ന്യൂഡല്‍ഹി: ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കിയതിന് ശേഷം കശ്മീരില്‍ നിന്നും 2500 പേരെ കസ്റ്റഡിയിലെടുത്തിരുന്നുവെന്ന് ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവല്‍. അവരില്‍ ഭൂരിഭാഗം പേരേയും വിട്ടയച്ചതായും ഡോവല്‍ പറഞ്ഞു.

”സുരക്ഷാ സേനകള്‍ കശ്മീരില്‍ നിന്നും 2500 പേരെ കസ്റ്റഡിയിലെടുത്തിരുന്നു, പ്രശ്‌നങ്ങള്‍ ഉണ്ടാക്കാന്‍ സാധ്യതയുള്ളവരായിരുന്നു അത്. അവരില്‍ ഭൂരിഭാഗം പേരേയും കൗണ്‍സലിങ്ങിന് ശേഷം വിട്ടയച്ചു” ഡോവല്‍ പറഞ്ഞു.

പിടികൂടിയവര്‍ക്കും അവരുടെ മാതാപിതാക്കള്‍ക്കും സര്‍ക്കാര്‍ കൗണ്‍സലിങ് നല്‍കിയെന്നും ശേഷം അവരെ വിട്ടയച്ചതായും അദ്ദേഹം പറഞ്ഞു. അതേസമയം തടവലില്‍ കഴിയുന്നവര്‍ക്കെതിരെ മൂന്നാം മുറ പ്രയോഗിച്ചിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.

താഴ്‌വരയില്‍ ആര്‍മിയുടെ അതിക്രമമില്ലെന്നും ജമ്മു കശ്മീര്‍ പൊലീസും സൈന്യവും കൃത്യമായി തന്നെ ജോലി ചെയ്യുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. ഇന്ത്യന്‍ ആര്‍മി കശ്മീരില്‍ നില്‍ക്കുന്നത് ഭീകരരെ നേരിടാനാണെന്നും ഡോവല്‍ വ്യക്തമാക്കി.

അതേസമയം, ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കിയ തീരുമാനത്തെ പിന്തുണയ്ക്കുന്നവരാണ് ഭൂരിഭാഗം കശ്മീരികളെന്ന് തനിക്ക് ബോധ്യപ്പെട്ടെന്നും അദ്ദേഹം പറഞ്ഞു. വലിയ അവസരങ്ങളും, നല്ല ഭാവിയും സാമ്പത്തിക പുരോഗതിയും തൊഴില്‍ അവസരങ്ങളുമാണ് കശ്മീരികള്‍ നീക്കത്തിലൂടെ കാണുന്നതെന്നും അദ്ദേഹം പറഞ്ഞു.

ജമ്മു കശ്മീരിലെ 199 പൊലീസ് സ്റ്റേഷനുകളില്‍ 10 ഇടത്ത് മാത്രമേ നിരോധനാജ്ഞ നിലനില്‍ക്കുന്നുള്ളുവെന്നും മറ്റ് ഇടങ്ങളില്‍ യാതൊരു നിയന്ത്രണമില്ലെന്നും ഡോവല്‍ പറഞ്ഞു. ലാന്റ് െൈലന്‍ കണക്ഷനുകള്‍ സാധാരണഗതിയിലായെന്നും ഡോവല്‍ കൂട്ടിച്ചേര്‍ത്തു.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook