ന്യൂഡൽഹി: സ്‌മൃതി ഇറാനിയുടെ വിദ്യാഭ്യാസം തിരഞ്ഞെടുപ്പിൽ പ്രചരണായുധമാക്കുന്ന കോൺഗ്രസിന് അതേ നാണയത്തിൽ മറുപടി നൽകി ബിജെപിയും. കേന്ദ്രമന്ത്രി അരുൺ ജെയ്റ്റ്‌ലിയാണ് കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധിയുടെ വിദ്യാഭ്യാസ യോഗ്യതയിൽ ചോദ്യമുന്നയിച്ചിരിക്കുന്നത്. മാസ്റ്റേഴ്സ് ഡിഗ്രി ഇല്ലാത്ത രാഹുലിനാണ് എംഫിൽ ലഭിച്ചിരിക്കുന്നതെന്ന് അരുൺ ജെയ്റ്റ്‌ലി പറഞ്ഞു.
ഫെയ്സ്ബുക്ക് ബ്ലോഗിലൂടെയാണ് രാഹുലിനെതിരെ ആരോപണവുമായി അരുൺ ജെയ്റ്റ്‌ലി രംഗത്തെത്തിയത്. രാഹുലിന്റെ വിദ്യാഭ്യാസ യോഗ്യത പരിശോധിച്ചാൽ ഉത്തരം ലഭിക്കാത്ത നിരവധി ചോദ്യങ്ങൾ ഉയർന്ന് വരുമെന്നും അരുൺ ജെയ്റ്റ്‌ലി പറഞ്ഞു. രാഹുലിന്റെ വിഷയം മറന്നിട്ടാണ് ബിജെപി സ്ഥാനാർഥികളുടെ വിദ്യാഭ്യാസ യോഗ്യത ചർച്ച ചെയ്യപ്പെടുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
2014ലേയും 2019ലേയും തിരഞ്ഞെടുപ്പില്‍ സ്മൃതി ഇറാനി പരസ്പരവിരുദ്ധമായ സത്യവാങ്മൂലങ്ങളാണ് തിരഞ്ഞെടുപ്പ് കമ്മീഷന് നല്‍കിയിരിക്കുന്നത്. സ്മൃതി ഇറാനി കഴിഞ്ഞ ദിവസാണ് അമേഠിയില്‍ നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചത്. ബിരുദ പഠനം പൂര്‍ത്തിയാക്കിയിട്ടില്ലെന്ന് അവര്‍ പത്രികയ്ക്കൊപ്പം നല്‍കിയ സത്യവാങ്മൂലത്തില്‍ വ്യക്തമാക്കിയിരുന്നു. എന്നാല്‍, 2014 ല്‍ നല്‍കിയ സത്യവാങ്മൂലത്തില്‍ ബരുദധാരിയാണെന്ന് അവര്‍ അവകാശപ്പെട്ടിരുന്നു.
വിദ്യാഭ്യാസ യോഗ്യത സംബന്ധിച്ച് സത്യവാങ്മൂലത്തില്‍ തെറ്റായ വിവരങ്ങള്‍ നല്‍കിയ സ്മൃത ഇറാനിയെ തിരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതില്‍നിന്ന് വിലക്കണമെന്ന് കോണ്‍ഗ്രസ് ആവശ്യപ്പെട്ടു. സ്മൃതി ഇറാനിയുടെ സത്യവാങ്മൂലങ്ങളിലെ പൊരുത്തക്കേട് ഗുരുതര വിഷയമാണെന്നും ഇത് അഴിമതിയുടെ ഭാഗമാണെന്നും കോണ്‍ഗ്രസ് ആരോപിച്ചു.