ന്യൂഡല്‍ഹി: കോണ്‍ഗ്രസുമായുളള കൂട്ടുമന്ത്രിസഭയില്‍ പരസ്യമായി അതൃപ്തി പ്രകടിപ്പിച്ച് രംഗത്തെത്തിയ കര്‍ണാടക മുഖ്യമന്ത്രി എച്ച്.ഡി.കുമാരസ്വാമിയെയും കോണ്‍ഗ്രസിനേയും രൂക്ഷമായി വിമര്‍ശിച്ച് അരുണ്‍ ജെയ്‌റ്റ്‌ലി രംഗത്ത്. ഇത്തരം കൂട്ടുകെട്ടുകള്‍ രാജ്യത്തെ സേവിക്കാനല്ലെന്നും അതിജീവനത്തിന് വേണ്ടി മാത്രമുളളതാണെന്നും ജെയ്റ്റ്‍ലി പറഞ്ഞു. ഞായറാഴ്ച കരഞ്ഞുകൊണ്ട് കൂട്ടുമന്ത്രിസഭയില്‍ അതൃപ്തി പ്രകടിപ്പിച്ച കുമാരസ്വാമിയെ അദ്ദേഹം വിമര്‍ശിച്ചു.

കുമാരസ്വാമിയെ പോലെ ദുരന്ത രാജാവിനെ അല്ല ഇന്ത്യയ്ക്ക് വേണ്ടതെന്നും മോദിയെ പോലെ നിശ്ചയദാര്‍ഢ്യമുളള നേതാവിനെയാണ് വേണ്ടതെന്നും അദ്ദേഹം പറഞ്ഞു. കൂട്ടുമന്ത്രിസഭയിലെ മുഖ്യമന്ത്രിയായി തുടരുന്നത് വിഷം കഴിക്കുന്നത് പോലെ ആണെന്നായിരുന്നു കരഞ്ഞുകൊണ്ട് കുമാരസ്വാമി പറഞ്ഞത്. ‘ആ കൂട്ടുമന്ത്രിസഭ വിഷം നിറച്ചതാണെങ്കില്‍ അത് എന്തിനാണ് ജനങ്ങളുടെ മേല്‍ അടിച്ചേല്‍പ്പിക്കുന്നത്. ലോകത്തെ വേഗത്തില്‍ വളരുന്ന സമ്പദ് വ്യവസ്ഥയുളള രാജ്യത്തിന്റെ നേതാവിന് അങ്ങനെ നിസ്സഹായനായി തുടരാനാവില്ല. അത്തരം സര്‍ക്കാരുകള്‍ രാജ്യത്തിന് ബാദ്ധ്യതയും ശാപവുമാണ്’, ജെയ്റ്റ്‍ലി വിമര്‍ശിച്ചു.

കഴിഞ്ഞ ദിവസമാണ് മുഖ്യമന്ത്രിയായിരിക്കുന്നത് വിഷം വിഴുങ്ങുന്നത് പോലെയാണെന്ന് കുമാരസ്വാമി വികാരാധീനനായി പറഞ്ഞത്. ജെഡിഎസ് പ്രവര്‍ത്തകരെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

മുഖ്യമന്ത്രിയായതിന് ശേഷം അദ്ദേഹത്തെ അനുമോദിക്കാനായി പാര്‍ട്ടി പ്രവര്‍ത്തകര്‍ ഒരുക്കിയ അനുമോദന ചടങ്ങിലായിരുന്നു അദ്ദേഹം വികാരാധീനനായി സംസാരിച്ചത്. ‘നിങ്ങളുടെ കൂട്ടത്തിലുളള ഒരു സഹോദരന്‍ മുഖ്യമന്ത്രി ആയതില്‍ നിങ്ങളെല്ലാവരും സന്തോഷവാന്മാരാണ്. എന്നാല്‍ ഞാന്‍ സന്തോഷവാനല്ല. ശിവനെ പോലെ എന്റെ വേദന ഞാന്‍ കുടിച്ചിറക്കുകയാണ്’, കുമാരസ്വാമി പറഞ്ഞു. സംസ്ഥാനത്തെ റോഡിന്റെ ശോച്യാവസ്ഥയും, തങ്ങളുടെ വായ്പകൾ റദ്ദാക്കാത്തതിലുള്ള മത്സ്യത്തൊഴിലാളികളുടെ അമർഷവും സംസ്ഥാനത്ത് പുകയുന്നുണ്ട്.

അതേസമയം കുമാരസ്വാമിയുടെ വാക്കുകള്‍ക്കെതിരെ കോണ്‍ഗ്രസ് രംഗത്തെത്തി. ഉപമുഖ്യമന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ ജി.പരമേശ്വരയാണ് കുമാരസ്വാമിക്കെതിരെ രംഗത്തെത്തിയത്. ‘അദ്ദേഹത്തിന് എങ്ങനെ അത് പറയാനാവും. അദ്ദേഹം തീര്‍ച്ചയായും സന്തോഷവാനായിരിക്കണം. മുഖ്യമന്ത്രി എന്നും സന്തോഷവാനായിരിക്കണം. അദ്ദേഹം സന്തോഷവാനായാല്‍ മാത്രമേ ഞങ്ങളെല്ലാവരും സന്തോഷത്തോടെ ഇരിക്കുകയുളളൂ’, പരമേശ്വര പറഞ്ഞു.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook