/indian-express-malayalam/media/media_files/uploads/2018/12/jaitely-759.jpg)
ന്യൂഡൽഹി: റിസര്‍വ് ബാങ്ക് ഗവര്‍ണര്‍ പദവിയില്‍ നിന്നും ഊര്‍ജിത് പട്ടേല്‍ രാജിവച്ചതില്‍ കേന്ദ്ര സര്‍ക്കാരിന് പങ്കില്ലെന്ന് ധനമന്ത്രി അരുണ്‍ ജെയ്റ്റ്‌ലി. രാജിവയ്ക്കാന്‍ സര്‍ക്കാര്‍ ആവശ്യപ്പെട്ടിട്ടില്ലെന്ന് അരുണ്‍ ജെയ്റ്റ്‌ലി പറഞ്ഞു. 'അദ്ദേഹത്തോട് രാജിവയ്ക്കാന്‍ ഗവണ്‍മെന്റ് ഒരിക്കലും ആവശ്യപ്പെട്ടിട്ടില്ല,' ഒരു പൊതുപരിപാടിയില്‍ അദ്ദേഹം പറഞ്ഞതായി വാര്‍ത്താ ഏജന്‍സി പിടിഐ റിപ്പോര്‍ട്ട് ചെയ്യുന്നു.
റിസര്‍വ് ബാങ്കിന്റെ മൂലധന നിക്ഷേപങ്ങളില്‍ നിന്നും, നടപ്പ് സാമ്പത്തിക വര്‍ഷം സര്‍ക്കാരിന് ഒരു രൂപ പോലും ആവശ്യമില്ലെന്നും ധനമന്ത്രി പറഞ്ഞു. ആര്‍ബിഐ നിക്ഷേപങ്ങളുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങള്‍, റിസര്‍വ് ബാങ്ക് ബോര്‍ഡ് യോഗത്തില്‍ സര്‍ക്കാരും കേന്ദ്ര ബാങ്കും ചര്‍ച്ച ചെയ്തിരുന്നതായും ജെയ്റ്റ്‌ലി പറഞ്ഞു.
വ്യക്തിപരമായ കാരണങ്ങള്‍ ചൂണ്ടിക്കാട്ടി, ഡിസംബര്‍ 11നാണ് പട്ടേല്‍ ഗവര്‍ണര്‍ സ്ഥാനത്തു നിന്നും രാജിവച്ചത്. കാലാവധി തികയ്ക്കാതെയാണ് അദ്ദേഹം രാജിവച്ചത്. കേന്ദ്രസര്‍ക്കാരും ആര്‍ബിഐയും തമ്മിലുള്ള കടുത്ത വിയോജിപ്പുകളുടെ പശ്ചാത്തലത്തിലാണ് ഊര്‍ജിത് പട്ടേല്‍ രാജിവച്ചതെന്ന വാര്‍ത്തകള്‍ പുറത്തു വന്നിരുന്നു.
പിന്നീട് മുന്‍ കേന്ദ്രസര്‍ക്കാര്‍ ഉദ്യോഗസ്ഥനായ ശക്തികാന്ത ദാസിനെ പുതിയ ആര്‍ബിഐ ഗവര്‍ണറായി നിയമിച്ചു. മൂന്ന് വര്‍ഷത്തേക്കാണ് നിയമനം. ഇക്കണോമിക് അഫയേഴ്‌സ് മുന്‍ സെക്രട്ടറിയായിരുന്നു ശക്തികാന്ത ദാസ്. 2015- മുതല്‍ 2017 വരെയാണ് ശക്തികാന്ത ദാസ് ധനകാര്യ സെക്രട്ടറിയായിരുന്നത്.
ആര്‍ബിഐയുടെ 25 മത് ഗവര്‍ണറായാണ് ശക്തികാന്ത ദാസ് ചുമതലയേറ്റത്. കേന്ദ്രസര്‍ക്കാരും ഊര്‍ജിത് പട്ടേലും തമ്മിലുണ്ടായ അസ്വാരസ്യങ്ങളുടെ തുടര്‍ച്ച എങ്ങനെ പരിഹരിക്കും എന്നത് ശക്തികാന്ത ദാസിന്റെ മുന്നിലുളള പ്രധാന വെല്ലുവിളിയായിരിക്കും.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us