/indian-express-malayalam/media/media_files/uploads/2021/01/arnab.jpg)
മുംബൈ: റിപ്പബ്ലിക് ടിവി സിഇഒ അർണബ് ഗോസ്വാമിക്കെതിരെ ഗുരുതര ആരോപണവുമായി ബാർക് മുൻ സിഇഒ പാർഥോ ദാസ് ഗുപ്ത. ചാനലിന് അനുകൂലമായി റേറ്റിങ് കൈകാര്യം ചെയ്തതിന് പകരമായി മൂന്നുവർഷത്തിനിടെ 40 ലക്ഷം രൂപ ലഭിച്ചുവെന്നും കുടുംബവുമായി വിദേശരാജ്യങ്ങളിൽ രണ്ട് തവണ അവധി ആഘോഷിക്കാൻ 12,000 യുഎസ് ഡോളർ നൽകിയെന്നും മുംബൈ പൊലീസിന് നൽകിയ മൊഴിയിൽ പാർഥോ പറഞ്ഞു.
ജനുവരി 11 ന് മുംബൈ പൊലീസ് സമർപ്പിച്ച 3,600 പേജുള്ള കുറ്റപത്രത്തിലാണ് ഇക്കാര്യങ്ങൾ പറയുന്നത്. ബാർക് ഫൊറന്‍സിക് ഓഡിറ്റ് റിപ്പോർട്ട്, പാർഥോ ദാസ് ഗുപ്തയും അർണബ് ഗോസ്വാമിയും തമ്മിലുളള വാട്സാപ്പ് ചാറ്റുകൾ, മുൻ കൗൺസിൽ ജീവനക്കാരുടേയും കേബിൾ ഓപ്പറേറ്റർമാരുടേയും ഉൾപ്പടെ 59 പേരുടെ മൊഴികൾ എന്നിവ അടങ്ങിയതാണ് കുറ്റപത്രം.
Read More: വൈറലായ വാക്സിനേഷൻ വീഡിയോ വ്യാജം; വിശദീകരണവുമായി കർണാടക ആരോഗ്യ മന്ത്രി
റിപ്പബ്ലിക് ടിവി, ടൈംസ് നൗ, ആജ് തക് തുടങ്ങിയ വാർത്താചാനലുകളുടെ പേരുകൾ, റേറ്റിങ്ങിൽ കൃത്രിമം കാണിച്ചതിന്റെ വിവരങ്ങളും ചാനലുകൾക്ക് വേണ്ടി ബാർക്കിന്റെ ഉന്നത ഉദ്യോഗസ്ഥർ റേറ്റിങ്ങുകൾ മുൻകൂട്ടി തയ്യാറാക്കിയതും ഓഡിറ്റ് റിപ്പോർട്ടിലുണ്ട്.
ദാസ് ഗുപ്ത, മുൻ ബാർക് സിഇഒ റോമിൽ രാംഗർഹിയ, റിപ്പബ്ലിക് മീഡിയ നെറ്റ്‌വർക്ക് സിഇഒ വികാസ് ഖഞ്ചന്ദാനി എന്നിവർക്കെതിരെയാണ് അനുബന്ധ കുറ്റപത്രം സമർപ്പിച്ചത്. 2020 നവംബറിൽ 12 പേർക്കെതിരെ ആദ്യം കുറ്റപത്രം ഫയൽ ചെയ്തിരുന്നു. രണ്ടാമത്തെ കുറ്റപത്രമനുസരിച്ച് 2020 ഡിസംബർ 27-ന് ക്രൈം ഇന്റലിജൻസ് യൂണിറ്റിന്റെ ഓഫീസിൽ വച്ച് വൈകുന്നേരം 5.15ന് രണ്ടുസാക്ഷികളുടെ സാന്നിധ്യത്തിലാണ് പാർഥോ ദാസ് ഗുപ്തയുടെ മൊഴി രേഖപ്പെടുത്തിയിരിക്കുന്നത്.
“എനിക്ക് 2004 മുതൽ അർണബ് ഗോസ്വാമിയെ അറിയാം. ഞങ്ങൾ ടൈംസ് നൗവിൽ ഒരുമിച്ച് പ്രവർത്തിച്ചിട്ടുണ്ട്. ഞാൻ 2013 ൽ ബാർക്കിൽ സിഇഒ ആയി ചേർന്നു. അർണബ് ഗോസ്വാമി 2017 ൽ റിപ്പബ്ലിക് ആരംഭിച്ചു. റിപ്പബ്ലിക് ടിവി ആരംഭിക്കുന്നതിനു മുമ്പുതന്നെ അദ്ദേഹം എന്നോട് ലോഞ്ചിന്റെ പദ്ധതികളെക്കുറിച്ച് സംസാരിക്കുമായിരുന്നു. കൂടാതെ തന്റെ ചാനലിന്റെ റേറ്റിങ് നിലനിർത്താൻ സഹായിക്കുന്നതിനെക്കുറിച്ച് പരോക്ഷമായി സൂചന നൽകുകയും ചെയ്തിട്ടുണ്ട്. ടിആർപി സംവിധാനം എങ്ങനെ പ്രവർത്തിക്കുന്നുവെന്ന് എനിക്കറിയാം എന്ന കാര്യം ഗോസ്വാമിക്ക് നന്നായി അറിയാമായിരുന്നു. ഭാവിയിൽ എന്നെ സഹായിക്കുമെന്നും അദ്ദേഹം സൂചിപ്പിച്ചു.”
"റിപ്പബ്ലിക് ടിവിക്ക് നമ്പർ 1 റേറ്റിങ് ലഭിക്കുന്നതിന് വേണ്ടി ഞാനും എന്റെ സംഘവും ടിആർപി റേറ്റിങ്ങിൽ കൃത്രിമം നടത്തി. 2017 മുതൽ 2019 വരെ ഇപ്രകാരം ചെയ്തു. 2017-ൽ ലോവർ പരേലിലെ സെന്റ് റെജിസ് ഹോട്ടലിൽ വച്ച് അർണബ് ഗോസ്വാമി ഞാനുമായി സ്വകാര്യമായി കൂടിക്കാഴ്ച നടത്തുകയും കുടുംബവുമായി ഫ്രാൻസ്-സ്വിറ്റ്സർലൻഡ് യാത്ര നടത്തുന്നതിനായി എനിക്ക് ആറായിരം യുഎസ് ഡോളർ നൽകുകയും ചെയ്തു. 2019ൽ വീണ്ടും സെന്റ് റെജിസ് ഹോട്ടലിൽ വച്ച് സ്വകാര്യ കൂടിക്കാഴ്ച നടത്തി. കുടുംബവുമൊന്നിച്ചുളള സ്വീഡൻ-ഡെൻമാർക്ക് യാത്രക്കായി എനിക്ക് ആറായിരം യുഎസ് ഡോളർ നൽകുകയും ചെയ്തു. 2017-ൽ ഐടിസി പരേൽ ഹോട്ടലിൽ വച്ച് കൂടിക്കാഴ്ച നടത്തുകയും എനിക്ക് 20 ലക്ഷം രൂപ നൽകുകയും ചെയ്തു. 2018ലും 19ലും ഐടിസി ഹോട്ടലിൽ വച്ച് കൂടിക്കാഴ്ച നടത്തി. ഓരോ തവണയും പത്തുലക്ഷം രൂപ വീതം എനിക്ക് അദ്ദേഹം നൽകി," പാർഥോ ദാസ് ഗുപ്തയുടെ മൊഴിയിൽ പറയുന്നു.
എന്നാൽ പാർഥോ ദാസ് ഗുപ്തയുടെ അഭിഭാഷകൻ അർജുൻ സിങ് ഈ ആരോപണങ്ങൾ പൂർണമായും നിഷേധിച്ചു. “ഈ ആരോപണം ഞങ്ങൾ പൂർണ്ണമായും നിഷേധിക്കുന്നു. ഇത് അദ്ദേഹത്തെ കൊണ്ട് നിർബന്ധിച്ച് പറയിച്ച് റെക്കോർഡ് ചെയ്ത കാര്യങ്ങളാണ്. കോടതിയിൽ ഇത് സ്ഥാപിക്കാൻ യാതൊരു തെളിവുകളുമില്ല.”
എന്നാൽ അർണബ് ഗോസ്വാമിയുടെ നിയംസംഘം ഇക്കാര്യത്തിൽ പ്രതികരിക്കാൻ തയ്യാറായില്ല. എന്നാൽ താൻ തെറ്റുകളൊന്നും ചെയ്തിട്ടില്ലെന്നും തന്നോട് പകപോക്കുകയാണെന്നും അർണബ് ആവർത്തിച്ചു.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.