ബെംഗളുരു: യഥാര്‍ത്ഥ നിയന്ത്രണ രേഖ(എല്‍എസി)യില്‍ ഇന്ത്യന്‍ സൈന്യം ശക്തമായ പ്രതിരോധ നില നിലനിര്‍ത്തുകയാണെന്നും ഏത് ആകസ്മിക സാഹചര്യവും നേരിടാന്‍ സജ്ജമാണെന്നും കരസേനാ മേധാവി ജനറല്‍ മനോജ് പാണ്ഡെ. ബെംഗളുരുവില്‍ 75-ാമതു കരസേനാ ദിന പരിപാടിയെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
വടക്കന്‍ അതിര്‍ത്തി പ്രദേശം സമാധാനപരമായി തുടരുകയാണെന്ന് അദ്ദേഹം പറഞ്ഞു. അതിര്‍ത്തിയിലെ അടിസ്ഥാന സൗകര്യങ്ങളില്‍ കാര്യമായ പുരോഗതി ഉണ്ടായിട്ടുണ്ട്. പ്രാദേശിക സര്‍ക്കാരിന്റെയും മറ്റ് ഏജന്‍സികളുടെയും കൂട്ടായ പരിശ്രമം മൂലമാണ് ഇത് സാധ്യമായതെന്നും അദ്ദേഹം പറഞ്ഞു.
നിയന്ത്രണരേഖയില്‍ പാക്കിസ്ഥാനുമായുള്ള വെടിനിര്‍ത്തല്‍ കരാര്‍ തുടരുകയാണെന്നും വെടിനിര്‍ത്തല്‍ ലംഘനങ്ങള്‍ ഗണ്യമായി കുറഞ്ഞിട്ടുണ്ടെന്നും പടിഞ്ഞാറന്‍ അതിര്‍ത്തിയിലെ സ്ഥിതിഗതികളെക്കുറിച്ച് സംസാരിക്കവെ അദ്ദേഹം പറഞ്ഞു. എന്നാല്‍ അതിര്‍ത്തിക്കപ്പുറത്ത് ഭീകരതയുടെ അടിസ്ഥാന സൗകര്യങ്ങള്‍ ഇപ്പോഴും നിലനില്‍ക്കുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
സജീവമായി തുടരാന്‍ ലക്ഷ്യമിട്ട് നിരവധി നിഴല്‍ ഭീകര സംഘടനകള്‍ കൊലപാതകങ്ങള്‍ അവലംബിക്കുന്നതു നിരീക്ഷിച്ച അദ്ദേഹം, അത്തരം ശ്രമങ്ങളെ മറ്റു സുരക്ഷാ സേനകളുമായി ചേര്‍ന്നു പരാജയപ്പെടുത്തുമെന്നു പറഞ്ഞു.

നമ്മുടെ നുഴഞ്ഞുകയറ്റ വിരുദ്ധ സംവിധാനം അവിടെ നിന്നുള്ള നുഴഞ്ഞുകയറ്റത്തെ തുടര്‍ച്ചയായി പരാജയപ്പെടുത്തുകയാണ്്. സുരക്ഷാ സേനയുടെ ശ്രമങ്ങള്‍ കാരണം അക്രമങ്ങളില്‍ കുറവുണ്ടായിട്ടുണ്ട്.
സേനയുടെ പുനസംഘടനയ്ക്കും മനുഷ്യശേഷിയെ ഫലപ്രദമായി ഉപയോഗിക്കുന്നതിനും വേണ്ടിയുള്ള ശ്രമങ്ങളുടെ ഭാഗമായി, സൈന്യം തങ്ങളുടെ പോരാട്ട യൂണിറ്റുകളെ കൂടുതല്‍ ശക്തിയുള്ള സംയോജിത യുദ്ധ ഗ്രൂപ്പുകളായി മാറ്റാനുള്ള പ്രക്രിയയിലാണ്. ആള്‍ശക്തി പ്രധാനമായ സേനയില്‍നിന്ന് സാങ്കേതികവിദ്യയെ അടിസ്ഥാനമാക്കിയുള്ള ശക്തിയാകുകയെന്നതാണു നമ്മുടെ ലക്ഷ്യമെന്നും അദ്ദേഹം പറഞ്ഞു.
ഇതാദ്യമായാണ് രാജ്യതലസ്ഥാനത്ത് സൈനിക ദിന പരേഡ് നടക്കാത്തത്.