ന്യൂഡൽഹി: അരുണാചൽ പ്രദേശിൽ വ്യോമസേനയുടെ ഹെലികോപ്റ്റർ തർന്ന് 7 മരണം. മരിച്ചവരിൽ അഞ്ചുപേർ വ്യോമസേനാ ഉദ്യോഗസ്ഥരും രണ്ടുപേർ ഇന്ത്യൻ സൈനിക ഉദ്യോഗസ്ഥരുമാണ്. ഇന്നു രാവിലെ ആറു മണിയോടെയാണ് അപകടം ഉണ്ടായത്. പരീക്ഷണ പറക്കലിനിടെ എംഐ-17വി-5 ഹെലികോപ്റ്റർ തകർന്നുവീഴുകയായിരുന്നുവെന്നാണ് വ്യോമസേനാ വൃത്തങ്ങളിൽനിന്നും ലഭിക്കുന്ന വിവരം.

അരുണാചൽ പ്രദേശിലെ ഇന്ത്യ-ചൈന അതിർത്തിക്ക് സമീപമുളള തവാങ്ങിലാണ് ഹെലികോപ്റ്റർ തകർന്നുവീണത്. അപകടത്തിൽ ഗുരുതരമായി പരുക്കേറ്റ ഒരാള ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സംഭവത്തിൽ വ്യോമസേന മന്ത്രാലയം അന്വേഷണത്തിന് ഉത്തരവിട്ടു.

അത്യാധുനിക സൗകര്യങ്ങളോടുകൂടിയ എംഐ-17വി-5 ഹെലികോപ്റ്ററുകൾ ലോകത്തിൽവച്ച് മികച്ചവയെന്നാണ് വിലയിരുത്തപ്പെടുന്നത്. 2016 ൽ റഷ്യിൽനിന്നാണ് ഇന്ത്യ ഹെലികോപ്റ്ററുകൾ വാങ്ങിയത്. 2008 ലാണ് റഷ്യയുമായി 80 ഹെലികോപ്റ്ററുകൾ വാങ്ങാനുളള കരാർ ഇന്ത്യ ഒപ്പിട്ടത്. 2011-13 ഓടെ കരാർ അനുസരിച്ചുളള ഹെലികോപ്റ്ററുകൾ റഷ്യ ഇന്ത്യയ്ക്ക് കൈമാറി. 2012-13 ലായി മൂന്നു കരാറുകൾ വീണ്ടും ഒപ്പിടുകയും 71 ഹെലികോപ്റ്ററുകൾ കൂടി ഇന്ത്യ വാങ്ങുകയും ചെയ്തു.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ