ഭോപ്പാൽ: പൊലീസുകാരെ ആക്രമിച്ച് രക്ഷപ്പെട്ട പ്രതിയെ മണിക്കൂറുകൾക്കുളളിൽ പിടികൂടി. 25 കാരനായ വിഷ്ണു രാജ്‌വട് ആണ് രണ്ടു പൊലീസുകാരെ ആക്രമിച്ച് രക്ഷപ്പെട്ടത്. ഇയാൾ പൊലീസുകാരെ ആക്രമിക്കുന്ന സിസിടിവി ദൃശ്യം പുറത്തുവന്നിട്ടുണ്ട്.

മധ്യപ്രദേശിലെ ബിന്ദിലെ പൊലീസ് സ്റ്റേഷനിലായിരുന്നു സംഭവം. രാത്രിയിൽ ഡ്യൂട്ടിയിലുണ്ടായിരുന്ന പൊലീസുകാരെ പ്രതി പിക്കാസ് ഉപയോഗിച്ച് ആക്രമിക്കുകയായിരുന്നു. ആക്രമണത്തിൽ പരുക്കേറ്റ ഹെഡ് കോൺസ്റ്റബിൾ ഉമേഷ് ബാബുവിന്റെ നില അതീവ ഗുരുതരമാണ്.

‘ഗ്വാളിയാറിലേക്ക് കൊണ്ടുപോയ ഉമേഷ് ബാബുവിനെ പിന്നീട് വിദഗ്‌ധ ചികിൽസയ്ക്കായി ഡൽഹിക്ക് കൊണ്ടുപോയി. അദ്ദേഹത്തിന്റെ നില അതീവ ഗുരുതരമാണ്. പരുക്കേറ്റ മറ്റൊരു പൊലീസുകാരനെ ഗ്വാളിയാറിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്’, സൂപ്രണ്ട് ഓഫ് പൊലീസ് റുഡോൾഫ് അൽവറാസ് പറഞ്ഞു.

ഞായറാഴ്ചയാണ് രാജ്‌വടിനെയും കൂട്ടുകാരനെയും പൊലീസ് അറസ്റ്റ് ചെയ്തത്. ഇരുവരെയും ലോക്കപ്പിൽ അടയ്ക്കാതെ പുറത്ത് ഇരുത്തുകയായിരുന്നു. സ്റ്റേഷനിൽ രണ്ടു പൊലീസുകാരല്ലാതെ മറ്റാരും ഇല്ലെന്ന് മനസ്സിലാക്കിയ ഇയാൾ അവരെ ആക്രമിച്ചശേഷം രക്ഷപ്പെടുകയായിരുന്നു. രക്ഷപ്പെട്ട് മൂന്നു മണിക്കൂറിനുളളിൽതന്നെ ഇയാളെ പൊലീസ് പിടികൂടി.

Get Malayalam News and latest news update from India and around the world. Stay updated with today's latest News news in Malayalam at Indian Expresss Malayalam.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ