ബതീന്ദ്ര (പഞ്ചാബ്): ഇന്ത്യൻ ആർമി ഉദ്യോഗസ്ഥരുടെ ഭാര്യമാർ തമ്മിലുണ്ടായ വഴക്ക് പ്രധാനമന്ത്രിയുടെ ഓഫിസ് വരെയെത്തി. ബതീന്ദ മിലിറ്ററി സ്റ്റേഷനിൽ ആർമി വൈവ്സ് വെൽഫെയർ അസോസിയേഷൻ (AWWA) സംഘടിപ്പിച്ച പരിപാടിയിലാണ് സൈനിക ഉദ്യോഗസ്ഥരുടെ ഭാര്യമാർ തമ്മിൽ കലഹം ഉണ്ടായതെന്ന് ഇന്ത്യാ ടുഡേ റിപ്പോർട്ട് ചെയ്തു. കമാൻഡിങ് ഓഫിസറുടെ ഭാര്യ ലഫ്റ്റനന്റ് കേണലിന്റെ ഭാര്യയെ പരസ്യമായി അധിക്ഷേപിക്കുകയും തുടർന്ന് തല്ലുകയുമായിരുന്നു.

നിരവധി ആർമി ഉദ്യോഗസ്ഥരും ജവാന്മാരും നോക്കിനിൽക്കവേയായിരുന്നു സംഭവം. മുതിർന്ന ഉദ്യോഗസ്ഥർ സംഭവത്തിന് പരിഹാരം ഉണ്ടാക്കാൻ ശ്രമിച്ചുവെങ്കിലും നടന്നില്ല. അധിക്ഷേപത്തിനിരയായ ലഫ്റ്റനന്റ് കേണലിന്റെ ഭാര്യ സംഭവത്തിൽ പ്രധാനമന്ത്രിയുടെ ഓഫിസിൽ പരാതി നൽകി. ആഭ്യന്തര മന്ത്രാലയത്തിനും ദേശീയ മനുഷ്യാവകാശ കമ്മിഷനും വനിതാ കമ്മിഷനും സിബിഐയ്ക്കും പഞ്ചാബ് ഡിജിപിക്കും ഇതുസംബന്ധിച്ച പരാതി നൽകിയിട്ടുണ്ട്. പ്രധാനമന്ത്രിയുടെ ഓഫിസ് ആർമി ഹെഡ്ക്വാർട്ടേഴ്സിനോട് സംഭവത്തിൽ റിപ്പോർട്ട് തേടിയിട്ടുണ്ട്.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ