ഇറ്റാനഗർ: അരുണാചൽപ്രദേശിലെ ഉപതെരഞ്ഞെടുപ്പിൽ ബിജെപിക്കു വിജയം. ആരോഗ്യമന്ത്രിയായിരുന്ന ജോംദേ കെനയുടെ മരണത്തെ തുടർന്ന് ഒഴിവുവന്ന ലികബാലി, പക്കേ-കേസാംഗ് നിയമസഭാ മണ്ഡലങ്ങളിലാണ് ബിജെപി വിജയം കൊയ്തത്.
ലികബാലിയിൽ നടന്ന ഉപതെരഞ്ഞെടുപ്പിൽ 2,908 വോട്ടുകൾക്കാണ് ബിജെപിയുടെ കാർഡോ നിഗ്യോർ ഇവിടെ വിജയിച്ചത്. കോണ്‍ഗ്രസിന്റെ മോദം ഡിനിയും പിപിഎയുടെ ഗുംഖെ റിബയുമായിരുന്നു ലികബാലിയിലെ മറ്റ് പ്രധാന സ്ഥാനാർത്ഥികൾ.
പക്കേ-കേസാംഗിൽ ബിജെപി സ്ഥാനാർഥി ബി.ആർ. വാഘേയാണ് വിജയിച്ചത്. കോണ്‍ഗ്രസ് സ്ഥാനാർഥി മുൻ ഉപമുഖ്യമന്ത്രി കമേംഗ് ഡോളോയായിരുന്നു എതിരാളി. 2014ൽ വിജയിച്ച ഡോളോയ്ക്കെതിരെ ബിജെപി സ്ഥാനാർഥി അറ്റും വെല്ലി നൽകിയ ഹർജിയിൽ വീണ്ടും തെരഞ്ഞെടുപ്പ് നടത്തുവാൻ ഗുവാഹത്തി ഹൈക്കോടതി ഉത്തരവിടുകയായിരുന്നു. ഇതേതുടർന്നാണ് പാക്കേ കേസാംഗിൽ ഉപതെരഞ്ഞെടുപ്പ് നടന്നത്.