scorecardresearch
Latest News

അന്വേഷണം റദ്ദാക്കണം, വിട്ടയക്കണം; അർണബ് ഗോസ്വാമിയുടെ ഹർജി ഇന്ന് പരിഗണിക്കും

മഹാരാഷ്‌ട്ര പൊലീസ് തന്നെ അറസ്റ്റ് ചെയ്‌തത് അന്യായമാണെന്ന് ഹർജിയിൽ അർണബ് പറഞ്ഞിട്ടുണ്ട്. ഭരണഘടനാ അവകാശങ്ങളുടെ ലംഘനവും വ്യക്തിസ്വാതന്ത്ര്യത്തിന്റെ നിഷേധവുമാണ് അർണബിന്റെ അറസ്റ്റെന്ന് ഹർജിയിൽ ചൂണ്ടിക്കാട്ടുന്നു

അന്വേഷണം റദ്ദാക്കണം, വിട്ടയക്കണം; അർണബ് ഗോസ്വാമിയുടെ ഹർജി ഇന്ന് പരിഗണിക്കും

മുംബൈ: തനിക്കെതിരായ ആത്മഹത്യാ പ്രേരണക്കുറ്റം റദ്ദാക്കണം, ജുഡീഷ്യൽ കസ്റ്റഡിയിൽ നിന്നു വിട്ടയക്കണം തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ച് റിപ്പബ്ലിക് ടിവി എഡിറ്റർ അർണബ് ഗോസ്വാമി സമർപ്പിച്ച ഹർജി മുംബൈ ഹൈക്കോടതി ഇന്ന് പരിഗണിക്കും.

14 ദിവസത്തെ ജുഡീഷ്യൽ കസ്റ്റഡിയിലാണ് അർണബ് ഇപ്പോൾ. അർണബിന്റെ ഹേബിയസ് കോർപ്പസ് അടിയന്തരമായി കേൾക്കണമെന്നായിരുന്നു ഇന്നലെ ഹൈക്കോടതിയോട് ആവശ്യപ്പെട്ടത്. എന്നാൽ, ഹർജിയിൽ വിശദമായി വാദം കേൾക്കാൻ ഇന്നത്തേക്ക് മാറ്റിവയ്‌ക്കുകയായിരുന്നു. ജസ്റ്റിസ് എസ്.ഷിൻഡെ അധ്യക്ഷനായ ബഞ്ചാണ് കേസിൽ വാദം കേൾക്കുക. അർണബിന് പറയാനുള്ള കാര്യങ്ങൾ പൂർണമായി കേൾക്കാമെന്ന് കോടതി ഇന്നലെ ഉറപ്പുനൽകിയിരുന്നു. തന്നെ അടിയന്തരമായി വിട്ടയക്കണം, റായ്‌ഗഡ് പൊലീസിന്റെ അന്വേഷണം റദ്ദാക്കണം തുടങ്ങിയ ആവശ്യങ്ങളാണ് അർണബ് ഉന്നയിച്ചിരിക്കുന്നത്.

അലിബാഗ് മജിസ്‌ട്രേറ്റ് കോടതിയാണ് അർണബിനെ 14 ദിവസത്തെ ജുഡീഷ്യൽ കസ്റ്റഡിയിൽ വിടാൻ ഉത്തരവിട്ടത്. പൊലീസ് കസ്റ്റഡി അപേക്ഷ കോടതി തള്ളി.

മഹാരാഷ്‌ട്ര പൊലീസ് തന്നെ അറസ്റ്റ് ചെയ്‌തത് അന്യായമാണെന്ന് ഹെെക്കോടതിയിൽ സമർപ്പിച്ച ഹർജിയിൽ അർണബ് പറഞ്ഞിട്ടുണ്ട്. ഭരണഘടനാ അവകാശങ്ങളുടെ ലംഘനവും വ്യക്തിസ്വാതന്ത്ര്യത്തിന്റെ നിഷേധവുമാണ് അർണബിന്റെ അറസ്റ്റെന്ന് ഹർജിയിൽ ചൂണ്ടിക്കാട്ടുന്നു.

മുംബൈ പൊലീസിലെ ഇരുപതോളം ഉദ്യോഗസ്ഥർ ചേർന്ന് അർണബിനെ വീട്ടിൽ നിന്നു ബലംപ്രയോഗിച്ച് പിടിക്കുകയായിരുന്നെന്നും അദ്ദേഹത്തെ വാഹനത്തിൽ തള്ളികയറ്റുകയായിരുന്നെന്നും ഹർജിയിലുണ്ട്. മഹാരാഷ്‌ട്ര സർക്കാരിനെതിരെ വാർത്തകൾ ചെയ്‌തതിലുള്ള പ്രതിഷേധമാണ് അർണബിനെതിരെ നടപടിയെടുക്കാൻ കാരണമെന്നും ഇതിൽ പറയുന്നു.

Read Also: അർണബ് ഗോസാമി വാചക കസർത്ത് കുറയ്ക്കണമെന്ന് ഡൽഹി ഹൈക്കോടതി

അതേസമയം, അർണബിനെതിരെ കുരുക്ക് മുറുക്കുകയാണ് മഹാരാഷ്ട്ര പൊലീസ്. ഇന്നലത്തെ പൊലീസ് നടപടിക്കിടെ വനിതാ ഉദ്യോഗസ്ഥയെ കയ്യേറ്റം ചെയ്‍തെന്ന പരാതിയില്‍ പുതിയ കേസെടുത്തു. അര്‍ണബിനൊപ്പം ഭാര്യയെയും മകനെയും മറ്റ് രണ്ട് കുടുംബാംഗങ്ങളെയും പ്രതിചേര്‍ത്തു.

അലിബാഗിലെ ഇന്റീരിയര്‍ ഡിസൈനര്‍ അന്‍വേ നായിക്കിന്റെയും അദ്ദേഹത്തിന്റെ അമ്മയുടെയും ആത്മഹത്യയുമായി ബന്ധപ്പെട്ടാണ് അർണബ് ഗോസ്വാമിയെ ഇന്നലെ അറസ്റ്റ് ചെയ്തത്. ഫിറോസ് ഷെയ്ഖ്, നിതേഷ് സർദ എന്നിവരാണ് അറസ്റ്റിലായ മറ്റു രണ്ടുപേർ.

അറസ്റ്റിനു പിന്നാലെ അർണബിനെ അലിബാഗിലെ കോടതിയിൽ ഹാജരാക്കിയിരുന്നു. പൊലീസ് തന്നെ ഉപദ്രവിച്ചതായും കൈക്കും പുറത്തും പരുക്കേറ്റതായും അർണബ് കോടതിയിൽ പറഞ്ഞു. സിവിൽ സർജന്റെ അടുത്തുകൊണ്ടുപോയി പരിശോധിപ്പിച്ച ശേഷം വീണ്ടും ഹാജരാക്കാൻ പൊലീസിനോട് മജിസ്ട്രേറ്റ് ഉത്തരവിടുകയായിരുന്നു. പൊലീസ് തന്നെ ശാരീരികമായി ഉപദ്രവിച്ചതായി കസ്റ്റഡിയിലെടുക്കുന്ന സമയത്ത് അർണബ് പറഞ്ഞിരുന്നു. അര്‍ണബിനെ ബലംപ്രയോഗിച്ച് പൊലീസ് വാനില്‍ കയറ്റുന്നതിന്റെ ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്.

അർണബിന്റെ അറസ്റ്റിൽ എഡിറ്റേഴ്‌സ് ഗിൽഡ് ഞെട്ടൽ രേഖപ്പെടുത്തി. സംഭവം അടിയന്തരാവസ്ഥാ ദിനങ്ങളുടെ ഓർമപ്പെടുത്തലാണെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായും വാർത്താവിതരണ പ്രക്ഷേപണ മന്ത്രി പ്രകാശ് ജാവദേക്കറും പറഞ്ഞു. “മഹാരാഷ്ട്രയിലെ മാധ്യമ സ്വാതന്ത്ര്യത്തിനെതിരായ ആക്രമണത്തെ ഞങ്ങൾ അപലപിക്കുന്നു. പത്രമാധ്യമങ്ങളോട് ഇങ്ങനെയല്ലെ പെരുമാറേണ്ടത്. ഇത് അടിയന്തരാവസ്ഥാ ദിനങ്ങളെ ഓർമിപ്പിക്കുന്നു,” ജാവ്ദേക്കർ ട്വീറ്റ് ചെയ്തു. “അർണബിനെ പിന്തുണക്കാത്ത സ്വതന്ത്ര മാധ്യമങ്ങൾ, ഇപ്പോൾ തന്ത്രപരമായി ഫാസിസത്തെ പിന്തുണയ്ക്കുന്നു,” കേന്ദ്രമന്ത്രി സ്മൃതി ഇറാനി ട്വീറ്റ് ചെയ്തു.

അര്‍ണബ് ഗോസ്വാമിയെ അറസ്റ്റ് ചെയ്തത് സ്വതന്ത്ര പത്രപ്രവര്‍ത്തകനും സ്വതന്ത്ര മാധ്യമസ്ഥാപനത്തിനുമെതിരായ വലിയ പ്രതികാര നടപടിയുടെ ഭാഗമാണെന്നു റിപ്പബ്ലിക് ടിവി പ്രസ്താവനയില്‍ ആരോപിച്ചു.

അതേസമയം, അർണബിന്റെ അറസ്റ്റിൽ സന്തോഷമുണ്ടെന്ന് അൻവേ നായിക്കിന്റെ കുടുംബം പ്രതികരിച്ചു. ” അർണബിനെതിരായ പരാതി പിൻവലിക്കാൻ ആഗ്രഹിക്കുന്നുവെന്ന പ്രസ്താവനയിൽ ഒപ്പിടാൻ ഞങ്ങളോട് ആവശ്യപ്പെട്ടു. അത് ആഗ്രഹിക്കുന്നില്ലെന്ന് പറയുകയും പ്രസ്താവനയുടെ ഫോട്ടോയെടുക്കാൻ ശ്രമിക്കുകയും ചെയ്തു. ഓഫീസർ വർദേ പെട്ടെന്ന് ഞങ്ങളിൽനിന്നു കുറിപ്പ് പെട്ടെന്നു പിടിച്ചെടുത്തു. ഇക്കാര്യം ഞങ്ങൾ റായ്‌ഗഡ് എസ്‌പിയെ അറിയിച്ചു,” കുടുംബം പറഞ്ഞു.

ആത്മഹത്യാക്കുറിപ്പ് ഇല്ലാത്ത സുശാന്ത് സിങ് രജപുത് ആത്മഹത്യാ കേസിൽ അറസ്റ്റ് ചെയ്യണമെന്നാണ് അർണബ് ഗോസ്വാമി പറഞ്ഞത്. അർണബിന്റെയും മറ്റു രണ്ടു പേരുടെയും പേര് ആത്മഹത്യാക്കുറിപ്പിൽ പരാമർശിച്ച് എന്റെ ഭർത്താവ് വിട്ടുപോയെങ്കിലും ആരെയും അറസ്റ്റ് ചെയ്തിട്ടില്ല. ഇത് എങ്ങനെ ന്യായമാകും? ” അൻവേ നായിക്കിന്റെ ഭാര്യ ചോദിച്ചു.

പ്പബ്ലിക് ടിവി കുടിശ്ശിക അടയ്ക്കാത്തതാണ് തന്റെ പിതാവിനെയും മുത്തശ്ശിയെയും ആത്മഹത്യയിലേക്ക് നയിച്ചതെന്ന് നായിക്കിന്റെ മകൾ അദ്ന്യ ആരോപിച്ചു. കേസ് നടപടികൾ കഴിഞ്ഞ വർഷം റായ്ഗഡ് പൊലീസ് അവസാനിപ്പിച്ചിരുന്നു. എന്നാൽ സംസ്ഥാന സിഐഡി കേസ് വീണ്ടും അന്വേഷിക്കുമെന്ന് ഈ വർഷം മേയിൽ മഹാരാഷ്ട്ര ആഭ്യന്തരമന്ത്രി അനിൽ ദേശ്മുഖ് പറഞ്ഞിരുന്നു.

Stay updated with the latest news headlines and all the latest News news download Indian Express Malayalam App.

Web Title: Arnab goswami judicial custody maharashtra government mumbai police