ന്യൂഡല്‍ഹി: പൗരത്വ ഭേദഗതി നിയമത്തിനെതിരെ പ്രതിഷേധിക്കുന്ന എല്ലാവരും ഒന്നിച്ചുനിന്നാല്‍ രാജ്യത്തെ ജയിലുകള്‍ മതിയാകാതെ വരുമെന്ന് എഴുത്തുകാരി അരുന്ധതി റോയ്.  ഇപ്പോഴത്തെ കേന്ദ്ര സര്‍ക്കാര്‍ തടങ്കല്‍ കേന്ദ്രത്തിലേക്ക് തള്ളപ്പെടുന്ന ഒരു ദിവസം വരും. അന്ന് നമ്മളെല്ലാവരും സ്വാതന്ത്ര്യം അനുഭവിക്കുമെന്നും അവർ പറഞ്ഞു.

പൗരത്വ ഭേദഗതി നിയമത്തിനെതിരെ ജാമിയ മിലിയ സര്‍വകലാശാലയില്‍ നടക്കുന്ന വിദ്യാര്‍ഥി പ്രക്ഷോഭത്തിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് സംസാരിക്കുകയായിരുന്നു അരുന്ധതി റോയ്.

“നമ്മള്‍ എല്ലാവരും ഒന്നിച്ചുനിന്നാല്‍ ഈ രാജ്യത്ത് വേണ്ടത്ര തടങ്കല്‍ പാളയങ്ങള്‍ പോരാതെ വരും. ഇപ്പോഴത്തെ കേന്ദ്ര സര്‍ക്കാര്‍ തടങ്കല്‍ കേന്ദ്രത്തിലേക്ക് തള്ളപ്പെടുന്ന ഒരു ദിവസം വരും. അന്ന് നമ്മളെല്ലാവരും സ്വാതന്ത്ര്യം അനുഭവിക്കും. ഈ പ്രക്ഷോഭങ്ങളിൽ നിന്ന് നമ്മള്‍ പിന്നോട്ടുപോകില്ല,” അവർ പറഞ്ഞു.

പൗരത്വ ഭേദഗതി നിയമത്തിനെതിരെ നേരത്തെയും അരുന്ധതി റോയ് പ്രതികരിച്ചിരുന്നു. പൗരത്വ ഭേദഗതി നിയമം വിവേചനപരവും ഭരണഘടനാ വിരുദ്ധവുമാണെന്ന് പ്രതിഷേധ സമരങ്ങളിൽ പങ്കെടുത്ത് അരുന്ധതി പറഞ്ഞിരുന്നു. പൗരത്വ നിയമം പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട അരുന്ധതി തടങ്കല്‍ പാളയങ്ങളെക്കുറിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞ കാര്യങ്ങള്‍ നുണയാണെന്നും പറഞ്ഞിരുന്നു.

Read Also: നിലപാടില്‍ വിട്ടുവീഴ്‌ചയില്ലാത്ത ആളാണ് ഞാന്‍; മുഖ്യമന്ത്രിക്ക് സംഘപരിവാര്‍ മനസ്: മുല്ലപ്പള്ളി

അതേസമയം, പൗരത്വ ഭേദഗതി നിയമങ്ങള്‍ക്കെതിരായ പ്രതിഷേധങ്ങളെ തള്ളി ആഭ്യന്തരമന്ത്രി അമിത് ഷാ രംഗത്തെത്തി. പ്രശ്നങ്ങൾക്കു കാരണം ‘രാഹുലും കമ്പനിയു’മാണെന്നു ഷാ കുറ്റപ്പെടുത്തി. പ്രതിപക്ഷത്തിന്റെ നുണപ്രചാരണം രാജ്യത്ത് അരക്ഷിതാവസ്ഥ സൃഷ്ടിച്ചിരിക്കുകയാണെന്ന് അമിത് ഷാ പറഞ്ഞു.

പൗരത്വ ഭേദഗതി നിയമം ആരുടെയും പൗരത്വം ഇല്ലാതാക്കാന്‍ അല്ല, പൗരത്വം നല്‍കാനാണ്. പ്രതിപക്ഷത്തിന് മറ്റൊരു കുറ്റവും കണ്ടെത്താന്‍ ഇല്ലാത്തതുകൊണ്ടാണ് പൗരത്വ ഭേദഗതി നിയമത്തിന്റെ പേരില്‍ പ്രതിഷേധം നടത്തുന്നത്. പൗരത്വ ഭേദഗതി നിയമത്തിന്റെ പേരില്‍ പ്രതിപക്ഷം തെറ്റായ വിവരങ്ങളാണ് പ്രചരിപ്പിക്കുന്നത്. പൗരത്വ ഭേദഗതി നിയമത്തെക്കുറിച്ച് ജനങ്ങളെ ബോധ്യപ്പെടുത്താന്‍ ബിജെപി പ്രവര്‍ത്തകര്‍ ഗൃഹസന്ദര്‍ശനം നടത്തണമെന്നും അമിത് ഷാ ആവശ്യപ്പെട്ടു.

അയൽരാജ്യങ്ങളായ പാക്കിസ്ഥാൻ, ബംഗ്ലാദേശിലെയും അഫ്‌ഗാനിസ്ഥാനിലെയും ന്യൂനപക്ഷങ്ങൾക്ക് പൗരത്വം നൽകുന്നതാണ് നിയമം. അല്ലാതെ, ആരുടെയും പൗരത്വം നഷ്‌ടപ്പെടുത്തുന്നതല്ല. ജനങ്ങളെ സത്യം അറിയിക്കാനാണ് ഞങ്ങൾ അധികാരത്തിലിരിക്കുന്നത്. പൗരത്വ നിയമം വഴി ഉണ്ടാകുന്ന ഗുണങ്ങളെക്കുറിച്ച് ബിജെപി പ്രവർത്തകർ ഓരോ വീടുകൾ തോറും കയറിയിറങ്ങി ബോധവത്‌കരണം നൽകണം. ബിജെപിയുടെ പ്രചരണം കഴിയുമ്പോൾ പൗരത്വ നിയമത്തെ കുറിച്ച് രാജ്യത്തെ എല്ലാ ജനങ്ങൾക്കും ബോധ്യമാകുമെന്നും അമിത് ഷാ ഗുജറാത്തിൽ പറഞ്ഞു.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook