി: ആം ആദ്മി പാർട്ടിയുമായി കോൺഗ്രസ് സഖ്യത്തിനില്ലെന്ന് ഏറെക്കുറെ വ്യക്തമായെന്ന് ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കേജ്‌രിവാൾ. ഡൽഹിയിൽ പ്രതിപക്ഷ പാർട്ടി നേതാക്കളുമായുളള കൂടിക്കാഴ്ച നടന്ന് ഒരു ദിവസം പിന്നിടുമ്പോഴാണ് കേജ്‌രിവാളിന്റെ പ്രതികരണം.

”രാജ്യം വലിയ വെല്ലുവിളി നേരിടുകയാണ്. ഡൽഹിയിൽ രണ്ടു പാർട്ടികളിലെ സ്ഥാനാർത്ഥികൾ ബിജെപിക്കെതിരെ മത്സരിക്കുന്നത് ബിജെപിക്ക് ഗുണം ചെയ്യുകയേ ഉളളൂ. ഉത്തർപ്രദേശിലും അതുപോലെയാണ്. രാജ്യത്തിന്റെ ഭാവിയെക്കുറിച്ച് നമ്മൾ ആശങ്കപ്പെടേണ്ടതുണ്ട്. എഎപിയുമായി സഖ്യത്തിന് കോൺഗ്രസിന് താൽപര്യമില്ലെന്ന് ഏറെക്കുറെ വ്യക്തമായിട്ടുണ്ട്,” കേജ്‌രിവാൾ പറഞ്ഞു.

വരുന്ന ലോക്‌സഭ തിരഞ്ഞെടുപ്പിനെ നേരിടുന്നതിന് ആരൊക്കെയായി സഖ്യമാകാം എന്നതിനെക്കുറിച്ച് ചർച്ച ചെയ്യാനാണ് ബുധനാഴ്ച എൻസിപി അധ്യക്ഷൻ ശരത് പവാറിന്റെ ഡൽഹിയിലെ വസതിയിൽ യോഗം ചേർന്നത്. രാഹുൽ ഗാന്ധി (കോൺഗ്രസ്), മമത ബാനർജി (ടിഎംസി), എൻ.ചന്ദ്രബാബു നായിഡു (ടിഡിപി), ശരത് പവാർ (എൻസിപി), അരവിന്ദ് കേജ്‌രിവാൾ (എഎപി), ഫറൂഖ് അബ്ദുളള (നാഷണൽ കോൺഫറൻസ്) തുടങ്ങി ആറു പ്രതിപക്ഷ പാർട്ടിയിലെ നേതാക്കളാണ് യോഗത്തിൽ പങ്കെടുത്തത്.

വരുന്ന ലോക്സഭ തിരഞ്ഞെടുപ്പിൽ ബിജെപിയെ നേരിടാൻ പ്രതിപക്ഷ സഖ്യം രൂപീകരിക്കുന്നതിനെക്കുറിച്ച് ചർച്ച ചെയ്തതായി യോഗത്തിനുശേഷം മമത ബാനർജി മാധ്യമപ്രവർത്തകരോട് പറഞ്ഞിരുന്നു.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook