ന്യൂഡൽഹി: വൃക്ക സംബന്ധമായ അസുഖത്തെ തുടർന്ന് അമേരിക്കയിൽ വിദഗ്ദ്ധ ചികിത്സയ്ക്കായി പോയ കേന്ദ്രമന്ത്രി അരുൺ ജയ്റ്റ്ലി തിരിച്ചെത്തി. വീട്ടിലേക്ക് തിരിച്ചെത്തുന്നതിന്റെ ആനന്ദത്തിലാണ് താനെന്ന് ജയ്റ്റ്ലി ട്വിറ്ററിൽ കുറിച്ചു.
ആരോഗ്യ സ്ഥിതി വഷളായതിനെ തുടര്‍ന്ന് നാല് മാസം ഔദ്യോഗിക ജോലികളില്‍ നിന്ന് അദ്ദേഹം മാറി നിന്നിരുന്നു. തെരഞ്ഞെടുപ്പിന് ദിവസങ്ങൾക്ക് മുൻപ് ബജറ്റവതരിപ്പിക്കാൻ പോലും കേന്ദ്ര ധനമന്ത്രി എത്താതിരുന്നത് കേന്ദ്ര സർക്കാരിൽ ഭിന്നതകളുണ്ടെന്ന ആരോപണം ഉയർത്തിയിരുന്നു. എന്നാൽ ആരോഗ്യസ്ഥിതി വഷളായതിനാലാണ് ജയ്റ്റ്ലി വിദേശത്ത് പോയതെന്നാണ് ഇതിന് കേന്ദ്രസർക്കാർ നൽകിയ വിശദീകരണം.
Delighted to be back home.
— Arun Jaitley (@arunjaitley) February 9, 2019
ജയ്റ്റ്ലി വിദേശത്തായതിനാൽ ഇത്തവണത്തെ കേന്ദ്ര ബജറ്റ് പിയൂഷ് ഗോയലാണ് അവതരിപ്പിച്ചത്. നിലവിൽ അരുൺ ജയ്റ്റ്ലിക്ക് വകുപ്പുകളുടെ ചുമതലയില്ല. അദ്ദേഹം മേൽനോട്ടം വഹിച്ചിരുന്ന എല്ലാ വകുപ്പുകളും ഇപ്പോൾ പിയൂഷ് ഗോയലാണ് കൈകാര്യം ചെയ്യുന്നത്.
വൃക്ക മാറ്റിവെയ്ക്കലിന് ശേഷം അണുബാധ ഉണ്ടാകാനുളള സാധ്യത കൂടുതലായതിനാൽ ജയ്റ്റ്‍ലിയെ കാണുന്നതിനും ഹസ്തദാനം ചെയ്യുന്നതിനുമെല്ലാം നിയന്ത്രണങ്ങൾ ഏര്‍പ്പെടുത്തിയിരുന്നു. റാഫേല്‍ വിവാദത്തിൽ കോണ്‍ഗ്രസിന്റെ ആക്രമണങ്ങളെ തുടക്കത്തിൽ പ്രതിരോധിച്ച ജയ്റ്റ്ലി ബജറ്റിന് മുൻപ് രാജ്യം വിടുകയും, വിവാദ വിഷയത്തിൽ മറുപടി നൽകുന്ന ചുമതല മറ്റ് മന്ത്രിമാർ ഏറ്റെടുക്കുകയും ചെയ്തു.