ന്യൂഡൽഹി: ആത്മഹത്യാ പ്രേരണാ കുറ്റത്തിൽ അറസ്റ്റിലായ റിപ്പബ്ലിക് ടിവി മേധാവി അർണബ് ഗോസ്വാമിക്ക് ജാമ്യം അനുവദിച്ച് സുപ്രീം കോടതി. ജാമ്യം ലഭിച്ച അർണബിനെ തലോജ സെൻട്രൽ ജയിലിൽ നിന്ന് മോചിപ്പിച്ചു.

ജാമ്യാപേക്ഷ തള്ളിയ ബോംബെ ഹൈക്കോടതി ഉത്തരവിൽ കടുത്ത അതൃപ്തി രേഖപ്പെടുത്തിയാണ് സുപ്രീംകോടതി അർണബിന് ജാമ്യം അനുവദിച്ചത്. വ്യക്തിസ്വാതന്ത്ര്യം നിഷേധിക്കുന്ന കാര്യങ്ങളിൽ ഹൈക്കോടതികൾ വേണ്ടത്ര നടപടിയെടുക്കുന്നില്ലെന്നും ഒരു ഭരണഘടനാ കോടതി ഇടപെടുന്നില്ലെങ്കിൽ, നാം നാശത്തിന്റെ പാതയിലാണെന്നും സുപ്രീം കോടതി പറഞ്ഞു. അർണബിന്റെ ജാമ്യാപേക്ഷ പരിഗണിക്കുന്നതിൽ ബോംബെ ഹെെക്കോടതിക്ക് തെറ്റ് പറ്റിയെന്നും സുപ്രീം കോടതി വിമർശിച്ചു.

അർണബിനൊപ്പം അറസ്റ്റിലായ മറ്റുള്ളവർക്കും സുപ്രീം കോടതി ജാമ്യം അനുവദിച്ചു. അർണബ് അടക്കമുള്ളവർക്ക് 50,000 രൂപ ബോണ്ടിന്റെ പുറത്താണ് ജാമ്യം അനുവദിച്ചിരിക്കുന്നത്.

“വ്യക്തിപരമായ സ്വാതന്ത്ര്യം നിഷേധിക്കപ്പെടുന്ന കാര്യങ്ങളിൽ ഭരണഘടനാ കോടതികളായ ഹൈക്കോടതികൾ വേണ്ടത്ര പ്രവർത്തിക്കാത്തതിൽ സുപ്രീംകോടതിക്ക് അതൃപ്തിയുണ്ട്…” ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ് പറഞ്ഞു. “ഈ കോടതി ഇന്ന് ഇടപെടുന്നില്ലെങ്കിൽ, നാം വ്യക്തിഗത സ്വാതന്ത്ര്യത്തിന്റെ നാശത്തിന്റെ പാതയിലാണ് സഞ്ചരിക്കുന്നത് എന്നത് നിഷേധിക്കാനാവാത്തതാണ്… സംസ്ഥാന സർക്കാരിർ വ്യക്തികളെ ഈ രീതിയിൽ ലക്ഷ്യമിടുന്നുവെങ്കിൽ, സുപ്രീം കോടതി ഇവിടെ ഉണ്ടെന്ന് ഒരു സന്ദേശം അയയ്‌ക്കാം,” അദ്ദേഹം കൂട്ടിച്ചേർത്തു.

Read More: വാർത്താ വെബ്‌സൈറ്റുകൾക്കും ഒടിടി പ്ലാറ്റ്‌ഫോമുകൾക്കും നിയന്ത്രണമേർപ്പെടുത്തി കേന്ദ്രം

മുംബൈ ഹൈക്കോടതിയുടെ ഉത്തരവിനെ ചോദ്യം ചെയ്ത് അർണബ് ഗോസ്വാമി സമർപ്പിച്ച ഹർജിയാണ് ജസ്റ്റിസുമാരായ ചന്ദ്രചൂഡ് ഇന്ദിര ബാനർജി എന്നിവരടങ്ങിയ അവധിക്കാല ബഞ്ച് പരിഗണിച്ചത്.

മഹാരാഷ്ട്ര സർക്കാരിന് വേണ്ടി ഹാജരായ മുതിർന്ന അഭിഭാഷകൻ കപിൽ സിബലിനോട്, ആത്മഹത്യാ പ്രേരണാ കുറ്റമായി കണക്കാക്കുന്നതിന് കേസിൽ എന്തെങ്കിലും സജീവമായ പ്രോത്സാഹനമോ പ്രേരണയോ ഉണ്ടോ എന്ന് ജസ്റ്റിസ് ചന്ദ്രചൂഡ് ചോദിച്ചു. “അല്ലെങ്കിൽ ഗുരുതരമായ പ്രത്യാഘാതങ്ങൾ നോക്കുക. നമ്മൾ വ്യക്തി സ്വാതന്ത്ര്യത്തിലാണ് ഇടപെടുന്നത്,” ജസ്റ്റിസ് ചന്ദ്രചൂഡ് പറഞ്ഞു. ഇന്ത്യയുടെ ജനാധിപത്യം അസാധാരണമാംവിധം പ്രതിരോധശേഷിയുള്ളതാണെന്നും മഹാരാഷ്ട്ര സർക്കാർ ടിവിയിലെ അർണബിന്റെ പരിഹാസങ്ങൾ അവഗണിക്കണമെന്നും അദ്ദേഹം പറഞ്ഞു.

അഭിഭാഷകനായ ഹരീഷ് സാൽവെയാണ് അർണബിനായി കോടതിയിൽ ഹാജരായത്. അർണബിനെതിരെ പകവീട്ടാനുള്ള ഒരു പുകമറ മാത്രമാണ് ഈ കേസെന്ന് അദ്ദേഹം വാദിച്ചു.

“അർണബ് ഗോസ്വാമിക്കെതിരായ ആരോപണം രേഖകളിൽ നിന്ന് കണ്ടെത്താൻ കഴിയുന്ന പണം തടഞ്ഞുവച്ചു എന്നതാണ്. കസ്റ്റഡി ചോദ്യം ചെയ്യലിന്റെ ആവശ്യകത എന്താണ്? അദ്ദേഹ ഒരു പാഠം പഠിപ്പിക്കുന്നതിനുള്ള ഒരു പുകമറ മാത്രമാണ്,” സാൽവെ പറഞ്ഞു.

മൂന്ന് വർഷം പഴക്കമുള്ള എഫ്ഐആറിന്റെ അടിസ്ഥാനത്തിലാണ് ഗോസ്വാമിയെ അറസ്റ്റ് ചെയ്തതെന്ന് സാൽവെ വാദിച്ചു.

“അതും ദീപാവലി ആഴ്ചയിൽ അദ്ദേഹത്തെ തലോജ ജയിലിൽ നിന്ന് മാറ്റുന്നു. സംസ്ഥാന സർക്കാർ എന്താണ് ചെയ്യാൻ ശ്രമിക്കുന്നത് എന്ന കാര്യത്തിൽ യാതൊരു സംശയവുമില്ല.” പുനരന്വേഷണത്തിനുള്ള അധികാരം മഹാരാഷ്ട്ര സർക്കാർ തെറ്റായി ഉപയോഗിക്കുന്നുവെന്നും അദ്ദേഹം ആരോപിച്ചു.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook