ന്യൂഡല്‍ഹി: ധനമന്ത്രി അരുണ്‍ ജെയ്റ്റ്‍ലിയെ ഓല്‍ ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സില്‍ (എയിംസ്) പ്രവേശിപ്പിച്ചു. നാളെ അദ്ദേഹം വൃക്ക മാറ്റിവെയ്ക്കല്‍ ശസ്ത്രക്രിയയ്ക്ക് വിധേയനാകും. വൃക്കരോഗം കാരണം ബുദ്ധിമുട്ടുന്ന 65കാരനായ ജെയ്റ്റ്ലി തിങ്കളാഴ്ച്ച മുതല്‍ വിശ്രമിക്കുകയായിരുന്നു. രാജ്യസഭയിലേക്ക് വീണ്ടും തിരഞ്ഞെടുക്കപ്പെട്ടിട്ട് അദ്ദേഹത്തിന് രോഗം കാരണം സത്യപ്രതിജ്ഞ പോലും ചെയ്യാന്‍ സാധിച്ചിട്ടില്ല.

ഇന്ത്യ- ഇംഗ്ലണ്ട് പത്താം സാമ്പത്തിക സംവാദത്തില്‍ പങ്കെടുക്കില്ലെന്ന് അദ്ദേഹം കഴിഞ്ഞ ദിവസം വ്യക്തമാക്കിയിട്ടുണ്ട്. ഡോക്ടര്‍ സഹോദരങ്ങളായ സന്ദീപ് ഗലേരിയയും രണ്‍ദീപ് ഗലേരിയയുമാണ് ജെയ്റ്റ്‍ലിയെ ചികിത്സിക്കുന്നത്. സന്ദീപ് അപ്പോളോ ആശുപത്രിയിലേയും രണ്‍ദീപ് എയിംസിലേയും ഡോക്ടര്‍മാരാണ്. ജെയ്റ്റ്‍ലിയുടെ കുടുംബ സുഹൃത്താണ് ഇരുവരും. അതേസമയം ജെയ്റ്റ്‍ലി വേഗത്തില്‍ സുഖം പ്രാപിക്കട്ടേയെന്ന് കോണ്‍ഗ്രസ് അദ്ധ്യക്ഷന്‍ രാഹുല്‍ ഗാന്ധി ആശംസിച്ചു.

ജെയ്റ്റ്‍ലിയുടെ അസുഖത്തെ കുറിച്ച് അറിയുമ്പോള്‍ ഏറെ ദുഖിക്കുന്നുവെന്നും രാഹുല്‍ പറഞ്ഞു. പ്രമേഹം കാരണമുണ്ടായ ഭാരവ്യത്യാസം മാറ്റാനായി അദ്ദേഹം 2014 സെപ്തംബറില്‍ ശസ്ത്രക്രിയയ്ക്ക് വിധേയനായിരുന്നു. മാക്സ് ആശുപത്രിയിലാണ് ശസ്ത്രക്രിയ നടത്തിയതെങ്കിലും പിന്നീട് നില വഷളായതിനെ തുടര്‍ന്ന് അദ്ദേഹത്തെ എയിംസിലേക്ക് മാറ്റിയിരുന്നു.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ