ലണ്ടന്‍ : ഈ വര്‍ഷത്തെ മാന്‍ ബുക്കര്‍ സമ്മാനത്തിനായുള്ള അവസാന ചുരുക്കപ്പട്ടിക പുറപ്പെടുവിട്ടു. ഒക്ടോബര്‍ പതിനേഴാം തീയ്യതി ലണ്ടനിലെ ഗില്‍ഡ്ഹാളില്‍ പ്രഖ്യാപിക്കുന്ന മാന്‍ബുക്കറിന്‍റെ അവസാന പട്ടികയില്‍ അരുന്ധതി റോയിയില്ല.
പോള്‍ ഓസ്റ്ററിന്‍റെ 4321, എമിലി ഫ്രിഡലണ്ടിന്‍റെ ഹിസ്റ്ററി ഓഫ് വൂള്‍വ്സ്, മൊഹ്സിന്‍ ഹമീദിന്‍റെ എക്സിറ്റ് വെസ്റ്റ്, ഫിയോണ മോസ്ലിയുടെ എല്‍മെറ്റ്, ജോര്‍ജ് സണ്ടേഴ്സിന്‍റെ ലിങ്കണ്‍ ഇന്‍ ദി ബാര്‍ഡോ, അലി സ്മിത്തിന്‍റെ ഓട്ടം (ശരത്കാലം) എന്നിവയാണ് മാന്‍ ബുക്കറിനായുള്ള അവസാന പട്ടികയില്‍ ഇടംപിടിച്ച ആറു നോവലുകള്‍.
അവസാന പട്ടികയില്‍ ഇടംനേടിയ മൂന്നുപേര്‍ സ്ത്രീകളും മൂന്നുപേര്‍ പുരുഷന്മാരുമാണ്. ഒരുപാട് വിഷയങ്ങള്‍ കൈകാര്യം ചെയ്യുന്നതാണ് ഈ ആറു നോവലും എന്നു ബുക്കര്‍ ജഡ്ജിമാര്‍ അഭിപ്രായപ്പെട്ടു. മൂന്നു അമേരിക്കന്‍ എഴുത്തുകാര്‍ ഇടം നേടിയ പട്ടികയില്‍ രണ്ടുപേര്‍ ബ്രിട്ടീഷുകാരും ഒരാള്‍ ബ്രിട്ടീഷ് പൗരനായ പാക്കിസ്ഥാനിയുമാണ്.
ജൂലൈയില്‍ പ്രസിദ്ധീകരിച്ച ബുക്കര്‍ സമ്മാനത്തിനായുള്ള പതിമൂന്നു കൃതികളുടെ പട്ടികയില്‍ ഇന്ത്യന്‍ ഇംഗ്ലീഷ് എഴുത്തുകാരിയായ അരുന്ധതി റോയിയുടെ രണ്ടാം നോവല്‍ ‘ദി മിനിസ്റ്ററി ഓഫ് അറ്റ്‌മോസ്റ്റ് ഹാപിനസ്’ ഇടംപിടിച്ചിരുന്നു.