ന്യൂഡല്‍ഹി: ജമ്മു കശ്മീരിലെ നിയന്ത്രണങ്ങള്‍ക്ക് ഇളവ്. വരും ദിവസങ്ങളില്‍ ഘട്ടം ഘട്ടമായി നിയന്ത്രണങ്ങളില്‍ ഇളവ് കൊണ്ടുവരുമെന്ന് ചീഫ് സെക്രട്ടറി ബി.വി.ആര്.സുബ്രഹ്മണ്യന് അറിയിച്ചു. നിരോധാജ്ഞയ്ക്കിടെ ഒരു ജീവന് പോലും നഷ്ടമായിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.
Read More: ജമ്മു കശ്മീർ: യുഎൻ രക്ഷാസമിതിയിൽ ഇന്ന് അനൗദ്യോഗിക ചര്‍ച്ച
”സമാധാനം നിലനിര്‍ത്താനുള്ള ശ്രമങ്ങള്‍ക്കിടെ ഒരു മരണം പോലും സംഭവിച്ചില്ല. ഒരാള്‍ക്കും പരുക്കേറ്റിട്ടുമില്ല. ഘട്ടം ഘട്ടമായി നിയന്ത്രണങ്ങള്‍ ലഘൂകരിക്കാനുള്ള ശ്രമമാണ് ഇപ്പോള്‍ നടക്കുന്നത്. വരും ദിവസങ്ങളിലതുണ്ടാകും” അദ്ദേഹം പറഞ്ഞു.
ജമ്മു കശ്മീരിലെ സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ പ്രവര്‍ത്തിക്കുന്നുണ്ടെന്നും സ്കൂളുകള്‍ അടുത്തയാഴ്ച തുറക്കുമെന്നും അദ്ദേഹം പറഞ്ഞു. സ്കൂളുകളുടെ അടുത്തുള്ള പൊതുഗതാഗതം അനുവദിക്കുമെന്നും സര്‍ക്കാര്‍ ഓഫീസുകളില്‍ എല്ലാവരും എത്തിയെന്നും അദ്ദേഹം അറിയിച്ചു. സംസ്ഥാനത്തെ 12 ജില്ലകളിലും സ്ഥിതിഗതികള്‍ ശാന്തമാണെന്നും അഞ്ച് ജില്ലകളില്‍ മാത്രമാണ് നിയന്ത്രണം നിലനില്‍ക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
നിരോധജ്ഞ പ്രഖ്യാപിച്ച സമയത്ത് മെഡിക്കല്‍ സര്‍വ്വീസുകളും ഹജ് തീർഥാടകര്‍ക്കുള്ള സഹായങ്ങളും കൃത്യമായി നടക്കാനുള്ള നടപടികള്‍ സ്വീകരിച്ചിരുന്നുവെന്നും സുബ്രഹ്മണ്യം പറഞ്ഞു. മാധ്യമങ്ങള്‍ക്ക് റിപ്പോര്‍ട്ട് ചെയ്യാനുള്ള സൗകര്യവും ഒരുക്കുമെന്നും അദ്ദേഹം അറിയിച്ചു.