അഗർത്തല: ചൈനീസ് പീപ്പിൾസ് ലിബറേഷൻ ആർമി (പിഎൽഎ) തട്ടിക്കൊണ്ടുപോയതായി ആരോപിക്കപ്പെടുന്ന അരുണാചലിലെ പതിനേഴുകാരൻ മിറാം തരോൺ ചൈനീസ് കസ്റ്റഡിയിൽ ക്രൂര മർദ്ദനത്തിരയായെന്ന് പിതാവ്.
“എന്റെ മകനെ ചൈനീസ് പട്ടാളക്കാർ പലതവണ ചവിട്ടി. രണ്ടുതവണ അവനെ ഷോക്കടിപ്പിച്ചു” ചൊവ്വാഴ്ച ഉച്ചതിരിഞ്ഞ് ഇന്ത്യൻ എക്സ്പ്രസിനോട് സംസാരിച്ച മിറാമിന്റെ പിതാവ് ഒപാങ് തരോൺ പറഞ്ഞു.
“എന്റെ മകൻ സംഭവസ്ഥലത്ത് നിന്ന് ഓടിപ്പോകാൻ ശ്രമിക്കുകയായിരുന്നു, അവനെ പിടിക്കാൻ ശ്രമിച്ച കുറച്ച് സൈനികരെ അവൻ മാന്തി. ആ പട്ടാളക്കാരിൽ ഒരാൾ എന്റെ മകനെ പലതവണ ചവിട്ടി.” അദ്ദേഹം പറഞ്ഞു
“അതു മാത്രമായിരുന്നില്ല, ചൈനീസ് പട്ടാളക്കാർ അവനെ ഒരു പിഎൽഎ ക്യാമ്പിലേക്ക് കൊണ്ടുപോയി ടിബറ്റനിൽ ചോദ്യം ചെയ്തു, അത് അവന് മനസ്സിലാക്കാൻ കഴിഞ്ഞില്ല. എന്റെ മകൻ ഹിന്ദിയിലും ഞങ്ങളുടെ മാതൃഭാഷയായ ആദിയിലും സംസാരിക്കാൻ ശ്രമിച്ചു. അവൻ എന്താണ് പറയുന്നതെന്ന് ചൈനക്കാർക്ക് മനസ്സിലായില്ല, ടിബറ്റനിൽ ചോദ്യം തുടർന്നു. അവൻ പറയുന്നത് മനസിലാവാത്തതിനാൽ, അവർ അസ്വസ്ഥരായി. അവർ അവന് ഷോക്ക് നൽകി.” പിതാവ് കൂട്ടിച്ചേർത്തു.
ബന്ദിയാക്കിയപ്പോഴും ആവശ്യത്തിന് ഭക്ഷണം നൽകിയിരുന്നെന്ന് മകൻ തന്നോട് പറഞ്ഞെന്ന് ഒപാങ് കൂട്ടിച്ചേർത്തു. എന്നാൽ, മിക്ക സമയത്തും കണ്ണ് കെട്ടിയിട്ടായിരുന്നു. തട്ടിക്കൊണ്ടുപോയത് വാർത്തയായപ്പോൾ പീഡനം അവസാനിച്ചെന്നും ഒപാങ് പറഞ്ഞു.
ഇന്നലെയാണ് തരോൺ തിരികെ വീട്ടിലെത്തിയത്. ജനുവരി 18നാണ് നിയന്ത്രണരേഖയ്ക്ക് സമീപത്തു നിന്ന് പിഎൽഎ മിറാം തരോണിനെ തട്ടിക്കൊണ്ടുപോയത്. ആയുര്‍വേദ മരുന്നുകള്‍ ശേഖരിക്കുന്നതിനും വേട്ടയ്ക്കുമായി വനത്തിൽ പോയപ്പോഴായിരുന്നു ഇത്.

തങ്ങൾ ഇരുട്ടിൽ കാട്ടിലൂടെ നടക്കുമ്പോൾ, ചില പിഎൽഎ സൈനികർ പെട്ടെന്ന് എവിടെ നിന്നോ പ്രത്യക്ഷപ്പെട്ട് മിറാമിനെ തോക്ക് ചൂണ്ടി തട്ടിക്കൊണ്ടുപോവുകയായിരുന്നു എന്ന് മിറാമിന് ഒപ്പമുണ്ടായിരുന്ന, അവിടെ നിന്നും ഓടി രക്ഷപ്പെട്ട സുഹൃത്ത് ജോണി യായിങ് പിന്നീട് അധികൃതരെ അറിയിച്ചിരുന്നു.
മിറാമിന്റെ കുടുംബം പിന്നീട് അടുത്തുള്ള ട്യൂട്ടിംഗ് പോലീസ് സ്റ്റേഷനിൽ പരാതി നൽകി, പിന്നീടാണ് കുട്ടിയെ തിരികെ കൊണ്ടുവരുന്നതിന് ചൈനയുമായി നയതന്ത്ര മാർഗങ്ങളിലൂടെ ചർച്ചകൾ ആരംഭിച്ചത്.
ബിജെപി എംപി തപിർ ഗാവോ ട്വീറ്റിലൂടെ ഇക്കാര്യം അറിയിച്ചപ്പോഴാണ് വിഷയം വെളിച്ചത്തു വന്നത്.
പിന്നീട് ഇരു രാജ്യങ്ങളും തമ്മിൽ ഒരാഴ്ചയിലേറെ നീണ്ട നയതന്ത്ര ചർച്ചകൾക്ക് ശേഷം, ജനുവരി 27 ന് അഞ്ജാവ് ജില്ലയിലെ കിബിത്തു സെക്ടറിലെ വാച-ദമൈ ഇന്ററാക്ഷൻ പോയിന്റിൽ വെച്ച് മിറാമിനെ പിഎൽഎ ഇന്ത്യൻ സൈന്യത്തിന് കൈമാറി.

തുടർന്ന്, ആരോഗ്യനില വിലയിരുത്തുന്നതിനായി ക്വാറന്റൈനിൽ പ്രവേശിപ്പിക്കുകയും. മിറാം തന്നെയാണെന്ന് ഉറപ്പിക്കുന്നതിന് ഇയാളുടെ സുഹൃത്ത് ജോണിയെ കിബിത്തുവിലേക്ക് കൊണ്ടുപോവുകയും ചെയ്തിരുന്നു. തുടർന്ന് മറ്റു നടപടികളെല്ലാം പൂർത്തിയാക്കി ഏകദേശം രണ്ടാഴ്ചയ്ക്ക് ശേഷം, തിങ്കളാഴ്ച വൈകുന്നേരം മിറാം തന്റെ കുടുംബവുമായി വീണ്ടും ഒന്നിക്കുകയായിരുന്നു.
മടങ്ങിയെത്തിയ മിറാമിന് പ്രാദേശിക ഭരണകൂടവും ഗ്രാമനേതാക്കളും ചേർന്ന് ഊഷ്മളമായ സ്വീകരണമാണ് നൽകിയത്.