ന്യൂഡൽഹി: മുതിര്‍ന്ന ബിജെപി നേതാവ് യശ്വന്ത് സിന്‍ഹയുടെ വിമര്‍ശനങ്ങള്‍ക്ക് ഭാഗികമായ മറുപടി പറഞ്ഞ് ധനമന്ത്രി അരുണ്‍ ജെയ്റ്റ്‍ലി. സര്‍ക്കാര്‍ നയങ്ങള്‍ അഴിമതി ഇല്ലാതാക്കാന്‍ വേണ്ടിയുളളതാണെന്ന് അദ്ദേഹം പറഞ്ഞു. മുമ്പ് ധനമന്ത്രി ആയിരുന്നതിന്റെ ആഢംബരം തനിക്കില്ലെന്നും യശ്വന്ത് സിന്‍ഹയുടെ വിമര്‍ശനങ്ങള്‍ക്ക് മറുപടിയായി അദ്ദേഹം പറഞ്ഞു.
“മുമ്പ് ധനമന്ത്രി ആയിരുന്നതിന്റെ ആഢംബരം എനിക്കില്ലെന്ന് ഞാന്‍ സമ്മതിക്കുന്നു. കൂടാതെ മുമ്പ് ധനമന്ത്രി ആയിരുന്ന് ഇപ്പോള്‍ കോളമിസ്റ്റ് ആയി മാറിയതിന്റെ ആഢംബരവും ഇല്ല”, യശ്വന്ത് സിന്‍ഹയുടെ പേര് പരാമര്‍ശിക്കാതെ അദ്ദേഹം പറഞ്ഞു. സാമ്പത്തിക രംഗത്ത് ഒറ്റയടിക്ക് മാറ്റങ്ങളുണ്ടാക്കാനാവില്ലെന്നും അദ്ദേഹം പറഞ്ഞു.
ധീരമായ നടപടികളാണ് സർക്കാർ ഇപ്പോൾ സ്വീകരിക്കുന്നതെന്ന് പറഞ്ഞ ധനമന്ത്രി പ്രതിസന്ധി താൽക്കാലികം മാത്രമാണെന്നും കൂട്ടിച്ചേര്‍ത്തു.”നിക്ഷേപത്തിനുള്ള സാഹചര്യം സർക്കാർ എളുപ്പമാക്കി. നോട്ട് നിരോധനം പണത്തിന്റെ അജ്ഞാത ഉറവിടം ഇല്ലാതാക്കി. കോൺഗ്രസ് ഭരിക്കുന്ന സംസ്ഥാനങ്ങളാണ് ജി.എസ്.ടിയെ പ്രതികൂലിക്കുന്നത്. സർക്കാറിന്റെ നയങ്ങളെ വിമർശിക്കുന്നവർക്ക് രാഷ്ട്രീയ അജണ്ടയുണ്ട്. ഉറച്ച തീരുമാനങ്ങൾ എടുക്കാൻ കഴിവുള്ള നേതൃത്വമാണ് രാജ്യം ഭരിക്കുന്നത്. സാമ്പത്തിക സ്ഥിതി മോശമാക്കിയവരാണ് സർക്കാറിനെ ഇപ്പോൾ കുറ്റം പറയുന്നതെന്നും ജെയ്റ്റ്‍ലി പറഞ്ഞു.