ന്യൂഡൽഹി: സമ്പദ്‍വ്യവസ്ഥയെ ഉത്തേജിപ്പിക്കാന്‍ സര്‍ക്കാര്‍ കൂടുതല്‍ നടപടികള്‍ സ്വീകരിക്കുമെന്ന് കേന്ദ്ര ധനമന്ത്രി അരുണ്‍ ജെയ്റ്റ്‍ലി. പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി ചര്‍ച്ച ചെയ്തതിന് ശേഷമാണ് നടപടികള്‍ സ്വീകരിക്കുക എന്നും അദ്ദേഹം വ്യക്തമാക്കി.

“പെട്രോൾ – ഡീസൽ വില വര്‍ദ്ദിച്ചുവെങ്കിലും ഇവയുടെ എക്സൈസ് തീരുവ കുറയ്ക്കില്ല. രാജ്യത്തിന്റെ വികസനത്തിന് പണം കണ്ടെത്തുന്നത് എക്സൈസ് തീരുവ പോലുള്ളതിൽ നിന്നാണ്. അമേരിക്കയിൽ ക്രൂഡ് ഓയിലിന്റെ സംസ്കരണത്തിൽ ഇടിവുണ്ടായതാണ് ആഭ്യന്തര വിപണിയിൽ വില ഉയരാൻ ഇടയാക്കിയത്. ഇർമ ചുഴലിക്കാറ്റിനെ തുടർന്നുണ്ടായ സാഹചര്യങ്ങളും വിലവർദ്ധനയ്ക്ക് ആക്കം കൂട്ടി”, ജെയ്റ്റ്ലി കൂട്ടിച്ചേര്‍ത്തു.

മിക്ക സംസ്ഥാനങ്ങളും നികുതി കുറയ്ക്കാൻ തയ്യാറാവുന്നില്ലെന്നും മന്ത്രി കുറ്റപ്പെടുത്തി. വില വർദ്ധനയുടെ ഭാരം കുറയ്ക്കുന്നതിന് ഏതെങ്കിലും സംസ്ഥാനങ്ങൾക്ക് നികുതി കുറയ്ക്കണമെന്ന് തോന്നിയാൽ അതിൽ സർക്കാരിന് എതിർപ്പില്ലെന്നും ധനമന്ത്രി കൂട്ടിച്ചേര്‍ത്തു.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ