ന്യൂഡല്‍ഹി: കാലയളവ് പരാമര്‍ശിക്കാതെയുള്ള ഇന്റര്‍നെറ്റ് നിരോധനം ടെലികോം നിയമങ്ങളുടെ ലംഘനമാണെന്നു സുപ്രീം കോടതി. എല്ലാ നിയന്ത്രണങ്ങളും ജമ്മുകശ്മീര്‍ ഭരണകൂടം ഒരാഴ്ചയ്ക്കുള്ളില്‍ പുനരവലോകനം ചെയ്യണം. നിയന്ത്രണങ്ങള്‍ ആവിഷ്‌കാര സ്വാതന്ത്ര്യത്തിന്റെ പരിധിയില്‍ വരുന്നതാണെന്നും സുപ്രീം കോടതി നിരീക്ഷിച്ചു.

ജമ്മുകശ്മീരിന് പ്രത്യേക പദവി നല്‍കുന്ന ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കിയതിന് പിന്നാലെ ഏര്‍പ്പെടുത്തിയ ഇന്റര്‍നെറ്റ് നിരോധനം ഉള്‍പ്പെടെയുള്ള നിയന്ത്രണങ്ങളെ ചോദ്യം ചെയ്തുകൊണ്ട് സമര്‍പ്പിച്ച ഹര്‍ജികളിലാണു കോടതി ഉത്തരവ്.

ഇന്റനെറ്റിന്റെ സമ്പൂര്‍ണ നിയന്ത്രണം അസാധാരണമായ നടപടിയായി മാത്രമേ കണക്കാക്കാവൂ. ഇന്റര്‍നെറ്റ് സേവനങ്ങള്‍ നിയന്ത്രിക്കുന്നതും താല്‍ക്കാലികമായി നിര്‍ത്തുന്നതും സംബന്ധിച്ച് പുറപ്പെടുവിച്ച ഏത് ഉത്തരവും നീതിന്യായ പരിശോധനയ്ക്കു വിധേയമായിരിക്കുമെന്നും കോടതി പറഞ്ഞു.

മൗലികാവകാശങ്ങള്‍ക്കുള്ള നിയന്ത്രണം ഏകപക്ഷീയമായ അധികാരങ്ങള്‍ വിനിയോഗിക്കുന്നതില്‍ ഉണ്ടാകില്ലെന്ന് കരുതുന്നു. മറ്റ് മാര്‍ഗങ്ങളില്ലെങ്കില്‍, പ്രസക്തമായ ഘടകങ്ങള്‍ പരിഗണിച്ചശേഷം മാത്രമേ ഈ സ്വാതന്ത്ര്യത്തെ നിയന്ത്രിക്കാന്‍ കഴിയൂ.

ഇന്റര്‍നെറ്റിന്റെ പ്രാധാന്യം കുറച്ചുകാണാന്‍ കഴിയില്ല. ഇന്റര്‍നെറ്റ് വിവരങ്ങളുടെ ഒരു പ്രധാന മാര്‍ഗമാണ്. അതിനാല്‍ ഇന്റര്‍നെറ്റ് വഴിയുള്ള അഭിപ്രായ സ്വാതന്ത്ര്യം ആര്‍ട്ടിക്കിള്‍ 19 (1) (എ)യുടെ ഭാഗമാണ്. നിയന്ത്രണങ്ങള്‍ ഈ അവകാശത്തിനുള്ള നിയന്ത്രണങ്ങള്‍ക്ക് അനുസൃതമായിരിക്കണം.

ജമ്മുകശ്മീരിലെ രാഷ്ട്രീയ സാഹചര്യത്തെക്കുറിച്ച് അഭിപ്രായം പറയില്ലെന്ന് സുപ്രീംകോടതി വ്യക്തമാക്കി. സ്വാതന്ത്ര്യവും സുരക്ഷയും എല്ലായ്‌പ്പോഴും തര്‍ക്കത്തിലാണ്. പൗരന്മാര്‍ക്ക്  അവകാശങ്ങള്‍ ഉറപ്പാക്കേണ്ടത് കോടതിയുടെ ഉത്തരവാദിത്തമാണ്. നിയന്ത്രണവുമായി ബന്ധപ്പെട്ട മുഴുവന്‍ രേഖകളും സര്‍ക്കാര്‍ സമര്‍പ്പിക്കേണ്ടതായിരുന്നുവെന്നും ജസ്റ്റിസുമാരായ വിഎന്‍ രമണ, ആര്‍.സുഭാഷ് റെഡ്ഡി, ആര്‍വി ഗവായ് എന്നിവര്‍ ഉള്‍പ്പെട്ട മൂന്നംഗ ബഞ്ച് വ്യക്തമാക്കി.

നിരോധനാജ്ഞ പുറപ്പെടുവിച്ചുകൊണ്ടുള്ള മുഴുവന്‍ ഉത്തരവുകളും സര്‍ക്കാര്‍ ഹാജരാക്കണം. ഇന്റര്‍നെറ്റ്, ടെലികോം സേവനങ്ങള്‍ റദ്ദാക്കുന്നത് സംബന്ധിച്ച ഉത്തരവുകള്‍ പ്രസിദ്ധീകരിക്കണം. ഇതുവഴി, നിയന്ത്രണങ്ങള്‍ ബാധിച്ചവര്‍ക്ക് ആവശ്യമെങ്കില്‍ അത് നിയമപരമായി ചോദ്യം ചെയ്യാന്‍ കഴിയും.

ഒഴിവാക്കാന്‍ പറ്റാത്ത സാഹചര്യങ്ങളില്‍ മാത്രമേ ഇന്റര്‍നെറ്റ് നിയന്ത്രണം പാടുള്ളൂ. നിരോധനമേര്‍പ്പെടുത്തതിനു മുന്‍പ് അധികൃതര്‍ ബദല്‍ മാര്‍ഗങ്ങള്‍ ആരായണം. മജിസ്‌ട്രേറ്റുമാര്‍ നിരോധന ഉത്തരവ് പുറപ്പെടുവിക്കുമ്പോള്‍ മതിയായി ആലോചിക്കുകയും ആനുപാതികമായ തത്വങ്ങൾ കൃത്യമായി പാലിക്കുകയും വേണം. ഇന്റര്‍നെറ്റ് ആശ്രയിച്ചുള്ളതാണു ചില വ്യപാരങ്ങളും ജോലികളും. ഇത്തരം വ്യാപാരങ്ങളും ജോലികളും ചെയ്യുന്നതു ഭരണഘടനയുടെ 19-ാം വകുപ്പ് പ്രകാരം പരിരക്ഷയുള്ളതാണ്.

നിയന്ത്രണങ്ങള്‍ സംബന്ധിച്ച ഭാവിയിലുള്ള എല്ലാ ഉത്തരവുകളും സമയബന്ധിതമായി നിര്‍ബന്ധമായി പുനപരിശോധിക്കണം. ജനങ്ങളുടെ സ്വാതന്ത്ര്യത്തെ തടസപ്പെടുത്താന്‍ ക്രിമിനല്‍ പ്രൊസീജിയര്‍ കോഡിലെ 144-ാം വകുപ്പ് ഉപയോഗിക്കരുത്. അക്രമത്തിനു പ്രോത്സാഹനം നല്‍കുന്ന സാഹചര്യങ്ങളിലും പൊതുസുരക്ഷയ്ക്കു ഭീഷണിയുണ്ടാവുമ്പോഴും മാത്രമേ ഈ വകുപ്പ് ഉപയോഗിക്കാവൂ.

വിയോജിപ്പ്, അസ്ഥിരമാക്കുന്നതിനെ ന്യായീകരിക്കുന്നില്ല. ജനാധിപത്യ അവകാശങ്ങളുടെ നിയമാനുസൃതമായ ആവിഷ്‌കാരത്തെ തടയാന്‍ സിആര്‍പിസി സെക്ഷന്‍ 144 പ്രകാരമുള്ള അധികാരം ഉപയോഗിക്കാന്‍ കഴിയില്ല. മാധ്യമസ്വാതന്ത്ര്യം ഭരണഘടനയുടെ 19 (1) (എ) വകുപ്പ് പ്രകാരമുള്ള അവകാശമാണെന്നതില്‍ സംശയമില്ല എല്ലാ ആധുനിക ജനാധിപത്യത്തിലും ഇത് ആവശ്യമാണ്.

കോണ്‍ഗ്രസ് നേതാവ് ഗുലാം നബി ആസാദ്, കശ്മിര്‍ ടൈംസ് എക്സിക്യൂട്ടീവ് എഡിറ്റര്‍ അനുരാധാ ഭാസിന്‍ തുടങ്ങിയവരാണ് ഹര്‍ജിക്കാര്‍. 2019 ഓഗസ്റ്റ് അഞ്ചിനാണ് ജമ്മു കശ്മീരിന് പ്രത്യേകാധികാരം അനുവദിച്ചിരുന്ന ഭരണഘടനയിലെ ആര്‍ട്ടിക്കിള്‍ 370 കേന്ദ്ര സര്‍ക്കാര്‍ റദ്ദാക്കിയത്. അന്ന് മുതല്‍ പ്രദേശത്ത് വാര്‍ത്തവിനിമയ സൗകര്യങ്ങള്‍ക്കും മറ്റും കടുത്ത നിയന്ത്രണം ഏര്‍പ്പെടുത്തുകയും പ്രദേശത്ത് ഇന്റര്‍നെറ്റ് വിച്ഛേദിക്കുകയും ചെയ്തിരുന്നു.

Read More: ജെഎന്‍യു: വിസിയെ പുറത്താക്കണമെന്ന് മുരളി മനോഹര്‍ ജോഷി

പ്രീപെയ്ഡ് മൊബൈല്‍ഫോണ്‍ സൗകര്യങ്ങള്‍ വളരരെ ഭാഗികമായി പുനഃസ്ഥാപിച്ചെങ്കിലും ഇന്റര്‍നെറ്റ് നിരോധനം ഇപ്പോഴും തുടര്‍ന്നു കൊണ്ടിരിക്കുകയാണ്. ഇതോടു കൂടി ഒരു ജനാധിപത്യ വ്യവസ്ഥിതിയില്‍ ഏറ്റവും കൂടുതല്‍ കാലം ഇന്റര്‍നെറ്റ് നിരോധനം ഏര്‍പ്പെടുത്തിയ രാജ്യമായി ഇന്ത്യ മാറിയിരുന്നു.

ആര്‍ട്ടിക്കിള്‍ 19ല്‍ ഉള്‍ച്ചേര്‍ന്നിട്ടുള്ള വ്യക്തികളുടെ സ്വകാര്യതക്കുള്ള മൗലികാവകാശം സംബന്ധിച്ച സുപ്രീം കോടതി വിധിക്കെതിരാണ് കശ്മീരിലെ നിയന്ത്രണങ്ങള്‍ എന്നായിരുന്നു ഹരജിക്കാര്‍ ചൂണ്ടിക്കാണിച്ചിരുന്നത്.

അതേസമയം, മുഖ്യമന്ത്രിമാരായ മെഹബൂബ മുഫ്തി, ഫാറൂഖ് അബ്ദുല്ല, ഒമര്‍ അബ്ദുല്ല തുടങ്ങിയ നേതാക്കള്‍ ഇപ്പോഴും വീട്ടുതടങ്കലില്‍ തുടരുകയാണ്. ഇവരെ എപ്പോള്‍ മോചിപ്പിക്കുമെന്ന് കേന്ദ്രം ഇതുവരെ വ്യക്തമാക്കിയിട്ടില്ല.

മറ്റ് അഞ്ച് നേതാക്കളെ നാല് മാസത്തിന് ശേഷം ഡിസംബര്‍ 31ന് വിട്ടയച്ചിരുന്നു. ഓഗസ്റ്റ് അഞ്ച് മുതല്‍ ഇവര്‍ വീട്ടുതടങ്കലിലായിരുന്നു.നാഷണല്‍ കോണ്‍ഫറന്‍സ്, പി ഡി പി നേതാക്കളായ സഹൂര്‍ മിര്‍, ഗുലാം നബി, ഇഷ്ഫാക്ക് ജബ്ബാര്‍, യാസിര്‍ രേഷി, ബഷീര്‍ മിര്‍ എന്നിവരാണ് മോചിതരായത്. അന്നത്തെ മുഖ്യമന്ത്രിയും പിഡിപി രക്ഷാധികാരിയുമായ മെഹബൂബ മുഫ്തിക്കെതിരെ പരസ്യമായി കലാപം നടത്തിയ വിമത പിഡിപി നേതാവാണ് യാസിര്‍ രേഷി.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook