ന്യൂഡൽഹി: അടുത്ത ആറ് മാസം കൊണ്ട് രാജ്യത്തെ ആറായിരം റെയിൽവേ സ്റ്റേഷനുകളിൽ കൂടി വൈഫൈ സൗകര്യം ഏർപ്പെടുത്തുമെന്ന് റെയിൽവേ വകുപ്പ് മന്ത്രി പിയൂഷ് ഗോയൽ. ഫെഡറേഷൻ ഓഫ് ഇന്ത്യൻ ചേംബേഴ്സ് ഓഫ് കൊമേഴ്‌സ് ആന്റ് ഇന്റസ്ട്രി സംഘടിപ്പിച്ച സ്മാർട് റെയിൽവേസ് കോൺക്ലേവിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

രാജ്യത്തെ ഏറ്റവും ഉൾപ്രദേശങ്ങളിൽ സാങ്കേതിക വിദ്യയുടെ സഹായം ഏർപ്പെടുത്താനാണ് സർക്കാർ ശ്രമിക്കുന്നത്. ഈ പ്രവർത്തനവുമായി ബന്ധപ്പെട്ട് റെയിൽവേ അന്തിമഘട്ടത്തിലാണ്. അടുത്ത ആറ് മുതൽ എട്ട് മാസത്തിനുളളിൽ രാജ്യത്തെ എല്ലാ സ്റ്റേഷനുകളിലും വൈഫൈ ഉറപ്പാക്കും. ഏതാണ്ട് ആറായിരത്തോളം സ്റ്റേഷനുകളിൽ ഇതോടെ വൈഫൈ കണക്ടിവിറ്റി ലഭിക്കും.

ട്രെയിൻ സർവ്വീസുകളുടെ കൃത്യനിഷ്ഠതയിൽ 74 ശതമാനം വരെ വളർച്ച നേടാനായതായി മന്ത്രി പറഞ്ഞു. “ഇത് സാങ്കേതിക വിദ്യയുടെ കൂടി സഹായത്തോടെ നേടിയതാണ്. മനുഷ്യപ്രയത്നത്തിലൂടെ ട്രെയിനുകളുടെ സമയക്രമം രേഖപ്പെടുത്തിയിരുന്നത് ഇപ്പോൾ ഡിജിറ്റൽ സംവിധാനത്തിലൂടെയാക്കി,” മന്ത്രി വിശദീകരിച്ചു.

“എല്ലാ ട്രെയിനുകളുടെയും എൻജിനുകളിൽ ഒരു ജിപിഎസ് ഡിവൈസ് ഘടിപ്പിക്കും. ഇപ്പോൾ ലഭിക്കുന്നതിലും കൃത്യമായി ട്രെയിൻ എവിടെയെത്തി എന്ന് അറിയാൻ യാത്രക്കാർക്ക് ഇതിലൂടെ സാധിക്കും.” റെയിൽവേ പ്രവർത്തനം കാര്യക്ഷമമാക്കുന്നതിലൂടെ 2 ബില്യൺ ഡോളർ ലാഭിക്കാൻ സാധിക്കുമെന്നും ഇത് പിന്നീട് യാത്രക്കാർക്ക് തന്നെ ഉപകാരപ്പെടുന്ന വിധത്തിൽ ഉപയോഗിക്കാൻ സാധിക്കുമെന്നും മന്ത്രി പറഞ്ഞു. “റെയിൽവേ കൂടുതൽ കാര്യക്ഷമമായാൽ സാധാരണക്കാർക്ക് മേൽ ബാധ്യത അടിച്ചേൽപ്പിക്കേണ്ടി വരില്ല” എന്നും മന്ത്രി കൂട്ടിച്ചേർത്തു.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook