മാധ്യമ പ്രവർത്തകൻ അർണാബ് ഗോസ്വാമിയുടെ നേതൃത്വത്തിലുളള ചാനൽ റിപ്പബ്ലിക് ടിവി സംപ്രേക്ഷണം തുടങ്ങി. ചാനലിനായി ക്ഷയോടെ കാത്തിരുന്നവർക്കും ചാനൽ തുടങ്ങാനുളള കാരണങ്ങളും വ്യക്തമാക്കിയുളള അർണാബ് ഗോസ്വാമിയുടെ സംഭാഷത്തോടെയാണ് സംപ്രേക്ഷണം ആരംഭിച്ചത്.

”എനിക്കെതിരെ വക്കീൽ നോട്ടീസ് വന്നപ്പോഴും നിങ്ങളെല്ലാം എന്നെ പിന്തുണച്ചു. ആ പിന്തുണയിൽ ഞാൻ ഭാഗ്യവാനാണ്. നിങ്ങളുടെ വിശ്വാസത്തിനും സ്നേഹത്തിനുമായി ഞങ്ങൾ ഈ ചാനൽ സമർപ്പിക്കുന്നു”വെന്നും അർണാബ് പറഞ്ഞു. ”സ്വതന്ത്രമായ രാജ്യത്ത് സ്വതന്ത്രമായി പ്രവർത്തിക്കുന്ന ചാനലാണിത്. ഇനി ഞാൻ എവിടേക്കും പോകില്ലെന്ന് നിങ്ങൾക്ക് ഉറപ്പു തരുന്നു”വെന്ന് പറഞ്ഞാണ് അർണാബ് സംഭാഷണം അവസാനിപ്പിച്ചത്.

ആർജെഡി നേതാവ് ലാലു പ്രസാദ് യാദവും കൊലപാതകക്കുറ്റത്തിന് ജയിലിൽ കഴിയുന്ന സയിദ് ഷഹാബുദ്ദീനും തമ്മിലുളള ടെലിഫോൺ സംഭാഷണം സംപ്രേക്ഷണം ചെയ്തുകൊണ്ടാണ് റിപ്പബ്ലിക് ടിവി ചാനൽ തങ്ങളുടെ വരവറിയിച്ചത്.

ടൈംസ് നൗ ചാനലിൽ രാത്രി ഒൻപതു മണിക്ക് സംപ്രേക്ഷണം ചെയ്തിരുന്ന ‘ദ് ന്യൂസ് അവർ’ എന്ന ഷോയിലൂടെയാണ് അർണാബ് ഗോസ്വാമി ഏവർക്കും സുപരിചിതനായി മാറിയത്. കഴിഞ്ഞ നവംബറിൽ അദ്ദേഹം ചാനലിൽനിന്നും രാജിവച്ചു. കൊൽക്കത്തയിലെ ‘ദ് ടെലിഗ്രാഫ്’ പത്രത്തിലൂടെയാണ് അർണാബ് മാധ്യമപ്രവർത്തന രംഗത്തേക്ക് എത്തിയത്. അവിടെനിന്നും പിന്നീട് എൻഡിടിവിയിലേക്ക് പോയി. 2006 ൽ ‘ടൈംസ് നൗ’ തുടങ്ങുന്ന സമയത്ത് ചാനലിന്റെ എഡിറ്റർ ഇൻ ചീഫായിരുന്നു. ചാനലിലെ ന്യൂസ് അവർ ഷോയിലൂടെയാണ് അർണാബ് കൂടുതൽ സുപരിചിതനായത്. തന്റേതായ ശൈലിയിലൂടെ ഷോയ്ക്ക് അദ്ദേഹം നിരവധി പ്രേക്ഷകരെ നേടിയെടുത്തു. ‘ഫ്രാങ്കിലി സ്പീക്കിങ് വിത് അർണാബ് ഗോസ്വാമി’ എന്നൊരു ഷോയും അദ്ദേഹം അവതരിപ്പിച്ചിരുന്നു. പ്രധാനമന്ത്രി നരേന്ദ്ര മോദി, കോൺഗ്രസ് ഉപാധ്യക്ഷ്യൻ രാഹുൽ ഗാന്ധി തുടങ്ങി നിരവധി പ്രമുഖരെ അദ്ദേഹം ഈ ഷോയിലൂടെ അഭിമുഖം നടത്തിയിട്ടുണ്ട്.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ