ന്യൂഡൽഹി: അടിയന്തരാവസ്ഥയുടെ 43-ാം വാര്‍ഷികത്തില്‍ മുൻ പ്രധാനമന്ത്രി ഇന്ദിരാഗാന്ധിയെ നാസി ഭരണാധാകാരി ഹിറ്റ്‌ലനോട് ഉപമിച്ച് കേന്ദ്ര ധനമന്ത്രി അരുൺ ജെയ്‌റ്റ്‌ലി രംഗത്ത്. ഇന്ദിരയും ഹിറ്റ്‍ലറും ജനാധിപത്യത്തെ ഏകാധിപത്യമാക്കാൻ ഭരണഘടനയെ ഉപയോഗിച്ചുവെന്നും അദ്ദേഹം കുറ്റപ്പെടുത്തി. മൂന്ന് ഭാഗങ്ങളായുളള ബ്ലോഗില്‍ രണ്ടാം ഭാഗത്തിലാണ് അദ്ദേഹത്തിന്റെ വിമര്‍ശനം.

‘ഹിറ്റ്‍ലറും ഇന്ദിരയും ഭരണഘടന ഒരിക്കലും റദ്ദാക്കിയില്ല. പക്ഷെ ഭരണഘടനയെ ഉപയോഗിച്ച് ജനാധിപത്യത്തെ ഏകാധിപത്യമാക്കാനാണ് അവര്‍ ശ്രമിച്ചത്’, ജെയ്റ്റ്‍ലി പറഞ്ഞു.

‘ഇന്ത്യയെ കുടുംബാധിപത്യത്തിന്റെ കേന്ദ്രമാക്കി മാറ്റാനാണ് ഇന്ദിരാ ഗാന്ധി ശ്രമിച്ചത്. ഭരണഘടനയുടെ ആർട്ടിക്കിൾ 352 പ്രകാരം അടിയന്തരാവസ്ഥ പ്രഖ്യാപിച്ച ഇന്ദിര,​ ആർട്ടിക്കിൾ 359ന്റെ സഹായത്തോടെ അഭിപ്രായ സ്വാതന്ത്ര്യത്തിന് വിലക്കേർപ്പെടുത്തി. എന്നിട്ട്,​ രാജ്യത്തെ കുഴപ്പങ്ങൾക്ക് കാരണം പ്രതിപക്ഷമാണെന്ന് സ്ഥാപിക്കാൻ ശ്രമം നടത്തിയെന്നും ജെയ്‌റ്റ്‌ലി പറഞ്ഞു.

ആഭ്യന്തര പ്രശ്‌നങ്ങള്‍ ചൂണ്ടിക്കാട്ടി 1975 ജൂണ്‍ 25നാണ് അന്നത്തെ പ്രധാനമന്ത്രിയായിരുന്ന ഇന്ദിര ഗാന്ധി അടിയന്തരാവസ്ഥ പ്രഖ്യാപിച്ചത്. പ്രധാനമന്ത്രിയായിരുന്ന ഇന്ദിരാഗാന്ധിയുടെ ഉപദേശം അനുസരിച്ച് ഇന്ത്യൻ രാഷ്ട്രപതി ആയിരുന്ന ഫക്രുദ്ദീൻ അലി അഹമ്മദ്‌ രാജ്യത്ത് അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു. ഇന്ദിരയുടെ തന്നെ വാക്കുകളിൽ ഇന്ദിര ജനാ‍ധിപത്യത്തെ “നിശ്ചലാവസ്ഥ”യിൽ കൊണ്ടുവന്നു.

ഭരണഘടനയനുസരിച്ച് ഇന്ദിരയുടെ ഉപദേശമനുസരിച്ച് രാഷ്ട്രപതി അഹമ്മദ് എല്ലാ ആറുമാസം തോറും അടിയന്തരാവസ്ഥ തുടരുവാനുള്ള അനുമതി നൽകി. ഇത് 1977-ൽ തിരഞ്ഞെടുപ്പ് നടക്കുന്നതുവരെ തുടർന്നു.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook