ന്യൂഡൽഹി: മൂന്ന് മാസത്തെ ഇടവേളക്ക് ശേഷം അരുൺ ജെയ്റ്റ്‌ലി ധനകാര്യവകുപ്പ് മന്ത്രിയായി ചുമതലയേറ്റു. വൃക്ക മാറ്റിവയ്ക്കൽ ശസ്ത്രക്രിയക്ക് വിധേയനായ അദ്ദേഹം ഇന്നാണ് ഓഫിസിലേക്ക് മടങ്ങിയെത്തിയത്. ചുമതലയേറ്റെടുത്തശേഷം അദ്ദേഹം വിവിധ ധനകാര്യവകുപ്പ് സെക്രട്ടറിമാരുമായി കൂടിക്കാഴ്ച നടത്തി.

കഴിഞ്ഞ മെയ് മാസമാണ് അരുൺ ജെയ്റ്റ്‌ലി എയിംസ് ആശുപത്രിയിൽ വൃക്കമാറ്റിവയ്ക്കലിന് വിധേയനായത്. ഈ കാലയളവിൽ റെയിൽവേ മന്ത്രി പീയുഷ് ഗോയലിനായിരുന്നു ധനകാര്യവകുപ്പിന്റെ അധിക ചുമതല. ഇന്ന് രാവിലെ രാഷ്ട്രപതി രാംനാഥ് കോവിന്ദിന്റെയും പ്രധാനമന്ദ്രി നരേന്ദ്ര മോദിയുടെയും സാന്നിധ്യത്തിലായിരുന്നു അരുൺ ജെയ്റ്റ്‌ലി ചുമതലയേറ്റത്.

മന്ത്രാലയത്തിലേക്ക് മടങ്ങിയെത്തിയെങ്കിലും അദ്ദേഹത്തിന്റെ ദിനചര്യകൾ നിരീക്ഷിക്കാൻ ഡോക്ടർമാരുടെ ഒരു സംഘത്തെ നിയോഗിച്ചിട്ടുണ്ട്. സന്ദർശകർക്കും നിയന്ത്രണമുണ്ട്.

മന്ത്രിസ്ഥാനത്ത് നിന്നും വിട്ട് നിന്നപ്പോഴും രാഷ്ട്രീയസാമൂഹിക രംഗങ്ങളിൽ അദ്ദേഹം സജീവമായിരുന്നു. അസ്സമിലെ ദേശീയ പൗരത്വ പട്ടികയുമായി ബന്ധപ്പെട്ട വിഷയത്തിലും, പാർലമെന്റിലെ അവിശ്വാസ പ്രമേയം, റാഫേൽ യുദ്ധവിമാന വിവാദത്തിലുമെല്ലാം ജെയ്റ്റ്‌ലി തുടർച്ചയായി ബ്ലോഗ് എഴുതിയിരുന്നു.

ശസ്ത്രക്രിയക്ക് ശേഷം ജൂലൈ ഒന്നിനാണ് അദ്ദേഹം ആദ്യമായി ഒരു പൊതുപരിപാടിയിൽ പങ്കെടുത്തത്. ജിഎസ്ടിയുടെ ഒന്നാം വാർഷികത്തിൽ വീഡിയോ കോൺഫറൻസിലൂടെയാണ് അദ്ദേഹം പരിപാടിയിൽ സംസാരിച്ചത്. ഓഗസ്റ്റ് 9ന് രാജ്യസഭ ഉപാധ്യക്ഷൻ തിരഞ്ഞെടുപ്പിലും അദ്ദേഹം പങ്കെടുത്തിരുന്നു.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook