ന്യൂഡല്‍ഹി: ജമ്മു കശ്മീരിന് പ്രത്യേക പദവി നല്‍കിയ ആര്‍ട്ടിക്കിള്‍ 370 ഭീകരവാദത്തിന്റെ വേരായിരുന്നുവെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. രാജ്യസഭയില്‍ കശ്മീര്‍ വിഷയത്തില്‍ മറുപടി പറയുകയായിരുന്നു അമിത് ഷാ. ജമ്മു കശ്മീരിനെ രണ്ട് കേന്ദ്രഭരണ പ്രദേശങ്ങളായി വിഭജിക്കാനുമുള്ള കേന്ദ്രസര്‍ക്കാര്‍ നീക്കം കശ്മീരിലെ രക്തച്ചൊരിച്ചില്‍ അവസാനിപ്പിക്കുമെന്ന് കേന്ദ്രആഭ്യന്തരമന്ത്രി അമിത്ഷാ

കശ്മീരിന്റെ പ്രത്യേക പദവി എടുത്തുകളയുകയും രണ്ട് കേന്ദ്ര ഭരണ പ്രദേശങ്ങളായി വിഭജിക്കുന്നകയും ചെയ്തുകൊണ്ടുള്ള ബില്ലുകള്‍ രാജ്യസഭ പാസാക്കി. വോട്ടെടുപ്പിന് മുമ്പായിരുന്നു ഷാ മറുപടി പ്രസംഗം നടത്തിയത്.

”കശ്മീരിരെ ഭീകരവാദത്തിന്റെ കാരണം ആര്‍ട്ടിക്കിള്‍ 370 ആയിരുന്നു. അതിന്റെ കാലം കഴിഞ്ഞു. ഇന്ന് അത് ചെയ്തില്ലെങ്കില്‍ ജമ്മു കശ്മീരിലെ ഭീകരവാദം അവസാനിപ്പിക്കാനാകില്ല” അമിത് ഷാ പറഞ്ഞു. നീക്കത്തെ ജനാധിപത്യത്തിന്റെ കൊലപാതകമെന്നായിരുന്നു കോണ്‍ഗ്രസ് വിശേഷിപ്പിച്ചത്. ജമ്മു കശ്മീരിലെ ജനതയെ ഇന്ത്യയുടെ ഭാഗമാക്കി മറ്റിടങ്ങളിലെ പോലെ തന്നെ വികസനം നടപ്പിലാക്കുകയാണ് ലക്ഷ്യമെന്നും അമിത് ഷാ പറഞ്ഞു.

Read More: Jammu and Kashmir News Live Updates: ജമ്മു കശ്മീർ പ്രമേയം രാജ്യസഭ പാസാക്കി

”ആര്‍ട്ടിക്കള്‍ 370 റദ്ദാക്കാന്‍ രാഷ്ട്രീയ ഇച്ഛാ ശക്തി വേണം. അതിനുള്‌ള കരുത്ത് നരേന്ദ്രമോദിക്കുണ്ട്. ഇന്ത്യയെ സംബന്ധിച്ച് കശ്മീര്‍ കിരീടത്തിലെ മ്ുത്താണ്. ഞങ്ങള്‍ക്ക് അഞ്ച് വര്‍ഷം തരൂ, കശ്മീരിനെ രാജ്യത്തെ ഏറ്റവും വികസനമുള്ള സംസ്ഥാനമാക്കി മാറ്റി തരാം” അമിത് ഷാ പറഞ്ഞു.

ആര്‍ട്ടിക്കിള്‍ 370 നിലനില്‍ക്കുന്നതിനാല്‍ തന്നെ ജമ്മുകശ്മീരില്‍ ജനാധിപത്യം അതിന്റെ പൂര്‍ണ്ണതയില്‍ നടപ്പാക്കാന്‍ കഴിയുന്നില്ലെന്നും അമിത്ഷാ പറഞ്ഞു. ഇത് സംസ്ഥാനത്ത് അഴിമതിക്ക് കാരണമാകുന്നുവെന്നും അതിനാല്‍ ഇവിടെ വികസനങ്ങള്‍ ഒന്നും എത്തുന്നില്ലെന്നും അമിത്ഷാ സഭയില്‍ ഭേദഗതിയെ ന്യായീകരിച്ചു പറഞ്ഞു.

”മതത്തിന്റെ രാഷ്ട്രീയത്തില്‍ ഞാന്‍ വിശ്വസിക്കുന്നില്ല. എന്താണ് വോട്ട് ബാങ്ക് രാഷ്ട്രീയം? മുസ്ലീങ്ങള്‍ മാത്രമാണോ കശ്മീരില്‍ താമസിക്കുന്നത്? നിങ്ങള്‍ എന്താണ് പറയാന്‍ ആഗ്രഹിക്കുന്നത്? മുസ്ലീങ്ങള്‍, ഹിന്ദുക്കള്‍, സിഖുകാര്‍, ജൈനന്മാര്‍, ബുദ്ധമതക്കാര്‍ എല്ലാവരും അവിടെ താമസിക്കുന്നുണ്ട്. ആര്‍ട്ടിക്കിള്‍ 370 നല്ലതാണെങ്കില്‍ അത് എല്ലാവര്‍ക്കും നല്ലതാണ്, മോശമാണെങ്കില്‍ അത് എല്ലാവര്‍ക്കും ദോഷകരമാണ്” അമിത്ഷാ പറഞ്ഞു.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook