ന്യൂഡൽഹി: പ്രതിരോധ മന്ത്രി മനോഹർ പരീക്കർ സ്ഥാനം രാജിവച്ച് ഗോവ മുഖ്യമന്ത്രിയാകുന്ന സാഹചര്യത്തിൽ കേന്ദ്ര ധനമന്ത്രി അരുൺ ജെയ്റ്റിലിക്ക് പ്രതിരോധ വകുപ്പിന്റെ അധിക ചുമതല നൽകി. രാഷ്ട്രപതി പ്രണബ് മുഖർജി പരീക്കറുടെ രാജി സ്വീകരിച്ചു തുടർന്നാണ് അരുൺ ജെയ്റ്റിലിക്ക് നിലവിലുളള വകുപ്പുകൾക്ക് പുറമെ പ്രതിരോധവകുപ്പിന്റെ അധിക ചുമതല കൂടി നൽകിയത്.

പരീക്കർ ചൊവ്വാഴ്ച ഗോവ മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യും. പ്രാദേശിക പാർട്ടികളുടെയും സ്വതന്ത്രരുടെയും പിന്തുണയോടെയുളള ബി ജെപി നേതൃത്വം നൽകുന്ന മന്ത്രിസഭുടെ നേതൃത്വത്തിലേയ്ക്കാണ് രണ്ടാം തവണ പരീക്കറെത്തുന്നത്. പ്രതിരോധമന്ത്രി എന്ന നിലയിൽ നിന്നുളള​ രാജി പ്രധാനമന്ത്രിയുടെ ഓഫീസിലേയ്ക്ക് അയച്ചതായി പരീക്കർ പി ടി ഐയോട് പറഞ്ഞു.
നാളെ വൈകുന്നേരം മറ്റ് ക്യാബിനറ്റ് മന്ത്രിമാർക്കൊപ്പം സത്യപ്രതിജ്ഞ ചെയ്യുമെന്ന് അദ്ദേഹം വ്യക്തമാക്കി. എത്ര മന്ത്രിമാരുണ്ടാകുമെന്ന ചോദ്യത്തിന് ഇക്കാര്യം ചർച്ച ചെയ്തുവരികയാണെന്നും അത് പൂർത്തിയായാൽ മാധ്യമങ്ങളെ അറിയിക്കും അദ്ദേഹം പറഞ്ഞു.
ഈ എൻ ഡി എ സർക്കാരിന്റെ കാലത്ത് ഇത് രണ്ടാം തവണയാണ് ജെയ്റ്റിലിക്ക് പ്രതിരോധവകുപ്പിന്റെ അധിക ചുമതല ലഭിക്കുന്നത്. നേരത്തെ 2014 മെയ് 26 മുതൽ നവംബർ ഒന്പത് വരെ അദ്ദേഹം പ്രതിരോധവകുപ്പിന്റെ അധിക ചുമതല വഹിച്ചിരിുന്നത്.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ