ന്യൂഡല്‍ഹി: ഡല്‍ഹിയിലേക്ക് പുറപ്പെട്ട അരുണാചല്‍പ്രദേശ് സ്വദേശിനിയായ പെണ്‍കുട്ടിയെ കാണാതായി. ലോഹിത് ജില്ലയിലെ തേസുവില്‍ നിന്നുളള ജെന്റി ബെല്ല എന്ന പെണ്‍കുട്ടിയെ ആണ് കാണാതായത്. ഫെയ്സ്ബുക്കില്‍ പരിചയപ്പെട്ട യുവാവിനെ കാണാനായി ഡല്‍ഹിയിലേക്ക് പുറപ്പെട്ടതാണ് പെണ്‍കുട്ടി എന്നാണ് വിവരം.
മാതാപിതാക്കളോട് പറയാതെയാണ് കുട്ടി ഡല്‍ഹിയിലേക്ക് പോയത്. ഡല്‍ഹി സ്വദേശിയായ അഹ്താര്‍ ഹസന് എന്നയാളെ കാണാനാണ് പെണ്‍കുട്ടി വീടി വിട്ടിറങ്ങിയത്. ഇയാള്‍ രാജ്യതലസ്ഥാനത്ത് ഒരു ജോലി ശരിയാക്കി കൊടുക്കാമെന്ന് പെണ്‍കുട്ടിക്ക് വാഗ്ദാനം നല്‍കിയതായാണ് വിവരം. മാതാപിതാക്കള്‍ക്കോ സുഹൃത്തുക്കള്‍ക്കോ ഇതുവരെയും ബെല്ലയുമായി ബന്ധപ്പെടാന്‍ സാധിച്ചിട്ടില്ല.
വീട് വിട്ട് ഇറങ്ങിയതിന് പിന്നാലെ കുട്ടിയുടെ മൊബൈല്‍ ഫോണ്‍ സ്വിച്ച് ഓഫ് ആവുകയും ഫെയ്സ്ബുക്ക് അക്കൗണ്ട് ഡീആക്ടിവേറ്റ് ആവുകയും ചെയ്തിട്ടുണ്ട്. സംഭവത്തില്‍ പൊലീസും ക്രൈംബ്രാഞ്ചും അന്വേഷണം ആരംഭിച്ചു.
ജോലി വാഗ്ദാനം ചെയ്തും പ്രണയം നടിച്ചും വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളിലെ പെണ്‍കുട്ടികളെ ഇരകളാക്കുന്ന കേസുകള്‍ വര്‍ധിച്ച സാഹചര്യത്തിലാണ് പുതിയ കേസും. ഈ വഴിക്ക് തന്നെയാണ് പൊലീസിന്റെ അന്വേഷണവും.