മുംബൈ:ആത്മഹത്യാ പ്രേരണക്കേസിൽ റിപ്പബ്ലിക് ടിവി എഡിറ്റർ ഇൻ ചീഫ് അർണബ് ഗോസ്വാമിയുടെ ഇടക്കാല ജാമ്യാപേക്ഷ ബോംബെ ഹൈക്കോടതി തള്ളി. ജസ്റ്റിസുമാരായ എസ്എസ് ഷിൻഡെ, എംഎസ് കാർണിക് എന്നിവരുടെ ഡിവിഷൻ ബെഞ്ചാണ് അർണബിനും മറ്റു പ്രതികളായ നിതീഷ് സർദ, ഫിറോസ് ഷെയ്ക്ക് എന്നിവർക്കും ജാമ്യം നിഷേധിച്ചത്.

സി‌ആർ‌പി‌സിയിലെ 439-ാം വകുപ്പ് പ്രകാരം പ്രതികൾക്ക് ജാമ്യത്തിനായി സെഷൻസ് കോടതിയെ സമീപിക്കാൻ പ്രതികൾക്ക് തടസ്സമില്ലെന്നും കോടതി വ്യക്തമാക്കി.

ഈ വിധിക്ക് മുന്നോടിയായി ഗോസ്വാമിയും രണ്ട് കൂട്ടുപ്രതികളും സാധാരണ ജാമ്യത്തിനായി അലിബാഗ് സെഷൻസ് കോടതിയിൽ അപേക്ഷ സമർപ്പിച്ചിരുന്നു.

സെൽ‌ഫോൺ ഉപയോഗിച്ചെന്നാരോപിച്ച് അർനബ് ഗോസ്വാമിയെ ഞായറാഴ്ച രാവിലെ നവി മുംബൈയിലെ തലോജ സെൻട്രൽ ജയിലിലേക്ക് മാറ്റിയിരുന്നു.

2018 ൽ അഅലിബാഗിലെ ഇന്റീരിയര്‍ ഡിസൈനര്‍ അന്‍വേ നായിക്കിന്റെയും അദ്ദേഹത്തിന്റെ അമ്മയുടെയും ആത്മഹത്യയുമായി ബന്ധപ്പെട്ടാണ് നവംബർ 4 ന് അർണബ് ഗോസ്വാമിയെ അറസ്റ്റ് ചെയ്തത്. അറസ്റ്റിലായ ഗോസ്വാമിയെ പ്രാദേശിക ജയിൽ അധികൃതർ നടത്തുന്ന മുനിസിപ്പൽ സ്‌കൂളിലെ ക്വാറന്റൈൻ കേന്ദ്രത്തിലേക്ക് അയച്ചു. അർണബിനെ അറസ്റ്റുചെയ്ത ശേഷം പോലീസ് സെൽഫോൺ പിടിച്ചെടുത്തിരുന്നു.

ക്വാറന്റൈൻ സെന്ററിനുള്ളിൽ അർണബ് മൊബൈൽ ഫോൺ ഉപയോഗിച്ചതായി റായ്ഗഡ് ജില്ലാ പോലീസിന്റെ ലോക്കൽ ക്രൈംബ്രാഞ്ചിലെ ഇൻസ്പെക്ടർ ജമീൽ ഷെയ്ഖ് പറഞ്ഞു. സോഷ്യൽ മീഡിയയിൽ തന്റെ അവസ്ഥയെക്കുറിച്ച് അപ്‌ഡേറ്റുകൾ നൽകാൻ അദ്ദേഹം വെള്ളിയാഴ്ച ഫോൺ ഉപയോഗിച്ചു. ശനിയാഴ്ചയാണ് ഞങ്ങൾ ഇതിനെക്കുറിച്ച് അറിഞ്ഞത്. അദ്ദേഹം ആരുടെ ഫോൺ ഉപയോഗിച്ചുവെന്ന് കണ്ടെത്താൻ ഞങ്ങൾ അന്വേഷണം നടത്തുകയാണ്,” അദ്ദേഹം കൂട്ടിച്ചേർത്തു.

ഇടക്കാല ജാമ്യാപേക്ഷ സംബന്ധിച്ച തീരുമാനത്തിന് മുന്നോടിയായി അർണബ് ജുഡീഷ്യൽ കസ്റ്റഡിയിൽ തുടരുകയാണ്. ഇന്ന് ഉച്ച കഴിഞ്ഞാണ് അർണബിന്റെ ജാമ്യാപേക്ഷ പരിഗണിക്കുന്നത്.

ക്വാറന്റൈൻ കേന്ദ്രത്തിൽ വെച്ച് തന്നെ ആക്രമിച്ചുവെന്ന് അർ​ണബ് ആരോപിക്കുന്ന ഒരു വീഡിയോ റിപ്പബ്ലിക് ടിവി പുറത്തുവിട്ടിരുന്നു. “എന്റെ അഭിഭാഷകരുമായി സംസാരിക്കാൻ എനിക്ക് അനുവാദമില്ല, എന്റെ ജീവൻ അപകടത്തിലാണ്. ഇന്ന് രാവിലെ എന്നെ ഉന്തിയിട്ടു. 6 മണിക്ക്, അവർ എന്നെ ഉണർത്തി, അഭിഭാഷകരോട് സംസാരിക്കാൻ എന്നെ അനുവദിക്കില്ലെന്ന് അവർ പറഞ്ഞു. ദയവായി രാജ്യത്തെ ജനങ്ങളോട് പറയുക, എന്റെ ജീവൻ അപകടത്തിലാണ്. എന്റെ ജീവൻ അപകടത്തിലാണ്, എന്നെ സഹായിക്കാൻ കോടതികളോട് പറയുക. എന്നെ ജയിലിൽ അടിച്ചതായി കോടതിയോട് പറയുക. ”

ജയിലുകൾക്കുള്ളിലും ക്വാറന്റൈൻ കേന്ദ്രങ്ങളിലും തടവുകാർക്ക് വീഡിയോ കോളിംഗ്, കോയിൻ ബോക്സ് സൗകര്യങ്ങൾ അധികൃതർ ഏർപ്പെടുത്തിയിട്ടുണ്ടെന്ന് സംസ്ഥാന ജയിലുകൾ വക്താവ് പറഞ്ഞു. “അലിബാഗ് ക്വാറന്റൈൻ സെന്ററിൽ, ജയിൽ വകുപ്പ് നൽകിയ ഒരു സ്മാർട്ട് ഫോൺ ഒരു ഗാർഡിനെ ഏൽപ്പിച്ചിരിക്കുന്നു, ഇത് തടവുകാർക്ക് അവരുടെ അഭിഭാഷകരുമായും കുടുംബാംഗങ്ങളുമായും ബന്ധപ്പെടാൻ അത് ഉപയോഗിക്കാം,” അദ്ദേഹം പറഞ്ഞു. മാറ്റിപ്പാർപ്പിക്കുന്നതിനിടെ ജയിൽ ഉദ്യോഗസ്ഥർ തന്നെ ആക്രമിച്ചുവെന്ന ഗോസ്വാമിയുടെ ആരോപണം വക്താവ് നിഷേധിച്ചു.

തലോജ സെൻട്രൽ ജയിലിൽ നേരത്തേ നാല് തടവുകാർക്ക് കോവിഡ് -19 സ്ഥിരീകരിച്ചിരുന്നു. അവരിൽ രണ്ടുപേർ മരിച്ചു. എന്നിരുന്നാലും, നിലവിൽ ഒരു അന്തേവാസിക്കും രോഗമില്ല.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook