ന്യൂഡൽഹി: വിവാദമായ പഞ്ചാബ് നാഷണൽ ബാങ്ക് വായ്പ തട്ടിപ്പുമായി ബന്ധപ്പെട്ട് ഓഡിറ്റർമാരെയും ബാങ്ക് മാനേജ്മെന്റിനെയും കുറ്റപ്പെടുത്തി വീണ്ടും കേന്ദ്ര ധനമന്ത്രി അരുൺ ജയ്റ്റ്‌ലി. ഇനി മുതൽ ഇത്തരം തട്ടിപ്പുകാരെ നിയന്ത്രിക്കാൻ നിയമം കൂടുതൽ കർശനമാക്കുമെന്ന് കേന്ദ്ര ധനമന്ത്രി വ്യക്തമാക്കി.

ഇക്കണോമിക് ടൈംസ് സംഘടിപ്പിച്ച ഗ്ലോബൽ ബിസിനസ് സമ്മിറ്റിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. എല്ലാ ഇടപാടുകൾക്കും നിരീക്ഷകരുണ്ട്. നിർഭാഗ്യവശാൽ അവരുടെ പ്രവർത്തനങ്ങൾ നിരീക്ഷപ്പെടുന്നില്ല. രാഷ്ട്രീയക്കാർ മാത്രമാണ് പ്രതിസ്ഥാനത്ത് എത്തുന്നത്. അത്തരം സംഭവങ്ങൾ ആവർത്തിക്കാതിരിക്കാൻ നിയമം കൂടുതൽ ശക്തിപ്പെടുത്തും.

ഇതോടെ പഞ്ചാബ് നാഷണൽ ബാങ്ക് തട്ടിപ്പുമായി ബന്ധപ്പെട്ട് മാനേജ്മെന്റിനെയും ഓഡിറ്റർമാരെയും പ്രതിസ്ഥാനത്ത് നിർത്തിക്കൊണ്ടുളള നിലപാട് കേന്ദ്ര ധനമന്ത്രി ഒന്നുകൂടി ശക്തിപ്പെടുത്തി. കുറ്റക്കാരെ കണ്ടെത്താനും അവർക്ക് പരമാവധി ശിക്ഷ വാങ്ങിക്കൊടുക്കുന്നതിനും സഹായകമാവുന്ന വിധം നിയമം ശക്തിപ്പെടുത്തും.

തട്ടിപ്പുകാരെ പിടികൂടാൻ സാധിക്കാത്തതും മാനേജ്മെന്റിന് ഇത്തരം തട്ടിപ്പുകളെ കുറിച്ച് ഒരു വിവരവും ഇല്ലായിരുന്നുവെന്ന് പറയുന്നതും വളരെയധികം ആശങ്കപ്പെടുത്തുന്നു. വിവിധ ഘട്ടങ്ങളിൽ ഓഡിറ്റിംഗ് നടക്കുന്നുണ്ടെങ്കിലും ആരും ഇതൊന്നും കണ്ടെത്തിയില്ലെന്നതും ആശങ്കയാണെന്നും അദ്ദേഹം വ്യക്തമാക്കി.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook