ന്യൂഡൽഹി: കേന്ദ്ര പൊതുമേഖലാ വിമാന കന്പനിയായ എയർ ഇന്ത്യയുടെ ഓഹരികൾ വിൽക്കാനുള്ള തീരുമാനം അധികം വൈകാതെ തന്നെ സ്വീകരിക്കുമെന്ന സൂചന നൽകി കേന്ദ്രമന്ത്രി അരുൺ ജെയ്റ്റ്‌ലി. തുടർച്ചയായി നഷ്ടങ്ങളുണ്ടാക്കുന്ന കന്പനിയുടെ ഓഹരികൾ വാങ്ങാൻ രണ്ടിടങ്ങളിൽ നിന്ന് താൽപര്യം ഉയർന്നുവന്നിട്ടുണ്ടെന്ന് കേന്ദ്ര ധനമന്ത്രി പറഞ്ഞു.

“അനുഭാവ പൂർവം തന്നെ ഈ കാര്യത്തിൽ തീരുമാനമെടുക്കേണ്ടതുണ്ടെന്നും, മറ്റ് സാഹചര്യങ്ങൾ കൂടി പരിഗണിക്കുമെന്നും”, അദ്ദേഹം പറഞ്ഞു. നേരത്തേ കേന്ദ്ര മന്ത്രിസഭായോഗത്തിൽ ഓഹരികൾ വിറ്റഴിക്കുന്നതിന് തത്വത്തിൽ അനുമതി നൽകിയിരുന്നു.

വിമാന സേവന കന്പനിയായ ബേർഡ് ഗ്രൂപ്പാണ് എയർ ഇന്ത്യയുടെ ഉപവിഭാഗമായ എഐഎടിഎസ്എൽ ഏറ്റെടുക്കാൻ താൽപര്യം പ്രകടിപ്പിച്ചിരിക്കുന്നത്. ഇതിന് മുൻപ് ഇൻഡിഗോ എയർലൈൻസും എയർഇന്ത്യയിൽ താൽപര്യം പ്രകടിപ്പിച്ചിരുന്നു.

നേരത്തേ നീതി ആയോഗ് കേന്ദ്ര മന്ത്രിസഭയ്ക്ക് നൽകിയ ശുപാർശയിൽ എയർ ഇന്ത്യയെ പൂർണമായും സ്വകാര്യവത്കരിക്കാൻ ആവശ്യപ്പെട്ടിരുന്നു.

52000 കോടിയാണ് എയർ ഇന്ത്യയുടെ ഇപ്പോഴത്തെ നഷ്ടം. 30000 കോടി മുൻ യുപിഎ സർക്കാർ എഴുതി തള്ളിയതോടെയാണ് കന്പനി ഇപ്പോഴും നിലനിൽക്കുന്നത്.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ