ന്യൂഡൽഹി: അധോലോക കുറ്റവാളി ദാവൂദ് ഇബ്രാഹിമിനെപ്പോലെ ആകണമെന്ന് പിടിയിലായ ഛോട്ടാ ഷക്കീലിന്റ അനുയായി. കഴിഞ്ഞ ദിവസമാണ് 21 കാരനായ ജുനൈദ് ചൗധരി ഡൽഹിയിൽനിന്നും പിടിയിലായത്. പാക്ക് വംശജനായ കനേഡിയൻ എഴുത്തുകാരൻ തരീക് ഫത്താഹിനെ വധിക്കാൻ പദ്ധതിയിടവേയാണ് ജുനൈദ് പൊലീസ് പിടിയിലായത്.

ഫത്താഹിനെ കൊലപ്പെടുത്തിയാൽ തന്നെ തിഹാർ ജയിലിലേക്ക് കൊണ്ടുപോകും. അവിടെയാണ് ഒരു കാലത്ത് ദാവൂദ് ഇബ്രാഹിമിന്റെ അടുത്ത അനുയായിയും ഇപ്പോൾ ബദ്ധ ശത്രുവുമായ ഛോട്ടാ ഷക്കീലുളളത്. അവിടെവച്ച് ഛോട്ടാ ഷക്കീലിനെ കൊല്ലുകയായിരുന്നു ജുനൈദ് ലക്ഷ്യമിട്ടിരുന്നതെന്നും പൊലീസ് വൃത്തങ്ങൾ പറഞ്ഞതായി റിപ്പോർട്ടുണ്ട്. ഭീകരവാദത്തെ കടുത്ത ഭാഷയിൽ വിമർശിച്ചിരുന്ന എഴുത്തുകാരനാണ് ഫത്താഹ്. അതിനാലാണ് അദ്ദേഹത്തെ കൊലപ്പെടുത്താൻ ജുനൈദ് പദ്ധതിയിട്ടതെന്ന് ഡപ്യൂട്ടി കമ്മിഷണർ ഓഫ് പൊലീസ് പി.എസ്.കുഷ്‌വാഹ് പറഞ്ഞു.

അതേസമയം, ചൗധരി താൻ അറസ്റ്റിലായതിനെ ഭയപ്പെടുന്നില്ലെന്നും പുറത്തിറങ്ങിയാൽ തന്റ പദ്ധതിയുമായി മുന്നോട്ടു പോകുമെന്നാണ് ചില വൃത്തങ്ങളിൽനിന്നും ലഭിക്കുന്ന വിവരം. ചൗധരിക്ക് 1.5 ലക്ഷം രൂപ ലഭിച്ചുവെന്നും ഛോട്ടോ രാജനെ കൊല്ലാൻ ഉത്തർപ്രദേശിൽനിന്നും ആയുധങ്ങൾ ലഭിച്ചുവെന്നും പൊലീസ് പറഞ്ഞു. ചൗധരിക്ക് ഇതിനുവേണ്ട സഹായം നൽകിയവരെക്കുറിച്ച് ഒരു വിവരവും ലഭിച്ചിട്ടില്ലെന്നും പൊലീസ് പറഞ്ഞു. തന്റെ പദ്ധതി നടപ്പിലാക്കാൻ മറ്റു ചിലരെക്കൂടി പണം നൽകി ചൗധരി കൂടെ കൂട്ടിയെന്നും പൊലീസ് വ്യക്തമാക്കി. ചൗധരിയുടെ പക്കൽനിന്നും തോക്കും വെടിയുണ്ടകളും പൊലീസ് പിടിച്ചെടുത്തിട്ടുണ്ട്.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ