ന്യൂഡൽഹി: അരുണാചൽ പ്രദേശിലെ 15 സ്ഥലങ്ങൾക്ക് കൂടി ചൈന ചൈനീസ്, ടിബറ്റൻ, റോമൻ അക്ഷരമാലകളിലുള്ള പേരുകൾ പ്രഖ്യാപിച്ചു.
സാങ്നാനിലെ 15 സ്ഥലങ്ങളുടെ പേരുകൾ ചൈനീസ് അക്ഷരങ്ങളിലും ടിബറ്റൻ, റോമൻ അക്ഷരമാലയിലും ഏകീകരിച്ച രീതിയിലേക്ക് മാറ്റിയതായി ചൈനയുടെ സിവിൽ അഫയേഴ്സ് മന്ത്രാലയം ബുധനാഴ്ച പ്രഖ്യാപിച്ചതായി ചൈനീസ് സർക്കാരിന്റെ ഗ്ലോബൽ ടൈംസ് വ്യാഴാഴ്ച റിപ്പോർട്ട് ചെയ്തു. അരുണാചൽ പ്രദേശിന്റെ ചൈനീസ് നാമമാണ് സാങ്നാൻ.
സ്റ്റേറ്റ് കൗൺസിൽ, ചൈനയുടെ കാബിനറ്റ് പുറപ്പെടുവിച്ച ഭൂമിശാസ്ത്രപരമായ പേരുകൾ സംബന്ധിച്ച ചട്ടങ്ങൾക്കനുസൃതമായാണ് ഈ നാമകരണമെന്ന് റിപ്പോർട്ടിൽ പറയുന്നു.
കൃത്യമായ രേഖാംശവും അക്ഷാംശവും നൽകിയ 15 സ്ഥലങ്ങളുടെ ഔദ്യോഗിക പേരുകളിൽ എട്ടെണ്ണം പാർപ്പിട സ്ഥലങ്ങളും നാലെണ്ണം പർവതങ്ങളും രണ്ടെണ്ണം നദികളും ഒരെണ്ണം പർവത ചുരവുമാണെന്ന് റിപ്പോർട്ടിൽ പറയുന്നു.
Also Read: കശ്മീരിൽ ഏറ്റുമുട്ടൽ; രണ്ടിടങ്ങളിലായി ആറ് ഭീകരരെ വധിച്ചു
ചൈന ഇത് രണ്ടാം ഘട്ടമായാണ് അരുണാചൽ പ്രദേശിലെ സ്ഥലങ്ങളുടെ ഇത്തരത്തിലുള്ള പേരുകൾ പ്രഖ്യാപിക്കുന്നത്. ആറ് സ്ഥലങ്ങളുടെ പേരുകളുടെ ആദ്യ ബാച്ച് 2017 ൽ പ്രഖ്യാപിച്ചിരുന്നു, .
അരുണാചൽ പ്രദേശ് ദക്ഷിണ ടിബറ്റാണെന്ന് ചൈന അവകാശപ്പെടുന്നു. ചൈനയുടെ അവകാശവാദം നിഷേധിച്ച ഇന്ത്യൻ വിദേശകാര്യ മന്ത്രാലയം ഇത് ഇന്ത്യയുടെ അവിഭാജ്യ ഘടകമാണെന്ന് അഭിപ്രായപ്പെട്ടിരുന്നു.
അരുണാചൽ പ്രദേശിലെ ഉന്നത ഇന്ത്യൻ നേതാക്കളുടെയും ഉദ്യോഗസ്ഥരുടെയും സന്ദർശനങ്ങളിൽ ചൈന പതിവായി പ്രതിഷേധം അറിയിച്ചിരുന്നു.
3,488 കിലോമീറ്റർ നീളമുള്ള യഥാർത്ഥ നിയന്ത്രണരേഖയുമായി (എൽഎസി) ബന്ധപ്പെട്ട് ഇന്ത്യ-ചൈന അതിർത്തി തർക്കം നിലനിൽക്കുന്നുണ്ട്.
“ഷാനാൻ പ്രിഫെക്ചറിലെ കോന കൗണ്ടിയിലെ സെങ്കെസോംഗ്, ഡാഗ്ലുങ്സോംഗ്, നൈഞ്ചിയിലെ മെഡോഗ് കൗണ്ടിയിലെ മണി’ഗാങ്, ഡൂഡിംഗ്, മിഗ്പെയിൻ, ഗോലിംഗ്, നൈഞ്ചിയിലെ സായു കൗണ്ടിയിലെ ഡാംബ, ഷാനാൻ പ്രിഫെക്ചറിലെ ലുൻസെ കൗണ്ടിയിലെ മെജാഗ് എന്നിവയാണ് രണ്ടാമത്തെ ബാച്ചിലെ എട്ട് താമസ സ്ഥലങ്ങൾ,” എന്ന് ഗ്ലോബൽ ടൈംസ് റിപ്പോർട്ട് പറയുന്നു.
വാമോ റി, ഡു റി, ലുൻഷുബ് റി, കുൻമിംഗ്സിങ്ങ്സി ഫെങ് എന്നിവയാണ് നാല് പർവതങ്ങൾ.
ഷെൻയോഗ്മോ ഹേ, ഡുലൈൻ ഹെ എന്നിങ്ങനെയാണ് രണ്ട് നദീ പ്രദേശങ്ങളെ നാമകരണം ചെയ്തത്. കോന കൗണ്ടിയിലെ പർവതപാതയുടെ പേര് സെ ലാ എന്നും നാമകരണം ചെയ്തിരിക്കുന്നു.
നൂറുകണക്കിനു വർഷങ്ങളായി നിലനിൽക്കുന്ന സ്ഥലനാമങ്ങളെക്കുറിച്ചുള്ള ദേശീയ സർവേയുടെ ഭാഗമാണ് ഈ പ്രഖ്യാപനമെന്ന് ബെയ്ജിംഗിലെ ചൈന ടിബറ്റോളജി റിസർച്ച് സെന്ററിലെ വിദഗ്ധൻ പ്രസ്താവിച്ച ലിയാൻ സിയാങ്മിനെ ഉദ്ധരിച്ചുള്ള റിപ്പോർട്ടിൽ പറയുന്നു. മേഖലയിലെ കൂടുതൽ സ്ഥലപ്പേരുകൾ ഭാവിയിൽ പ്രഖ്യാപിക്കുമെന്ന് ലിയാൻ പറഞ്ഞു.