ന്യൂഡൽഹി: വിദേശകാര്യ മന്ത്രാലയം (എംഇഎ) ഒരു ‘പ്രശ്ന ബാധിത പ്രദേശ’മായി കണ്ടിരുന്ന പോളണ്ട് അതിർത്തിയിലൂടെയുള്ള ഇന്ത്യക്കാരെ ഒഴിപ്പിക്കലിൽ നേരിയ പുരോഗതിയുള്ളതായി വിവരം. 2,000-ത്തോളം പേർ, കൂടുതലും വിദ്യാർത്ഥികൾ, ചൊവ്വാഴ്ച ഉച്ചയോടെ യുക്രൈനിൽ നിന്ന് പോളണ്ട് അതിർത്തി കടന്നു.
ഏകദേശം 1,700 ഇന്ത്യക്കാർ സുരക്ഷിതമായി പോളണ്ടിൽ എത്തിയതായി ഇന്ത്യയിലെ പോളണ്ട് അംബാസഡർ ആദം ബുറാക്കോവ്സ്കി ഇന്ത്യൻ എക്സ്പ്രസിനോട് പറഞ്ഞു. “ഇതിനകം ഏകദേശം നാല് ലക്ഷം ആളുകൾ പോളണ്ടിലെത്തി. റഷ്യൻ ആക്രമണത്തിൽ നിന്ന് രക്ഷപ്പെടാൻ ശ്രമിക്കുന്ന ആരെയും എത്ര ആളുകളെയും സ്വീകരിക്കാൻ പോളണ്ട് തയ്യാറാണ്. ഞങ്ങൾ അവരുടെ രാജ്യം ഏതെന്ന് നോക്കുന്നില്ല, ”അദ്ദേഹം കൂട്ടിച്ചേർത്തു.
എന്നിരുന്നാലും, നൂറുകണക്കിന് ഇന്ത്യൻ വിദ്യാർത്ഥികളാണ് കടുത്ത തണുപ്പിൽ പോളണ്ട് അതിർത്തിയിൽ കുടുങ്ങിക്കിടക്കുന്നത്, പ്രത്യേകിച്ച് ഷെഹിനി-മെഡിക അതിർത്തി ചെക്ക്പോസ്റ്റിൽ. ഇവിടങ്ങളിൽ യുക്രൈൻ, പോളിഷ് അതിർത്തി സേന വിവേചനം കാണിക്കുന്നുണ്ടെന്ന് പല ആരോപണങ്ങളും ഉയരുന്നുണ്ട്. എന്നാൽ അത്തരം വാർത്തകളെ ബുറാക്കോവ്സ്കി പൂർണമായും നിഷേധിച്ചു.
“ഇത് തികച്ചും വ്യാജമാണ്. ഞങ്ങൾ ഒരു വിവേചനവും കാണിക്കുന്നില്ല. വരുന്ന എല്ലാവരെയും ഞങ്ങൾ സ്വീകരിക്കുന്നു. വിസയില്ലാതെ ഇന്ത്യക്കാർക്ക് പ്രവേശിക്കാൻ ഞങ്ങൾ അനുമതി നൽകിയിട്ടുണ്ട്, ”അദ്ദേഹം പറഞ്ഞു.
എന്നിരുന്നാലും, ധാരാളം ആളുകളെ ഒഴിപ്പിക്കുന്നതിൽ “ലോജിസ്റ്റിക് പ്രശ്നങ്ങൾ” ഉണ്ടെന്നും അംബാസഡർ സമ്മതിച്ചു. “ലക്ഷക്കണക്കിന് ആളുകൾ അതിർത്തിയിൽ കാത്തിരിക്കുന്നു എന്നതാണ് സ്ഥിതി. ഇരു രാജ്യങ്ങളുടെയും (യുക്രൈൻ-പോളണ്ട്) അതിർത്തി സേന സഹായിക്കാൻ സാധ്യമായതെല്ലാം ചെയ്യുന്നുണ്ട്. പക്ഷേ അത്രയും വലിയ ജനക്കൂട്ടമാണ്. ഒരു ലക്ഷം പേരോട് അഞ്ച് മിനിറ്റിനുള്ളിൽ അതിർത്തി കടക്കാൻ നിങ്ങൾക്ക് പറയാനാവില്ല. അതിന് കാത്തിരിക്കേണ്ടി വരും , പക്ഷേ ഞങ്ങൾക്കാവുന്നതെല്ലാം ഞങ്ങൾ ചെയ്യുന്നു,” ബുറകോവ്സ്കി പറഞ്ഞു.
ഇൻഡിഗോ എയർലൈൻസിന്റെ രണ്ട് വിമാനങ്ങളിലായി ഏകദേശം 450 ഇന്ത്യക്കാർ ഇന്ന് പോളണ്ടിൽ നിന്ന് ഇന്ത്യയിലേക്ക് എത്തുമെന്നാണ് ഇന്ത്യൻ എക്സ്പ്രസ് അറിയുന്നത്.
Also Read: Russia-Ukraine Crisis: 53 മലയാളി വിദ്യാർഥികൾകൂടി രാജ്യത്തേക്കു മടങ്ങിയെത്തി