ദീർഘനാളത്തെ അസുഖങ്ങൾക്കും ചികിത്സകൾക്കുമൊടുവിൽ മുതിർന്ന ബിജെപി നേതാവും മുൻ ധനമന്ത്രി അരുൺ ജെയ്റ്റ്ലി മരണത്തിന് കീഴടങ്ങി. ശ്വസനസംബന്ധമായ രോഗങ്ങളെ തുടർന്ന് ദീർഘനാളായി അദ്ദേഹം ഡൽഹിയിലെ എയിംസ് ആശുപത്രിയിൽ ചികിത്സയിൽ ആയിരുന്നു.
അനാരോഗ്യം കണക്കിലെടുത്ത് ഇക്കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പിലും അദ്ദേഹം മത്സരിച്ചിരുന്നില്ല. കഴിഞ്ഞ വര്‍ഷം മേയ് 14നാണ് അദ്ദേഹത്തിന്റെ വൃക്കമാറ്റിവയ്ക്കല്‍ ശസ്ത്രക്രിയ നടത്തിയത്.
അനാരോഗ്യത്തെ തുടര്‍ന്ന് 2018 ഏപ്രലില്‍ ആദ്യം മുതലേ അദ്ദേഹം ഔദ്യോഗിക പദവിയില്‍ നിന്നും മാറി നിന്നിരുന്നു. പിന്നീട് 2018 ഓഗസ്റ്റ് 23ന് തിരിച്ചെത്തി. 2014 സെപ്റ്റംബറില്‍, പ്രമേഹ രോഗത്തെ തുടര്‍ന്ന് അമിതമായി ഭാരം വയ്ക്കുകയും ഇത് ശരിപ്പെടുത്താന്‍ ബാരിയാട്രിക് ശസ്ത്രക്രിയ നടത്തുകയും ചെയ്തിരുന്നു.
ഡൽഹി സർവകലാശാലാ വിദ്യാർഥിയായിരിക്കെ എബിവിപിയിലൂടെ രാഷ്ട്രീയരംഗത്തേക്ക്. അടിയന്തരാവസ്ഥക്കാലത്ത് 19 മാസം കരുതൽ തടവിലായിരുന്നു. അഭിഭാഷകനായി സുപ്രീം കോടതിയിലും വിവിധ ഹൈക്കോടതികളിലും സേവനമനുഷ്ഠിച്ചു.
1989-ൽ വി.പി.സിങ്ങിന്റെ കാലത്ത് അഡീഷണൽ സോളിസിറ്റർ ജനറൽ ആയി. നിയമം, സമകാലിക വിഷയം എന്നിവ സംബന്ധിച്ച് നിരവധി പുസ്തകങ്ങൾ എഴുതി. 1991 മുതൽ ബിജെപി ദേശീയ നിർവാഹകസമിതിയിലുണ്ട്.
വാജ്പേയി മന്ത്രിസഭയിൽ വിവിധ വകുപ്പുകൾ കൈകാര്യം ചെയ്ത അരുൺ ജെയ്റ്റ്ലി 2014-ലെ ലോക്സഭാ തിരഞ്ഞെടുപ്പിൽ അമൃത്സറിൽ നിന്ന് മത്സരിച്ചെങ്കിലും കോൺഗ്രസ്സിന്റെ ക്യാപ്റ്റൻ അമരീന്ദർ സിങ്ങിനോട് പരാജയപ്പെട്ടു. 2014 മേയിൽ മോദി സർക്കാരിൽ ധനം, പ്രതിരോധ വകുപ്പുകളുടെ ചുമതലയുള്ള കാബിനറ്റ് മന്ത്രിയായി ചുമതലയേറ്റു.