ഹൈദരാബാദ്: പുതുതായിര രൂപീകരിച്ച ജില്ലയെ ഡോ ബി ആര്‍ അംബേദ്കറുടെ പേരില്‍ പുനര്‍നാമകരണം ചെയ്യാനുള്ള സര്‍ക്കാര്‍ നീക്കത്തിനെതിരെ ആന്ധ്രാപ്രദേശില്‍ വന്‍ സംഘര്‍ഷം. അമലപുരം നഗരത്തിലുണ്ടായ പ്രതിഷേധം തീവയ്പില്‍ കലാശിച്ചു.
കോണസീമ ജില്ലയുടെ പേര് മാറ്റാനുള്ള തീരുമാനമാണു സംഘര്‍ഷത്തിനു കാരണമായത്. പ്രതിഷേധകര്‍, ഭരണകക്ഷിയായ വൈഎസ്ആര്‍സിപിയുടെ മുമ്മിടിവാരം എംഎല്‍എ പി സതീഷിന്റെ വീട് ആക്രമിച്ച് തീവച്ചു. ഗതാഗത മന്ത്രി പി വിശ്വരൂപിന്റെ വീടിനു പുറത്ത് സൂക്ഷിച്ചിരുന്ന ഫര്‍ണിച്ചറുകള്‍ കത്തിച്ചു.
പ്രതിഷേധക്കാര്‍ പൊലീസ് വാഹനങ്ങള്‍ക്കും ബസുകള്‍ക്കും തീയിട്ടതായി കോണസീമ എസ്പി കെ സുബ്ബ റെഡ്ഡി ഇന്ത്യന്‍ എക്‌സ്പ്രസിനോട് പറഞ്ഞു. നിരവധി പൊലീസുകാര്‍ക്കു പരുക്കേറ്റതായും പൊലീസ് സംയമനം പാലിച്ചുകൊണ്ട് അക്രമം നിയന്ത്രണവിധേയമാക്കാന്‍ ശ്രമിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.

ആയിരക്കണക്കിനു പ്രതിഷേധക്കാര്‍ കലക്ടറുടെ സമുച്ചയത്തിലേക്ക് ഇരച്ചുകയറാന്‍ ശ്രമിച്ചതിനെത്തുടര്‍ന്നാണ് അക്രമം പൊട്ടിപ്പുറപ്പെട്ടത്. ജനക്കൂട്ടത്തെ പിരിച്ചുവിടാന്‍ പൊലീസ് ലാത്തി പ്രയോഗിക്കുകയും ആകാശത്തേക്കു വെടിയുതിര്‍ക്കുകയും ചെയ്തു. പ്രതിഷേധകര്‍ പൊലീസിനു നേരെ കല്ലെറിഞ്ഞു. പ്രതിപക്ഷമായ തെലുങ്കുദേശം പാര്‍ട്ടിയാണ് പ്രതിഷേധത്തിനു പിന്നിലെന്നു ഗതാഗത മന്ത്രി വിശ്വരൂപ് ആരോപിച്ചു.
കിഴക്കന്‍ ഗോദാവരി ജില്ല വിഭജിച്ചുകൊണ്ടാണ് കോണസീമ ജില്ല രൂപീകരിച്ചത്. വൈ എസ് ജഗന്‍ മോഹന്‍ റെഡ്ഡി സര്‍ക്കാര്‍ ഏപ്രിലില്‍ പ്രഖ്യാപിച്ച 13 പുതിയ ജില്ലകളില്‍ ഒന്നാണിത്. ജില്ല ഡോ ബി ആര്‍ അംബേദ്കറുടെ പേരിലേക്കു പുനര്‍നാമകരണം ചെയ്യുമെന്ന് ഈ മാസം ആദ്യം സര്‍ക്കാര്‍ പ്രഖ്യാപിച്ചതോടെയാണ് പ്രശ്നങ്ങള്‍ ആരംഭിച്ചത്. ജില്ലയിലെ പട്ടികജാതി ജനസംഖ്യ കണക്കിലെടുത്താണു പേരു മാറ്റാനുള്ള സര്‍ക്കാര്‍ തീരുമാനം.

”ജില്ലയിലെ വലിയയൊരു വിഭാഗം ജനസംഖ്യ പട്ടികജാതി വിഭാഗത്തില്‍ പെട്ടവരായതിനാല്‍ അഭ്യര്‍ത്ഥനകള്‍ അംഗീകരിച്ച് സംസ്ഥാന സര്‍ക്കാര്‍ കോണസീമയെ അംബേദ്കര്‍ ജില്ല എന്ന് പുനര്‍നാമകരണം ചെയ്തു. എന്നാല്‍ ടിഡിപി ഈ പ്രതിഷേധങ്ങള്‍ക്ക് പ്രേരണ നല്‍കിയത് അസ്വസ്ഥതകള്‍ ഉണ്ടാക്കാനാണ്,” മന്ത്രി വിശ്വരൂപ് പറഞ്ഞു.
സംഘര്‍ഷം പൊട്ടിപ്പുറപ്പെട്ട, കോണസീമയുടെ ആസ്ഥാനമായ അമലാപുരം പട്ടികജാതി സംവരണ ലോക്‌സഭാ മണ്ഡലമാണ്. എന്നാല്‍ ടൂറിസ്റ്റ് മേഖലയുടെ ‘പരമ്പരാഗത പേര്’ നിലനിര്‍ത്തണമെന്നാണ് കോണസീമ സംരക്ഷണ സമിതി, കോണസീമ സാധന സമിതി, കോണസീമ ഉദ്യമ സമിതി തുടങ്ങിയ സംഘടനകളുടെ നേതൃത്വത്തിലുള്ള പ്രതിഷേധകരുടെ ആവശ്യം.

ബംഗാള്‍ ഉള്‍ക്കടലിനും ഗോദാവരി നദിയുടെ കൈവഴികള്‍ക്കും ഇടയില്‍ സ്ഥിതി ചെയ്യുന്ന കോണസീമയിലെ കായലുകളെ പലപ്പോഴും കേരളവുമായി താരതമ്യം ചെയ്യാറുണ്ട്.