ന്യൂഡല്‍ഹി : മനുഷ്യാവകാശ പ്രവര്‍ത്തകരെയും ആക്റ്റിവിസ്റ്റുകളെയും അറസ്റ്റ് ചെയ്ത സംഭവം അടിയന്തരാവസ്ഥയോട് അടുത്ത് നില്‍ക്കുന്നത് എന്ന് എഴുത്തുകാരിയും ആക്റ്റിവിസ്റ്റുമായ അരുന്ധതി റോയി. മഹാരാഷ്ട്രയിലെ ഭീമാ കൊറേഗാവ് സംഭവുമായി ബന്ധപ്പെട്ട് രാജ്യത്തൊട്ടാകെയുള്ള ആക്റ്റിവിസ്റ്റുകളുടെയും മനുഷ്യാവകാശ പ്രവര്‍ത്തകരുടേയും വീടുകളില്‍ പരക്കെ നടന്ന പൊലീസ് റെയിഡിന്റെയും അറസ്റ്റിന്റെയും പശ്ചാത്തലത്തില്‍ പ്രതികരിക്കുകയായിരുന്നു ബൂകര്‍ പ്രൈസ് ജേതാവായ എഴുത്തുകാരി.

റെയിഡിന് പിന്നാലെ എഴുത്തുകാരനും ആക്റ്റിവിസ്റ്റുമായ വരവര റാവുവിനെയും ഗൗതം നവ്‌ലാഖയേയും പൊലീസ് അറസ്റ്റ് ചെയ്തു. ഭീമാ കൊറെഗാവിന്റെ നൂറാം വാര്‍ഷികാഘോഷങ്ങളുടെ ഭാഗമായി 2017 ഡിസംബര്‍ 31ന് നടന്ന എല്‍ഗാര്‍ പരിഷത്ത് എന്ന പരിപാടിയില്‍ മാവോയിസ്റ്റ് സാന്നിധ്യം ഉണ്ടായിരുന്നു എന്ന് ആരോപിച്ചാണ് റെയിഡും അറസ്റ്റും.

ചൊവ്വാഴ്ച രാവിലെയോടെയാണ് ഒരേ സമയം പലയിടങ്ങളിലായി ആക്റ്റിവിസ്റ്റുകളുടെ വീട്ടില്‍ പൊലീസ് റെയിഡ് നടത്തുന്നത്. ഡല്‍ഹിയിലെ ആക്റ്റിവിസ്റ്റും മാധ്യമപ്രവര്‍ത്തകനുമായ ഗൗതം നവ്‌ലാഖ, ഹൈദരാബാദിലുള്ള എഴുത്തുകാരനും ആക്റ്റിവിസ്റ്റുമായ വരവര റാവു, വരവരവര റാവുവിന്റെ മകള്‍ അനല, ഭര്‍ത്താവും മാധ്യമ പ്രവര്‍ത്തകനുമായ കെവി കൂര്‍മനാഥ്, മുംബൈയില്‍ ആക്റ്റിവിസ്റ്റുകളായ വെര്‍ണോണ്‍ ഗോണ്‍സാല്‍വസ്, അരുണ്‍ ഫെരേര, മനുഷ്യാവകാശ പ്രവര്‍ത്തകനും അഭിഭാഷകനുമായ സുധാ ഭരദ്വജ്, റാഞ്ചിയിലെ ഫാദര്‍ സ്റ്റാന്‍ സ്വാമി, ദലിത് ചിന്തകനും എഴുത്തുകാരനുമായ ആനന്ദ് തെല്‍തുമ്പടെ എന്നിവരുടെ വീടുകളിലാണ് ഒരേസമയം പൊലീസ് റെയിഡ് നടന്നത്.

ഭീമാ കൊറേഗാവ് സംഭവം : ആക്റ്റിവിസ്റ്റുകളുടെയും മനുഷ്യാവകാശ പ്രവര്‍ത്തകരുടേയും വീടുകളില്‍ റെയിഡ്, വരവരറാവുവിനെ അറസ്റ്റ് ചെയ്തു

ഹിന്ദു വര്‍ഗീയതയ്ക്ക് എതിരെ സംസാരിക്കുന്ന ആരെയും ക്രിമിനലാക്കുന്ന സ്ഥിതിവിശേഷമാണ് രാജ്യത്തുള്ളത് എന്ന് അരുന്ധതി റോയി പറഞ്ഞു. ” ആള്‍കൂട്ട കൊലപാതകത്തില്‍ പങ്കുള്ളവരുടെയോ പട്ടാപകല്‍ കൊലപാതകം നടത്തിയവരുടെയോ അല്ല പകരം. അഭിഭാഷകര്‍ എഴുത്തുകാര്‍ കവികള്‍, ദലിത് ആക്റ്റിവിസ്റ്റുകള്‍, ബുദ്ധിജീവികള്‍ എന്നിവരുടെയൊക്കെ വീടുകളിലാണ് റെയിഡ് നടക്കുന്നത്. ഇന്ത്യ എങ്ങോട്ടാണ് പോവുന്നത് എന്നതിന്റെ വ്യക്തമായ സൂചനയാണിത്‌. ” അരുന്ധതി റോയി പറഞ്ഞതായി സ്ക്രോള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

നേരത്തെ ഭിമാ കൊറേഗാവ് കേസില്‍ മലയാളി ഉള്‍പ്പെടെ അഞ്ചുപേരെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. റോണാ വിൽസൺ, സുധീർ ധാവ്‌ലെ, സുരേന്ദ്ര ഗാഡ്‌ലിങ്, ഷോമാ സെൻ, മഹേഷ് റൗട്ട് എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. പത്രാധിപർ, അഭിഭാഷകൻ, പ്രൊഫസർ, മനുഷ്യാവകാശ പ്രവർത്തകർ തുടങ്ങി അഞ്ച് പേരെയാണ് അറസ്റ്റ് ചെയ്തത്. ഇവർക്ക് മാവോയിസ്റ്റ് ബന്ധമുണ്ടെന്നാണ് പൊലീസിന്റെ ആരോപണം. ‘അർബൻ മാവോയിസ്റ്റ് ഓപ്പറേറ്റീവ്സ്’ എന്നാണ് പൊലീസ് ഇവരെ കുറിച്ച് ആരോപിക്കുന്നത്.

അറസ്റ്റിലായവര്‍ രാജീവ് ഗാന്ധി വധത്തിന് സമാനമായ രീതിയില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ വധിക്കാന്‍ ആസൂത്രണം ചെയ്തവരാണ് എന്നാണ് പൂനെ പൊലീസ് കോടതിയില്‍ നല്‍കിയ വിശദീകരണം. കൊറോഗാവ് യുദ്ധത്തിന്റെ ഇരുന്നാറാം വാർഷിക ആഘോഷങ്ങളുമായി ബന്ധപ്പെട്ട് നടന്ന പരിപാടിയില്‍ വ്യാപക ആക്രമണം അരങ്ങേറിയിരുന്നു. പേഷ്വാമാരോട് ഏറ്റുമുട്ടി ദലിതര്‍ നേടിയ വിജയത്തിന്റെ നൂറാം വാര്‍ഷികമാണ് ജനുവരി ഒന്നിന് നടന്നത്. ഭിമാ കൊറെഗാവിന്റെ നൂറാം വാര്‍ഷികമാചരിക്കുന്നവരും ഹിന്ദുത്വ അനുകൂല മാറാട്ട സംഘടനകളും ഏറ്റുമുട്ടുകയായിരുന്നു.

Get Malayalam News and latest news update from India and around the world. Stay updated with today's latest News news in Malayalam at Indian Expresss Malayalam.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ