ന്യൂഡൽഹി: ഗോവയിലും മണിപ്പൂരിലും സർക്കാരുണ്ടാക്കാനുള്ള ബിജെപി യുടെ ശ്രമങ്ങളെ വിമർശിച്ച കോൺഗ്രസിനെ കടന്നാക്രമിച്ച് ബിജെപി നേതാവ് അരുൺ ജയ്റ്റ്ലി. സംഭവത്തിൽ “കോൺഗ്രസിന്റെ വിമർശനങ്ങൾ അതിരുകടക്കുന്നു”വെന്ന് അദ്ദേഹം തന്റെ ഫെയ്സ്ബുക്ക് പോസ്റ്റിൽ കുറിച്ചു. ഗോവയിൽ ഭരിക്കാനുള്ള ഭൂരിപക്ഷം കോൺഗ്രസിന് ഇല്ലെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.

“ഗോവയിൽ സർക്കാരുണ്ടാക്കാനുള്ള അവകാശവാദം ഗവർണർക്ക് മുന്നിൽ കോൺഗ്രസ് ഉന്നയിച്ചിട്ടില്ല. അവർക്ക് 17 എംഎൽഎ മാർ മാത്രമാണ് ഉള്ളത്. മനോഹർ പരീക്കർ 21 എംഎൽഎ മാരുടെ പിന്തുണ അവകാശപ്പെട്ട സാഹചര്യത്തിൽ 17 എംഎൽഎ മാർ മാത്രമുള്ള കോൺഗ്രസിനെ ഗവർണർ സർക്കാർ രൂപീകരിക്കാൻ ക്ഷണിക്കുന്നത് എങ്ങിനെ” എന്ന് അദ്ദേഹം ഫെയ്സ്ബുക്ക് പോസ്റ്റിൽ ചോദിച്ചു.

2013 ൽ ബിജെപി 31 സീറ്റ് നേടിയ ഡൽഹി നിയമസഭ തിരഞ്ഞെടുപ്പ് അടക്കം പരാമർശിച്ചാണ് അദ്ദേഹം കോൺഗ്രസിനെ വിമർശിച്ചത്. ” കോൺഗ്രസിന്റെ വിമർശനങ്ങൾ അതിരു കടന്നതാണ്. അവർ ഗോവയിലെ ഭരണം ബിജെപി മോഷ്ടിച്ചെന്നാണ് പ്രചരിപ്പിക്കുന്നത്. സുപ്രീം കോടതിയെ സമീപിച്ചതിനൊപ്പം പാർലമെന്റിലും അവർ പ്രതിഷേധിച്ചു.”

“ഗോവയിലേത് തൂക്ക് സഭയാണ്. തിരഞ്ഞെടുപ്പിന് ശേഷം ഉള്ള സഖ്യം ഭരണത്തിന് അവകാശ വാദം ഉന്നയിക്കുന്നത് സാധാരണമാണ്. ബിജെപി ഇതാണ് ചെയ്തത്. 21 അംഗങ്ങളുടെ പിന്തുണ ഗവർണറെ അറിയിക്കുകയും ചെയ്തു. ഇതിൽ തെറ്റായി യാതൊന്നും ഇല്ല. 1998 ൽ അടൽ ബിഹാരി വാജ്പേയിയെ സർക്കാരുണ്ടാക്കാൻ രാഷ്ട്രപതി കെആർ നാരായണൻ ക്ഷണിച്ചത് ഇതിന് സമാനമാണ്.”

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ