ന്യൂഡല്‍ഹി: ഡല്‍ഹി സര്‍ക്കാരിനെ വീഴ്ത്താന്‍ ബി ജെ പി 800 കോടി രൂപ നീക്കിവച്ചെന്നു മുഖ്യമന്ത്രിയും ആം ആദ്മി പാര്‍ട്ടി (എ എ പി) കണ്‍വീനറുമായ അരവിന്ദ് കേജ്രിവാളിന്റെ ആരോപണം. ഓരോരുത്തര്‍ക്കും 20 കോടി വീതം നല്കി 40 എം എല്‍ എമാരെ വാങ്ങാനാണു ലക്ഷ്യമിട്ടതെന്നും അദ്ദേഹം പറഞ്ഞു.
70 അംഗ ഡല്‍ഹി നിയമസഭയില്‍ എ എപി ക്ക് 62 എം എല്‍ എമാരാണുള്ളത്. ബി ജെ പിക്ക് എട്ടും.
”ഡല്‍ഹി സര്‍ക്കാരിനെ താഴെയിറക്കാന്‍ അവര്‍ 800 കോടി രൂപ കരുതി വച്ചിട്ടുണ്ട്. ഒരു എം എല്‍ എയ്ക്ക് 20 കോടി രൂപ,” കേജ്രിവാള് ട്വിറ്ററില്‍ കുറിച്ചു. ”രാജ്യം അറിയാന്‍ ആഗ്രഹിക്കുന്നു, രാജ്യം അറിയാന്‍ ആഗ്രഹിക്കുന്നു, അത് ആരുടെ പണമാണ്, എവിടെയാണ് സൂക്ഷിച്ചിരിക്കുന്നത്? ഞങ്ങളുടെ എം എല്‍ എമാരാരും വീഴില്ല. സര്‍ക്കാര്‍ സുസ്ഥിരമാണ്. ഡല്‍ഹിയിലെ നല്ല പ്രവര്‍ത്തനം തുടരും,” അദ്ദേഹം ട്വീറ്റില്‍ പറഞ്ഞു.
സര്‍ക്കാരിനെ അട്ടിമറിക്കാനുള്ള ബി ജെ പിയുടെ ശ്രമങ്ങളെ ചെറുക്കാനുള്ള തന്ത്രം രൂപപ്പെടുത്തുന്നതിനായി എ എ പിയുടെ എം എല്‍ എമാര്‍ ഇന്നു രാവിലെ കേജ്രിവാളിന്റെ വസതിയില്‍ യോഗം ചേര്‍ന്നിരുന്നു. തുടര്‍ന്ന്, മഹാത്മാഗാന്ധി സ്മാരകമായ രാജ്ഘട്ട് സന്ദര്‍ശിച്ച എ എ പി നതാക്കള്‍ ബി ജെ പിയുടെ ഓപ്പറേഷന് ലോട്ടസിന്റെ പരാജയത്തിനായി പ്രാര്‍ത്ഥിച്ചു.
ഉപമുഖ്യമന്ത്രി മനീഷ് സിസോദിയയുടെ വസതിയില്‍ ഈ ആഴ്ച ആദ്യം സി ബി ഐ നടത്തിയ റെയ്ഡില്‍ ഒന്നും കണ്ടെത്താനായില്ലെന്നു കേജ്രിവാള് രാജ്ഘട്ടില്‍ പറഞ്ഞു. ”മനീഷ് സിസോദിയയുടെ വസതിയിലെ മെത്തകളും ഭിത്തികളും പോലും സി ബി ഐ പരിശോധിച്ചെങ്കിലും കണക്കില്‍പ്പെടാത്ത ഒരു പൈസ പോലും കണ്ടെത്തിയില്ല. സി ബി ഐ റെയ്ഡ് നടന്ന ഒരു ദിവസം കഴിഞ്ഞപ്പോള്‍, കേജ്രിവാളിനെ ഒറ്റിക്കൊടുക്കുന്നതിനു മുഖ്യമന്ത്രി സ്ഥാനം വാഗ്ദാനം ചെയ്ത് സിസോദിയയെ ബി ജെ പി സമീപിച്ചു. മുഖ്യമന്ത്രി സ്ഥാനത്തോട് അത്യാഗ്രഹമില്ലാത്ത സിസോദിയയെ ലഭിച്ചത് എന്റെ ഭാഗ്യമാണ്,” കേജ്രിവാള് മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.
ഡല്‍ഹി സര്‍ക്കാരിന് അപകടമൊന്നുമില്ലെന്നും എല്ലാ എം എല്‍ എമാരും പാര്‍ട്ടിയോടും ജനങ്ങളോടുമുള്ള പ്രതിബദ്ധത ആവര്‍ത്തിച്ച് ഉറപ്പിച്ചിട്ടുണ്ടെന്നും എ എ പി ദേശീയ വക്താവ് സൗരഭ് ഭരദ്വാജ് പറഞ്ഞു.
അതേസമയം, എ എ പി രാജ്ഘട്ട് മലിനമാക്കുകയാണെന്നു ബി ജെ പിയുടെ എം പി പര്‍വേഷ് വര്‍മ ആരോപിച്ചു. ‘ഞങ്ങളുടെ പ്രവര്‍ത്തകര്‍ ഗംഗാജലും ഉപയോഗിച്ച് ശുദ്ധമാക്കണം’ എന്നും അദ്ദേഹം പറഞ്ഞു. തങ്ങളുടെ എം എല്‍ എമാരെ വിലയ്ക്കുവാങ്ങാന്‍ ശ്രമിക്കുകയാണെന്ന എ എ പിയുടെ ആരോപണത്തെക്കുറിച്ച് പ്രതികരിക്കാന്‍ വര്‍മ വിസമ്മതിച്ചു.