ന്യൂഡൽഹി: എച്ച്1ബി വീസ കാര്യത്തിലെ അമേരിക്കൻ നയം സംബന്ധിച്ച് കേന്ദ്ര ധനകാര്യ മന്ത്രി അരുൺ ജയ്റ്റ്ലി അമേരിക്കൻ വാണിജ്യകാര്യ വകുപ്പ് സെക്രട്ടറി വിൽബർ റോസുമായി ചർച്ച നടത്തി. ഉയർന്ന തൊഴിൽ വൈദഗ്ദ്ധ്യം ഉള്ള ഇന്ത്യാക്കാർ അമേരിക്കയുടെ വാണിജ്യ വികസനത്തിൽ വഹിക്കുന്ന പങ്ക് ചൂണ്ടിക്കാട്ടിയായിരുന്നു ഈ ചർച്ച.

ജയ്റ്റ്ലിയുടെ നേതൃത്വത്തിലുള്ള പ്രത്യേക സംഘം ഇന്നലെയാണ് അമേരിക്കയിൽ ഇന്റർനാഷണൽ മോണിറ്ററി ഫണ്ട് യോഗത്തിന് എത്തിയത്. ചർച്ചയിൽ, “എച്ച്1ബി വീസ കാര്യത്തിൽ ഇതുവരെ ട്രംപ് ഭരണകൂടം എടുത്ത നിലപാടുകൾ പുന:പരിശോധിച്ച് വരികയാണെന്ന്” റോസ് വ്യക്തമാക്കി.

ഇന്ത്യയുടെയും അമേരിക്കയുടെയും സാമ്പത്തിക വളർച്ചയിൽ മികച്ച പങ്ക് വഹിക്കുന്ന ഇന്ത്യാക്കാരെയും അവരുടെ തൊഴിൽ ശേഷിയെയും കണ്ടില്ലെന്ന് നടിക്കരുതെന്ന് ജെയ്റ്റ്ലി ആവശ്യപ്പെട്ടു. “ഇരു രാജ്യങ്ങൾക്കുമിടയിലെ സൗഹൃദം ശക്തമാക്കി മുന്നോട്ട് പോകാൻ ഈ നിലപാട് അത്യാവശ്യമാണെന്നും” അദ്ദേഹം പറഞ്ഞതായാണ് ഉന്നത ഉദ്യോഗസ്ഥരിൽ നിന്നുള്ള വിവരം.

രാജ്യത്ത് ഇതുവരെ അനുവദിച്ച​ എച്ച്1ബി വീസ ഉടമകളുടെ വിവരങ്ങൾ പുനപരിശോധിക്കണമെന്ന് ഡൊണാൾഡ് ട്രംപ് കഴിഞ്ഞയാഴ്ച ഉത്തരവിട്ടിരുന്നു.

അടുത്ത രണ്ട് ദിവസത്തിനുള്ളിൽ ആസ്ത്രേലിയ, ഫ്രാൻസ്, ഇന്തോനേഷ്യ, സ്വീഡൻ, അമേരിക്ക എന്നീ രാജ്യങ്ങളിലെ പ്രതിനിധികളുമായി ഉഭയകക്ഷി ചർച്ച അരുൺ ജയ്റ്റ്ലി നടത്തും.

ഉഭയകക്ഷി വ്യാപാരബന്ധത്തിലൂടെ അമേരിക്കയുമായി 5 ലക്ഷം കോടി യുഎസ് ഡോളറിന്റെ വ്യാപാരം നടത്താനുള്ള പദ്ധതിയാണ് ഇന്ത്യ മുന്നോട്ട് വയ്ക്കുന്നത്. അമേരിക്കയിലുള്ള ഇന്ത്യക്കാരിൽ പ്രമുഖരുമായി അദ്ദേഹം ഈ സന്ദർശന കാലത്ത് ചർച്ച നടത്തും.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ