ന്യൂഡല്‍ഹി: കിട്ടാക്കടം 10.3 ലക്ഷം കോടി കടന്ന സാഹചര്യത്തില്‍ മൂന്ന് പൊതുമേഖലാ ബാങ്കുകളെക്കൂടി ലയിപ്പിച്ച് രാജ്യത്തെ മൂന്നാമത്തെ ഏറ്റവും വലിയ ബാങ്ക് രൂപവത്കരിക്കുമെന്ന് കേന്ദ്രസര്‍ക്കാര്‍. ദേന ബാങ്ക്, വിജയ ബാങ്ക്, ബാങ്ക് ഓഫ് ബറോഡ എന്നീ ബാങ്കുകളാണ് ലയിപ്പിക്കുക. ലയനവിഷയം മൂന്ന് ബാങ്കുകളുടെയും അധികൃതര്‍ വിശദമായി ചര്‍ച്ച ചെയ്യുമെന്ന് കേന്ദ്ര ധനമന്ത്രി അരുണ്‍ ജെയ്റ്റ്ലി പറഞ്ഞു. ബാങ്കുകള്‍ ലയിപ്പിച്ച് പ്രവര്‍ത്തനമേഖല വിപുലീകരിക്കുമെന്ന് ധനമന്ത്രി അരുണ്‍ ജെയ്റ്റ്‌ലി അറിയിച്ചു.

‘ബജറ്റില‍്‍ പ്രഖ്യാപിച്ചത് പോലെ ബാങ്കുകളുടെ ഏകീകരണം സര്‍ക്കാരിന്റെ അജണ്ടയിലുണ്ട്. അതിന്റെ ആദ്യ പടിയായ പ്രഖ്യാപനം നടത്തുകയും ചെയ്തു. ഇനി മൂന്ന് ബാങ്കുകളുടെ ഏകീകരണം നടക്കുന്നതോടെ ഇത് രാജ്യത്തെ ഏറ്റവും വലിയ മൂന്നാമത്തെ ബാങ്കായി മാറും’, ജെയ്റ്റ്ലി വ്യക്തമാക്കി. അതേസമയം, ജീവനക്കാരുടെ സേവനവേതന വ്യവസ്ഥകളില്‍ മാറ്റമുണ്ടാവില്ലെന്നും അദ്ദേഹം ഉറപ്പു നല്‍കി.ബാങ്കിംഗ് മേഖലയില്‍ പരിഷ്‌കരണങ്ങള്‍ ആവശ്യമാണെന്നും സര്‍ക്കാര്‍ ബാങ്കുകളുടെ കാര്യത്തില്‍ വേണ്ടത്ര ശ്രദ്ധ കാട്ടുന്നുണ്ടെന്നും ഫിനാന്‍ഷ്യല്‍ സര്‍വ്വീസസ് സെക്രട്ടറി രാജീവ് കുമാര്‍ അറിയിച്ചു.

പൊതുമേഖലാബാങ്കുകളുടെ കിട്ടാക്കടത്തിന്റെ പ്രശ്നം ഉന്നയിച്ചാണ് ലയന പദ്ധതിയുമായി നീങ്ങുന്നത്. രാജ്യത്തെ ബാങ്കുകൾക്ക് ഏഴുലക്ഷം കോടിയിലേറെ കിട്ടാക്കടമുള്ളതിൽ ആറുലക്ഷം കോടിയും പൊതുമേഖലാ ബാങ്കുകൾക്കാണ്. വലിയ സ്ഥാപനങ്ങളായി മാറിക്കഴിയുമ്പോൾ ഭാവിയിലുണ്ടാകുന്ന പ്രശ്നങ്ങൾ നേരിടാൻ കാര്യക്ഷമതയുണ്ടാകുമെന്നാണ് സര്‍ക്കാരിന്റെ പ്രതീക്ഷ.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook