ന്യൂഡല്‍ഹി: അരുണാചല്‍ പ്രദേശില്‍ ഹിമപാതത്തില്‍ കരസേനയുടെ ഏഴ് ജവാന്മാരെ കാണാതായി. കമേങ് സെക്ടറില്‍ ഞായറാഴ്ചയാണു സംഭവം. ജവാന്മാരെ കണ്ടെത്താന്‍ തിരച്ചില്‍ തുടരുകയാണെന്നു സൈന്യം അറിയിച്ചു.
കാമെങ് സെക്ടറിലെ ഉയര്‍ന്ന പ്രദേശത്ത് പട്രോളിങ്ങിനെത്തിയ സൈനികരാണ് ഹിമപാതത്തില്‍ കുടുങ്ങിയത്. തിരച്ചില്‍ നടന്നുകൊണ്ടിരിക്കുകയാണെന്നും രക്ഷാപ്രവര്‍ത്തനങ്ങളില്‍ സഹായിക്കാന്‍ പ്രത്യേക സംഘങ്ങളെ എയര്‍ലിഫ്റ്റ് ചെയ്തിട്ടുണ്ടെന്നും സൈന്യം അറിയിച്ചു. പ്രദേശത്ത് കുറച്ചുദിവസങ്ങളായി കനത്ത മഞ്ഞുവീഴ്ചയ്ക്കൊപ്പം പ്രതികൂല കാലാവസ്ഥയാണ്് അനുഭവപ്പെടുന്നതെന്നു സൈന്യം അറിയിച്ചു.
ഉയര്‍ന്ന പ്രദേശങ്ങളില്‍ ശൈത്യകാലത്ത് പട്രോളിങ് നടത്തുന്നത് വളരെ പ്രയാസമുള്ള കാര്യമാണ്. നേരത്തെ ഇത്തരം സംഭവങ്ങളില്‍ കരസേനയ്ക്കു ജവാന്മാരെ നഷ്ടപ്പെട്ടിട്ടുണ്ട്. പട്രോളിങ്, മഞ്ഞുവീഴ്ച മാറ്റല്‍ പ്രവര്‍ത്തനങ്ങളുടെ ഭാഗമായിരുന്ന രണ്ട് സൈനികര്‍ 2020 മേയില്‍ സിക്കിമിലെ ഹിമപാതത്തില്‍ മരിച്ചിരുന്നു.
കഴിഞ്ഞ വര്‍ഷം ഒക്ടോബറില്‍ ഉത്തരാഖണ്ഡിലെ ത്രിശൂല്‍ പര്‍വതത്തില്‍ പര്യവേഷണത്തിനായി പോയ അഞ്ച് നാവികസേനാംഗങ്ങള്‍ ഹിമപാതത്തില്‍ കുടുങ്ങി. ഇവരുടെ മൃതദേഹാവശിഷ്ടങ്ങള്‍ പിന്നീട് കണ്ടെടുത്തു. 2019ല്‍ സിയാച്ചിന്‍ ഹിമാനപാനിയില്‍ ഹിമപാതവും മഞ്ഞു വീഴ്ചയും മൂലം ആറ് സൈനിക ഉദ്യോഗസ്ഥരും മറ്റിടങ്ങളില്‍ സമാനമായ സംഭവങ്ങളില്‍ 11 പേരും മരിച്ചതായി സര്‍ക്കാര്‍ 2020 ഫെബ്രുവരിയില്‍, പാര്‍ലമെന്റിനെ അറിയിച്ചിരുന്നു.
ഉയര്‍ന്ന പ്രദേശങ്ങളില്‍ വിന്യസിച്ചിരിക്കുന്ന എല്ലാ സായുധ സേനാംഗങ്ങള്‍ക്കും മൗണ്ടന്‍ ക്രാഫ്റ്റ്, ഐസ് ക്രാഫ്റ്റ്, പര്‍വതങ്ങളിലെ ഹിമപാതങ്ങളിലെ അതിജീവനം, ഹിമപാതങ്ങള്‍ പോലുള്ള ഏത് സാഹചര്യങ്ങളെ നേരിടാനും മെഡിക്കല്‍ അത്യാഹിതങ്ങള്‍ കൈകാര്യം ചെയ്യാനും മതിയായ പരിശീലനം നല്‍കുന്നുണ്ടെന്നും സര്‍ക്കാര്‍ പറഞ്ഞിരുന്നു.