ലോ‌ക്‌സഭ തിരഞ്ഞെടുപ്പ് ഫലവും എക്സിറ്റ് പോൾ ഫലവും ഒന്നാണെങ്കിൽ എവിഎം സംബന്ധിച്ച പ്രതിപക്ഷത്തിന്റെ വാദവും പൊളിയുമെന്ന് കേന്ദ്ര മന്ത്രി അരുൺ ജെയ്റ്റ്‌ലി. ഞായറാഴ്ച ഏഴാം ഘട്ട വോട്ടെടുപ്പും പൂർത്തിയായതിന് ശേഷമാണ് രാജ്യത്ത് വിവിധ മാധ്യമങ്ങൾ നടത്തിയ എക്സിറ്റ് പോൾ ഫലങ്ങൾ പുറത്ത് വന്നത്. ബിജെപിക്കും എൻഡിഎയ്ക്കും മികച്ച ഭൂരിപക്ഷം പ്രവചിക്കുന്നതായിരുന്നു ഏകദേശം എല്ലാ എക്സിറ്റ് പോൾ ഫലങ്ങളും. ഈ പശ്ചാത്തലത്തിലാണ് ഇലക്ട്രോണിക് വോട്ടിങ് മെഷ്യനുമായി ബന്ധപ്പെട്ട പ്രതിപക്ഷ ആരോപണങ്ങൾക്കും മറുപടിയായി അരുൺ ജെയ്റ്റ്‌ലി രംഗത്തെത്തിയത്.

Also Read: എക്‌സിറ്റ് പോളുകള്‍ക്ക് പിന്നാലെ ബിജെപി സഖ്യ കക്ഷികള്‍ക്ക് വിരുന്നൊരുക്കി അമിത് ഷാ

“എക്സിറ്റ് പോളുകൾ തികച്ചും വ്യക്തിപരമായ അഭിപ്രായങ്ങളാണ്. ഇലക്ട്രോണിക് വോട്ടിങ് മെഷ്യന് ഇതുമായി യാതൊരു ബന്ധവുമില്ല. മേയ് 23ന് പുറത്ത് വരുന്ന അന്തിമ ഫലവും എക്സിറ്റ് പോൾ ഫലവും ഒന്നാണെങ്കിൽ ഇവിഎം സംബന്ധിച്ച പ്രതിപക്ഷ ആരോപണങ്ങളും പൊളിയും” അരുൺ ജെയ്റ്റ്‌ലി ട്വിറ്ററിൽ കുറിച്ചു.

എക്സിറ്റ് പോൾ ഫലങ്ങൾ പുറത്ത് വന്നതിന് പുറമെ കടുത്ത ആരോപണവുമായി തൃണമൂൽ കോൺഗ്രസ് നേതാവും പശ്ചിമ ബംഗാൾ മുഖ്യമന്ത്രിയുമായ മമത ബാനർജി രംഗത്തെത്തിയിരുന്നു. ഇലക്ട്രോണിക് വോട്ടിങ് മെഷ്യനുകളെ ഒഴിവാക്കാനുള്ള ബിജെപിയുടെ തന്ത്രമാണെന്നായിരുന്നു മമതയുടെ പ്രതികരണം.

എക്‌സിറ്റ് പോളില്‍ ബിജെപിക്കും എന്‍ഡിഎയ്ക്കും വലിയ മുന്നേറ്റമാണ് പ്രവചിച്ചിരിക്കുന്നത്. മിക്ക എക്‌സിറ്റ് പോളുകളിലും ബിജെപി നയിക്കുന്ന എന്‍ഡിഎ 300 ല്‍ പരം സീറ്റുകളും കോണ്‍ഗ്രസ് നയിക്കുന്ന യുപിഎ 130 ഓളം സീറ്റുകളും ജയിക്കുമെന്നാണ് പറയുന്നത്. കഴിഞ്ഞ ലോകസഭാ തിരഞ്ഞെടുപ്പില്‍ എന്‍ഡിഎ 336 സീറ്റുകളായിരുന്നു നേടിയത്.

രാജ്യത്ത് ഏഴ് ഘട്ടങ്ങളിലായാണ് ഇത്തവണ ലോക്സഭാ തിരഞ്ഞെടുപ്പ് നടന്നത്. കേരളത്തില്‍ ഏപ്രില്‍ 23 നാണ് വോട്ടെടുപ്പ് നടന്നത്. മേയ് 23 ന് രാവിലെ എട്ട് മുതല്‍ വോട്ടെണ്ണല്‍ ഫലങ്ങള്‍ അറിയാം. അതേസമയം ബിജെപി ഇതര സര്‍ക്കാര്‍ എന്ന ലക്ഷ്യവുമായി ടിഡിപി നേതാവും ആന്ധ്രാപ്രദേശ് മുഖ്യമന്ത്രിയുമായ ചന്ദ്രബാബു നായിഡു ഇന്ന് വീണ്ടും കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയും സോണിയ ഗാന്ധിയുമായി കൂടിക്കാഴ്ച നടത്തി. രണ്ടാം തവണയാണ് നായിഡു രാഹുല്‍ ഗാന്ധിയുമായി കൂടിക്കാഴ്ച നടത്തുന്നത്. തൃണമൂല്‍ കോണ്‍ഗ്രസ് നേതാവും പശ്ചിമബംഗാള്‍ മുഖ്യമന്ത്രിയുമായ മമത ബാനര്‍ജിയുമായും കൂടിക്കാഴ്ച നടത്തി.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook