അഹമ്മദാബാദ്: പട്ടിദാര്‍ അനാമത് ആന്തോളന്‍ സമിതി നേതാവ് ഹാർദിക് പട്ടേലിനെതിരെ രണ്ട് വര്‍ഷം പഴക്കമുളള കേസില്‍ ജാമ്യമില്ലാ അറസ്റ്റ് വാറന്‍റ്. മേഹ്സന ജില്ലയിലെ വീസനഗർ കോടതിയാണ് അറസ്റ്റ് വാറന്‍റ് പുറപ്പെടുവിച്ചത്.

2015 ജൂലൈ 24ന് ഗുജറാത്തിലെ മെഹസാന ജില്ലയില്‍ നടന്ന റാലിക്ക് പിന്നാലെ നടന്ന കലാപത്തില്‍ ഉള്‍പ്പെട്ടെന്ന് കാട്ടിയാണ് വാറണ്ട്. റാലി സംഘടിപ്പിച്ച പട്ടേല്‍ പാര്‍ട്ടിക്കെതിരേയും സര്‍ദാര്‍ പട്ടേല്‍ ഗ്രൂപ്പിനെതിരേയും കേസെടുത്തിരുന്നു. ഹാർദിക് പട്ടേലിനു പുറമേ ചില പട്ടിദാർ നേതാക്കൾക്കും ലാൽജി പട്ടേലിനുമെതിരെയും അറസ്റ്റ് വാറന്‍റ് പുറപ്പെടുവിച്ചു.

ഗുജറാത്തില്‍ ഡിസംബറില്‍ അസംബ്ലി തിരഞ്ഞെടുപ്പ് നടക്കുമെന്ന പ്രഖ്യാപനത്തിന് പിന്നാലെ പുറപ്പെടുവിച്ച അറസ്റ്റ് വാറന്റ് രാഷ്ട്രീയ എതിരാളികളെ പൂട്ടാന്‍ ബിജെപി സര്‍ക്കാര്‍ തയാറാക്കിയ പദ്ധതിയായാണ് വിലയിരുത്തപ്പെടുന്നത്. 15 വര്‍ഷത്തിന് ശേഷം മുഖ്യമന്ത്രി സ്ഥാനാർഥി സ്ഥാനത്തേക്ക് മോദി ഇല്ലാതെയാണ് സംസ്ഥാനത്ത് ബിജെപി രംഗത്തിറങ്ങിയത്. ഇത് പാര്‍ട്ടിക്ക് തിരിച്ചടി ഉണ്ടാക്കുമെന്ന ആശങ്കകള്‍ ഉണ്ടാക്കുന്നുണ്ട്. കൂടാതെ മോദി 2014ല്‍ കേന്ദ്രത്തിലേക്ക് കുടിയേറിയതിന് ശേഷം സംസ്ഥാനത്ത് ബിജെപിക്ക് ശക്തനായ ഒരു നേതാവിന്റെ അഭാവവും ഉണ്ട്.

ഇതിനിടെ പട്ടേല്‍ സമരത്തിന് ശക്തി പകര്‍ന്ന ഹാര്‍ദിക് പാര്‍ട്ടിക്കെതിരെ സംസ്ഥാനത്ത് കരുനീക്കം നടത്തുന്നതും തിരഞ്ഞെടുപ്പില്‍ ബിജെപിക്ക് ക്ഷീണമാകും. ഹാര്‍ദിക് കോണ്‍ഗ്രസിന് പരോക്ഷമായ പിന്തുണ പ്രഖ്യാപിച്ചിരുന്നു. ഇതിന് പിന്നാലെയാണ് അറസ്റ്റ് വാറന്റ് പുറപ്പെടുവിച്ചത്.
പട്ടേൽ സമുദായത്തിന് സംവരണം വേണമെന്നാവശ്യപ്പെട്ട് ഹാർദിക് പട്ടേലിന്‍റെ നേതൃത്വത്തിലുള്ള പട്ടിദാർ അനാമത് ആന്തോളൻ സമിതി നടത്തിയ പ്രക്ഷോഭങ്ങളുടേ പേരിലാണ് ഇപ്പോള്‍ നടപടി.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook