ഇടക്കാല ജാമ്യാപേക്ഷ ബോംബെ ഹൈക്കോടതി നിരസിച്ചതിന് പിറകേ സുപ്രീം കോടതിയെ സമീപിച്ച് റിപ്പബ്ലിക് ടിവി എഡിറ്റർ ഇൻ ചീഫ് അർണബ് ഗോസ്വാമി. തിങ്കളാഴ്ചയാണ് അർണബിന്റെ ജാമ്യാപേക്ഷ ബോംബെ ഹൈക്കോടതി തള്ളിയത്. ഇതിന് പിറകെ ചൊവ്വാഴ്ച അദ്ദേഹം ഇടക്കാല ജാമ്യം തേടി സുപ്രീം കോടതിയെ സമീപിക്കുകയായിരുന്നു.

സംസ്ഥാന സർക്കാരിനുപുറമെ, പത്രപ്രവർത്തകൻ അലിബാഗ് പോലീസ് സ്റ്റേഷനിലെ സ്റ്റേഷൻ ഹൗസ് ഓഫീസർമാരെയും മുംബൈ പോലീസ് കമ്മീഷണർ പരം ബിർ സിംഗിനെയും കക്ഷികളാക്കിയാണ് പരമോന്നത കോടതിയിൽ അർണബ് അപ്പീൽ സമർപിച്ചത്.

ആത്മഹത്യാ പ്രേരണക്കേസിൽ റിപ്പബ്ലിക് ടിവി എഡിറ്റർ ഇൻ ചീഫ് അർണബ് ഗോസ്വാമിയുടെ ഇടക്കാല ജാമ്യാപേക്ഷയാണ് ബോംബെ ഹൈക്കോടതി തള്ളിയത്. ജസ്റ്റിസുമാരായ എസ്എസ് ഷിൻഡെ, എംഎസ് കാർണിക് എന്നിവരുടെ ഡിവിഷൻ ബെഞ്ചാണ് അർണബിനും മറ്റു പ്രതികളായ നിതീഷ് സർദ, ഫിറോസ് ഷെയ്ക്ക് എന്നിവർക്കും ജാമ്യം നിഷേധിച്ചത്.

സി‌ആർ‌പി‌സിയിലെ 439-ാം വകുപ്പ് പ്രകാരം പ്രതികൾക്ക് ജാമ്യത്തിനായി സെഷൻസ് കോടതിയെ സമീപിക്കാൻ പ്രതികൾക്ക് തടസ്സമില്ലെന്നും കോടതി വ്യക്തമാക്കിയിരുന്നു.

മുതിർന്ന അഭിഭാഷകരായ ഹരീഷ് സാൽവേയും ആബാദ് പോണ്ടയുമാണ് ഗോസ്വാമിയെ പ്രതിനിധീകരിച്ച് ഹൈക്കോടതിയിൽ ഹാജരായത്. അറസ്റ്റ് തികച്ചും നിയമവിരുദ്ധമാണെന്ന് അഭിഭാഷകർ വാദിച്ചിരുന്നു.

ഈ വിധിക്ക് മുന്നോടിയായി ഗോസ്വാമിയും രണ്ട് കൂട്ടുപ്രതികളും സാധാരണ ജാമ്യത്തിനായി അലിബാഗ് സെഷൻസ് കോടതിയിൽ അപേക്ഷ സമർപ്പിച്ചിരുന്നു.

സെൽ‌ഫോൺ ഉപയോഗിച്ചെന്നാരോപിച്ച് അർനബ് ഗോസ്വാമിയെ ഞായറാഴ്ച രാവിലെ നവി മുംബൈയിലെ തലോജ സെൻട്രൽ ജയിലിലേക്ക് മാറ്റിയിരുന്നു.

2018 ൽ അഅലിബാഗിലെ ഇന്റീരിയര്‍ ഡിസൈനര്‍ അന്‍വേ നായിക്കിന്റെയും അദ്ദേഹത്തിന്റെ അമ്മയുടെയും ആത്മഹത്യയുമായി ബന്ധപ്പെട്ടാണ് നവംബർ 4 ന് അർണബ് ഗോസ്വാമിയെ അറസ്റ്റ് ചെയ്തത്. അറസ്റ്റിലായ ഗോസ്വാമിയെ പ്രാദേശിക ജയിൽ അധികൃതർ നടത്തുന്ന മുനിസിപ്പൽ സ്‌കൂളിലെ ക്വാറന്റൈൻ കേന്ദ്രത്തിലേക്ക് അയച്ചു. അർണബിനെ അറസ്റ്റുചെയ്ത ശേഷം പോലീസ് സെൽഫോൺ പിടിച്ചെടുത്തിരുന്നു.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook