ശ്രീനഗര്‍: ജമ്മു കശ്മീരില്‍ റമദാനോട് അനുബന്ധിച്ച് സമാധാനം പുനസ്ഥാപിക്കാനായി നടത്തിയ ഇഫ്താര്‍ സംഗമത്തിനിടെ സൈന്യം വെടിവെപ്പ് നടത്തി. 15നും 17നും ഇടയിലുളള നാല് പെണ്‍കുട്ടികള്‍ക്ക് വെടിയേറ്റു. ഇവരെ അടുത്തുളള ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. രണ്ട് സഹോദരിമാര്‍ അടക്കമുളളവര്‍ക്കാണ് പരുക്കേറ്റത്.

ഷോപ്പിയാന്‍ ജില്ലയിലെ ഡികെ പുരയിലാണ് സൈന്യം നോമ്പുതുറ സംഘടിപ്പിച്ചത്. പ്രദേശത്ത് സമാധാനം പുനസ്ഥാപിക്കാനായി കേന്ദ്രം വെടിനിര്‍ത്തല്‍ പ്രഖ്യാപിച്ചതിന് പിന്നാലെയായിരുന്നു സൈന്യത്തിന്റെ നടപടി. എന്നാല്‍ നോമ്പുതുറയ്ക്കിടെ ചിലര്‍ പ്രശ്നം സൃഷ്ടിച്ചതാണ് വെടിവെപ്പിലേക്ക് നയിച്ചതെന്നാണ് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. ഇഫ്താറില്‍ വിളമ്പിയ ബിരിയാണി വേണ്ടെന്ന് ചിലര്‍ നിലപാട് സ്വീകരിച്ചതാണ് പ്രശ്നത്തിന്റെ തുടക്കമെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. ഇതിനെതിരെ പ്രതിഷേധിച്ച ചിലര്‍ സൈന്യത്തിന് നേരെ കല്ലേറ് നടത്തിയതായി പറയപ്പെടുന്നു.

ഇതിനെ തുടര്‍ന്നാണ് സൈന്യം വെടിവെപ്പ് നടത്തിയതെന്നും റിപ്പോര്‍ട്ടുണ്ട്. അഖ്സ ജാന്‍, ഷോബി ജാന്‍ എന്നീ കുട്ടികളുടെ പരുക്ക് ഗുരുതരമാണ്. സഹോദരിമാരായ ഷാക്കിറ അക്തര്‍ (17), ഷാഫി ജാന്‍ (15) എന്നിവര്‍ക്ക് കാലിലാണ് പരുക്കേറ്റത്. സുരക്ഷാ സേനയും പ്രദേശവാസികളും തമ്മില്‍ ഏറ്റവും മോശമായ ബന്ധമാണ് വര്‍ഷങ്ങളായി കശ്മീരില്‍ നിലനില്‍ക്കുന്നത്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook